Thursday 21 May 2015

ലഹരിയില്‍ മുങ്ങിയമരുന്ന യുവത്വം





സാജന്‍,വയസ് ഇരുപത്, ഒറ്റനോട്ടത്തില്‍ കണ്ടാല്‍ യാതൊരു കുഴപ്പവുമില്ല. അവനെ പരിചയപ്പെട്ടത് തിരുവനന്തപുരം പുന്നലാല്‍ ഉള്ള ഡെയില്‍വ്യൂ ഡിഅഡിക്ഷന്‍ സെന്