Friday, 10 October 2014

ആ പ്രണയനർത്തകി ഞാനായിരുന്നു..
ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന സമയം പതിവില്ലാതെ ഒരു ഉച്ച നേരത്ത് ഹെഡ്മിസ്ട്രെസ്സ് സിസ്റ്റർ  ആൻടോണിയ  ക്ലാസ്സ് മുറിയിലേക്ക് കയറി വന്നു ഒപ്പം ഉണ്ടായിരുന്ന പൊക്കം കുറഞ്ഞ, .ഇടതുർന്ന മുടിയും നീണ്ട  നഖങ്ങളും ഉള്ള വ്യെക്തിയെ  പുതിയ മലയാളം ടീച്ചർ ശ്രീകുമാരി  എന്ന് പറഞ്ഞു പരിചയപെടുത്തി .സ്കൂൾ വിട്ടു പോയ മറ്റൊരു ടീച്ചർന് പകരംഅധ്യന വർഷം പകുതി ആയപ്പോൾ ആണ് ശ്രീകുമാരി ടീച്ചർ എത്തിയത്. 

തൃക്കാക്കര സെൻറ് ജോസഫസ് കോണ്വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥികൾ ആയ ഞങ്ങൾക്ക്  മലയാളം ക്ലാസ്സ്നോട് വലിയതാല്പര്യം ഉണ്ടായിരുനില്ല ഇംഗ്ലീഷിൽ മാത്രം ആശയവിനിമയം നടത്തുന്ന ഞങ്ങൾ മലയാളംക്ലാസ്സിൽ മാത്രം ആണ് മാതൃഭാഷ  സംസാരിക്കുക.മിക്കവാറും ഏറ്റവും അവസാനത്തെ പീരീട്ആയിരിക്കും എന്നത് കൊണ്ടും വായിക്കാൻ പോലും വിഷമമേറിയ പദ്യഭാഗങ്ങൾ കാണാപാഠം പഠിക്കേണ്ടി  വന്നതുംകൊണ്ടും  ഒക്കെ മലയാളംക്ലാസ്സ് വളരെ ബോർ  ആയി തോന്നിയിരുന്നു.ശ്രീകുമാരി ടീച്ചർനെ ക്ലാസ്സിൽ ആക്കി സിസ്റ്റർതിരിച്ചു പോയി .ഞങ്ങളോടെല്ലാം പേര് ചോദിച്ച ടീച്ചർ മലയാളം പാഠപുസ്തകം എടുക്കാൻ ആവശ്യപെട്ടു വലിയ താല്പര്യം ഒന്നും ഇല്ലാതെ ബുക്ക് തുറന്ന ഞങ്ങളോട് ഇന്ന്"കാവ്യനർത്തകി" എന്നാ  ചങ്ങമ്പുഴ കവിതയാണ് പഠിപ്പിക്കാൻ   പോകുന്നതെന്ന് പറഞ്ഞ ടീച്ചർ. 

"കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി,
കാഞ്ചനകാഞ്ചി കുലുങ്ങിക്കുലുങ്ങി”
എന്ന് തുടങ്ങുന്ന കാവ്യനർത്തകിയുടെ  വരികൾഉച്ചത്തിൽ ചൊല്ലി വിവരിച്ചു തന്നു . ആ കവിതയുടെ ഈണവും താളവും  ഞങ്ങളുടെ മനസുകളിലേക്കും കുളിർ തെന്നൽ പോലെ പടർന്നിറങ്ങി .മലയാളകവിത നർത്തകി ആയി ആടുന്നത് ഞങ്ങളിൽ വിസയമുണ്ടാക്കി. 

മലയാളം ക്ലാസും  സ്കൂളും വിട്ടു വീട്ടിൽഎത്തിയിട്ടും കാവ്യനർത്തകി  എന്റെ മനസ്സിൽകാഞ്ചന കാന്തി  വിടർത്തി  മായാതെ നിന്നു..അന്ന്ഞങ്ങൾ ഇടപ്പള്ളിയിൽ ആണ് താമസം .ചങ്ങമ്പുഴപാർക്ക് ,ചങ്ങമ്പുഴ ലൈബ്രറി , ചങ്ങമ്പുഴ സമാധി എന്നിവയുടെ ഏതാണ്ട് മധ്യത്തിൽ  ആയിരുന്നു വീട്.വീടിനു മുൻപിൽ ഉള്ള  ഇടപള്ളി  സ്കൂൾനകത്ത് കൂടി പോയാൽ സമാധിയിൽ എത്താം വീട്ടിൽ നിന്നു രണ്ടു മിനിറ്റ് നടന്നാൽചങ്ങമ്പുഴ ലൈബ്രറി എത്താം .സ്കൂൾ ബസ് കയറാൻപോകുന്നത് ചങ്ങമ്പുഴ പാർക്ക്ന് മുന്നിലും.ചങ്ങമ്പുഴ വായനശാല പുതിക്കി പണിതപ്പോൾ അതിന്ടെ കോണ്ട്രാക്ടർ  എന്റെ ഡാഡി ആയിരുന്നു . ഒരു വിളിപാട് അകലെ ഉണ്ടായിരുന്നിട്ടും    "താമരത്താരുകൾപോൽ തത്തീയ ലയഭംഗിയെ"വർണിച്ച കവിയെ ശ്രദ്ധിക്കാതെ പോയതിൽ എനികന്ന് അതിയായ വിഷമം ഉണ്ടായി. 

മുൻപൊരിക്കലും ഒരു കവിതയോടും തോന്നാത്ത ഒരു പ്രത്യേക താല്പര്യം എനിക്ക് കാവ്യനർത്തകിയോട് തോന്നി .ആവേശത്തോടെ ഞാൻ ആ കവിത ഈണത്തിൽ പാടി പഠിക്കാൻ  ശ്രമിച്ചു,പഠനത്തിനിടയിൽ എപ്പോഴോ ചങ്ങമ്പുഴയോട് എനിക്ക് കലശലായ   പ്രണയം തോന്നി തുടങ്ങി . പിന്നീട്  എപ്പോഴോ എന്റെ കൂടെ കൈ പിടിച്ചു നടന്നു  പാട്ട് പാടി നൃത്തം ചെയുന്ന ചെയുന്ന സ്നേഹഗയകാനായി അദ്ദേഹം മാറി . ആ ഗായകനോപ്പം താളത്തിൽ  നൃത്തം ചെയ്യാൻ ആ കാലത്ത് നൃത്തവും വയലിനും പഠിച്ചു ഞാൻ  .ഞാൻ ഡാൻസ് പഠിക്കണമെന്ന് എന്റെ മമ്മി വല്ലാതെ ആഗ്രഹിച്ചിരുനെങ്കിലും അതിൽ നിന്ന് ഒഴിഞ്ഞു മാറി നടന്നിരുന്ന എന്നിലെ പ്രകടമായ മാറ്റം മമ്മിയെ ഞെട്ടിച്ചു .

  ദാരിദ്രതിന്ടെ നടുവിലും മനസ്സ് മുഴുവൻ കവിതയുമായി നടന്ന ചങ്ങമ്പുഴയെ കുറിച്ച് ഞാൻ കൂടുതൽ പഠിച്ചു. 1911 ഒക്ടോബർ 11-ന് ജനിച്ചു- 1948 ജൂണ് 17-ന് മുപ്പത്തി ഏഴാം വയസ്സിൽ  മരിക്കുമ്പോൾ  കവിതകളും ഖണ്ഡകാവ്യങ്ങളും പരിഭാഷകളുമടക്കം 57 ഉദാത്തമായ കൃതികൾ   മലയാളത്തിന് നല്കി .ദുഖം ,പ്രണയം,വിരഹം,ഏകാന്തത എന്നിങ്ങനെ ജീവിതത്തിലെ എല്ലാ ഭാവങ്ങളും താളാത്മകമായി എഴുതിയ  കവി .ചുരുങ്ങിയ കാലയളവില് ജീവിച്ച് വലിയ കാര്യങ്ങള് പറഞ്ഞ് പോയ മഹാൻ . ലളിതമായ വാക്കുകൾ കൊണ്ട് താളാത്മകമായി എഴുതിയ കവിതകൾ .അതിൽ എവിടെയും സങ്കല്പ മാധുര്യവും ശുഭപ്രതീക്ഷയും നിറഞ്ഞ് നിൽക്കുന്നു.

സ്കൂളിൽ ചെറിയ പ്രണയങ്ങൾ  മുള പൊട്ടി തുടങ്ങിയ   കാലമായിരുന്നു അത് .  കൂട്ടുകാർക്ക് കിട്ടുന്ന പ്രണയ   ലേഖനങ്ങൾ ഒന്നിച്ചു വായിച്ചും സംഘം ചേർന്ന് ചർച്ച ചെയത്   മറുപടി എഴുതിയും മുന്നോട്ട്  നീങ്ങിയ കാലം .പ്രിയപ്പെട്ട ചങ്ങമ്പുഴക്ക്  എന്ന് തുടങ്ങുന്ന നിരവധി പ്രണയ ലേഖനങ്ങൾ ഈ കാലത്ത് ഞാൻ എഴുതി കൂടിയിട്ടുണ്ട് ..ഈ കത്തുകൾ  കൂട്ടുകാരെ കാണിച്ചപ്പോൾ അവരെന്നെ പരിഹാസപത്രമാക്കി, മരിച്ചു പോയ ഒരാൾക്ക് കത്ത് എഴുതുന്നതുംപ്രണയിക്കുന്നതും ഭ്രാന്ത് ആണ് എന്ന്പറഞ്ഞു ആക്ഷേപിച്ചു . ദുഖം സഹിക്കാതെ ആ  മഹാഗായകൻ അന്ത്യവിശ്രമം കൊള്ളുന്ന സമാധിയിൽ പോയി പരാതി  പറയാൻ ഞാൻ തീരുമാനിച്ചു.  

വീട്ടിൽ നിന്ന്  സ്കൂളിലേക്ക് അല്ലാതെ  ഒറ്റയ്ക്ക് പുറത്തു പോകാൻ  ഞങ്ങൾക്ക്  അനുവാദം ഉണ്ടായിരുന്നില്ല  ..എനിക്കാണെങ്കിൽ സ്മാരകം വരെ പോയെ മതിയാകു..എല്ലാത്തിനും കൂട്ട് നിന്നിരുന്ന അനിയനോട് ഇ കാര്യം അവതരിപ്പിച്ചു .ചെടികൾക്ക് വളം ഇടാൻ ചാണകം എടുക്കാൻ സ്കൂൾ പറമ്പിൽ പോകുന്നു എന്ന് നുണ പറഞ്ഞു ഇറങ്ങാം എന്ന് ഞങ്ങൾ തീരുമാനിച്ചു . 

ഞങ്ങളുടെ വീട്ടിൽ അന്ന് ധാരാളം ചെടികൾ ഉണ്ടായിരുന്നു മുൻവശത്ത് ആറു പൈൻ മരങ്ങൾ,റോസ്,ചെത്തി,മുല്ല ,നാലുമണി പൂവ് ,ജമ്മതി  ,പല  വർണ്ണങ്ങളിൽ  ഉള്ള അലങ്കാര ചെടികൾ  മാവ്,സപോട്ട   ജാംബക്ക മരങ്ങൾ വേറെയും..വളം എടുക്കാൻ എന്ന്  നുണ പറഞ്ഞു   ഞങൾ സമാധിയിൽ എത്തി  ..കൂടുകാരുടെ കളിയാക്കലും മറ്റും ഓർത്തപ്പോൾ എന്റെ കണ്ണ് നിറഞ്ഞു ..ഞാൻ മനസ്സ് കൊണ്ട് അദ്ദേഹത്തോട് എന്റെ പരിഭവങ്ങൾ പറഞ്ഞു തീർത്തു.. അപ്പോൾ അദ്ദേഹത്തിന്ടെ "സ്പന്ദിക്കുന്ന അസ്ഥിമാടം"എന്ന കവിതയിലെ ചില വരികൾ എന്റെ മനസ്സിൽ മുഴങ്ങി   

മണ്ണടിഞ്ഞു ഞാ,നെങ്കിലുമിന്നും
എന്നണുക്കളി, ലേവ,മോരോന്നും,
ത്വൽപ്രണയസ്മൃതികളുലാവി
സ്വപ്നനൃത്തങ്ങളാടുന്നു, ദേവി!....'
അതെനിക്ക് ആശ്വാസമായി. പിന്നീടു അവിടെ പോകുന്നത് ഞാനും അനിയനും പതിവാക്കി.

ഉറ്റ ചങ്ങാതി ആയ  ഇടപള്ളി രാഘവ മേനോന്ടെ മരണത്തിൽ മനം നൊന്തു  ആണ് "രമണൻ "എഴുതിയതെന്നു മനസിലാക്കിയപ്പോൾ രാഘവ മേനോനോണ്ട് എനിക്ക് ഒടുങ്ങാത്ത പക തോന്നി ,“  എന്നോടുള്ള ചങ്ങമ്പുഴയുടെ സ്നേഹം  മറ്റാർക്കെങ്കിലും പകുത്തു നല്കുന്നത്  എനിക്ക് സഹിക്കാൻ ആകുമായിരുന്നില്ല . 

മലരണി കാടുകൾ തിങ്ങിവിങ്ങി,
മരതകകാന്തിയിൽ മുങ്ങിമുങ്ങി,
കരളും മിഴിയും കവർന്നുമിന്നി
കറയറ്റൊരാലസൽ ഗ്രാമഭംഗി"
എന്ന വരികളിളുടെ  ഗ്രാമഭംഗി ശരിക്കും ആസ്വദിക്കാൻ എനിക്കായി .

"മനസ്വിനി " വായിച്ചപ്പോൾ 
“പലപലകമനികൾ വന്നൂ, വന്നവർ
പദവികൾ വാഴ്ത്തീ- നടുങ്ങീ ഞാൻ
കിന്നരകന്യകപോലെ ചിരിച്ചെൻ-
മുന്നിൽ വിളങ്ങിയ നീ മാത്രം”
എന്ന വരികൾ എനിക്കായി എഴുതിയതാണെന്നും തോന്നി .

വാഴക്കുല എന്ന കവിതയിലുടെ ,ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള  അന്തരവും അക്കാലത്തെ  മേലാള  പീഡനവും മനസിലാക്കാൻ  കഴിഞ്ഞു
"ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ
പതിതരെ നിങ്ങള് തൻ 'പിന്മുറക്കാർ 
എന്ന  വരികൾ എന്റെ മനസ്സിലും മായാതെ നിന്നു    

ചങ്ങമ്പുഴയുടെ മനസ്വിനി ആയ ഞാൻ  മലയാള  സാഹിത്യ ലോകത്തെ കുറിച്ച് പഠിച്ചില്ലെങ്കിൽ അതിന്ടെ മാനകേട് അദ്ദേഹത്തിനാണെന്ന് തോന്നിയ ഞാൻ അന്ന് വരെ എനിക്ക് അന്യം ആയിരുന്ന സാഹിത്യ ലോകത്തേക്ക് മെല്ലെ മെല്ലെ പിച്ച വെക്കാൻ ആരംഭിച്ചു ആശാൻ,ഉള്ളൂർ,വള്ളത്തോൾ,വൈലോപ്പിള്ളി, ഓ.എൻ.വി,സുഗതകുമാരി,ബാലാമണിഅമ്മ, ബാലചന്ദ്രന് ചുള്ളികാട്  അതങ്ങനെ നീണ്ടു

ഇതിനിടയിൽ എപ്പോഴോ ഞാനും അനിയനും കൂടി ചങ്ങമ്പുഴ സമാധിയിൽ കൂടെ കൂടെ പോകുന്നു എന്ന് ആരോ വീട്ടിൽ വന്നു പറഞ്ഞു  .കളവു പറഞ്ഞു പോകുന്നത് കൊണ്ട്  തക്കതായ ശിക്ഷയും കിട്ടി.ഞങ്ങളുടെ ഡാഡി ഞങ്ങളെ തല്ലാറില്ല മുട്ട് കുത്തി നിർത്തുക എന്നതാണ് ഞങ്ങൾക്ക് നൽകുന്ന പരമാവധി ശിക്ഷ .ചെയുന്ന കുറ്റം അനുസരിച്ച് ശിക്ഷയുടെ ദൈർഘ്യം കൂടിയും കുറഞ്ഞും ഇരിക്കും അന്ന് ഗേറ്റ് തുറന്നിട്ട്‌ കാർ  ഷെഡിൽ ഞങ്ങളെ മുട്ടി കുത്തി നിർത്തി . ഇതു കണ്ടു നാട്ടുകാർ ഞങ്ങളെ ദയനിയതയോടെ നോക്കുന്നത്  ഇന്നും എന്റെ മനസ്സിൽ മായാതെ നില്കുന്നു.

ഈ സമയത്ത്  ചങ്ങമ്പുഴയ്ക്ക്  ഞാൻ എഴുതിയ പ്രണയ കുറിപ്പുകൾ  മമ്മി കണ്ടെടുക്കുക കൂടി ചെയ്തതോടെ എന്റെ ജീവിതത്തിൽ പുതിയ വഴി തിരിവ് ഉണ്ടായി .നൃത്തവും വയലിനും പഠിക്കുന്നത്  കാവ്യനർത്തകി ആകാൻ വേണ്ടി ആണ് എന്ന് മനസിലാക്കിയ ഡാഡി എന്റെ ചിലങ്ക തൊട്ടടുത്ത പറമ്പിലേക്ക് വലിച്ചു എറിഞ്ഞു കളഞ്ഞു .ചങ്ങമ്പുഴ ദാരിദ്ര്യം അനുഭവിച്ച കവി ആണെന്നും നിനക്ക് ഒരു നേരം പട്ടിണി കിടക്കാൻ കഴിയുമോ എന്നും ഡാഡി ചോദിച്ചപ്പോൾ ഞാൻ അതിനും തയ്യാർ ആയി .വീട്ടിൽ പട്ടിണി സമരം ആരംഭിച്ചു .എല്ലാത്തിനും എന്റെ കൂടെ നിന്നിരുന്ന അനിയന് ഇതു സഹിക്കാനായില്ല അവനെനിക്ക് അവന്ടെ  കുടുക്ക പൊട്ടിച്ചു കിട്ടിയ ചില്ലറ തുട്ടുകൾ കൊണ്ട്  ചായകടയിൽ നിന്നു രഹസ്യമായി  സവാള വട വാങ്ങി തന്നു ..  

സംഭവങ്ങൾ ഇത്രയും ഒക്കെ ആയപ്പോൾ എന്നെ ബോർഡിംഗ് ലേക്ക്  മാറ്റാൻ വീട്ടുകാർ തീരുമാനിച്ചു  . നിറകണ്ണുകളോടെ  വസ്ത്രങ്ങളും പുസ്തകെട്ടുമായി വീട്ടിൽ നിന്ന് ഇറങ്ങുന്നതിനു മുൻപ് എന്റെ മുറിയിൽ വലിയ അക്ഷരത്തിൽ ഞാൻ എഴുതി വെച്ചു.
 “കപടലോകത്തിലാത്മാര്ത്ഥമായൊരു-
ഹൃദയമുണ്ടായതാണെന് പരാജയം“
സ്കൂൾ  ബോർഡിംഗ്  ലെ  ചുറ്റുപാടും പുതിയ  കൂട്ടുകാരും    പത്താം ക്ലാസ്സ് പഠനത്തിന്ടെ തിരകുകളും ഒക്കെയായി ജീവിതം പതുക്കെ പതുക്കെ  മറ്റൊരു ദിശയിലേക്കു മാറി.

ഈ പ്രണയത്തിന്ടെ  ക്ലൈമാക്സ് ഇങ്ങനെ--പത്താം ക്ലാസ്സിലെ റിസൾട്ട് വന്നു എസ്.എസ്.എൽ.സി  ബുക്ക് കയ്യിൽ കിട്ടിയപ്പോൾ ഞാനും എന്റെ വീട്ടുകാരും നടുങ്ങി .അന്ന് വരെ ഏറ്റവും കുറവ് മാർക്ക് വാങ്ങിയിരുന്ന മലയാളത്തിനാണ് എനിക്ക് ഏറ്റവും കൂടുതൽ മാർക്ക് .ചങ്ങമ്പുഴക്കൊപ്പം  കൈ പിടിച്ചു ആ പാട്ടിനൊപ്പം നൃത്തം  ചവിട്ടി മലയാള സാഹിത്യ ലോകത്തെ കുറിച്ച് അറിഞ്ഞ എനിക്ക് അകലങ്ങളിൽ എവിടെയോ നിന്ന്  ആ കാവ്യഗന്ധർവൻ ചൊരിഞ്ഞ അനുഗ്രഹവർഷം ആയിരിക്കാം അത് ...ആ മഹാകവിയെ  അത്ര മേൽ തീവ്രമായി പ്രണയിച്ച തന്ടെ ( മനസ്വിനിക്ക് ) ചങ്ങമ്പുഴ നല്കിയ സ്നേഹസമ്മാനം.

ഇതു എഴുതി കഴിഞ്ഞപ്പോൾ രാത്രി ഏറെ വൈകി .വീണ്ടും ഒരിക്കൽ  കൂടി ഞാൻ ചങ്ങമ്പുഴയുടെ കാവ്യനർത്തകി ആയതു പോലെ  .വിദൂരത്ത് എവിടെ നിന്നോ ആ ശബ്ദം എന്റെ കാതുകളിൽ മുഴങ്ങുന്നു…
"പോവുന്നൊ നിൻ നൃത്തം നിർത്തി നീ ദേവീ
പോവല്ലെ പോവല്ലെ പോവല്ലെ ദേവീ" 

നിങ്ങളുടെ
സ്വന്തം
സിന്ധു ജോയ്


12 comments:

 1. മനോഹരമായി എഴുതി!!!

  ReplyDelete
 2. ചങ്ങമ്പുഴയും കാവ്യ നര്തകിയും വെറും ഒരു സങ്കൽപം മാത്രമാണോ എന്ന ചെറിയൊരു ശങ്ക!!! ബാല്യകാല പ്രണയത്തിന്റെ ഓര്മകളിലേക്ക് തിരിഞ്ഞു നടക്കാൻ ചങ്ങമ്പുഴയെ കൂട്ടിനു പിടിച്ചത് കൊള്ളാം..അവതരണം കേമമായി..!

  ReplyDelete
 3. "ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ
  പതിതരെ നിങ്ങള് തൻ 'പിന്മുറക്കാർ
  എന്ന വരികൾ ante manassilum maayathe nillkunnu

  ReplyDelete
 4. u should try literary field athimmanoharam

  ReplyDelete
 5. athimanoharam u should continue writing

  ReplyDelete
 6. ഹ്യദയം കൊണ്ടെഴുതിയ വരികൾ ....

  ReplyDelete
 7. സൂപ്പർ ചേച്ചി

  ReplyDelete
 8. true love never dies..

  ReplyDelete
 9. Manassil chaalicha maaya smruthikal

  ReplyDelete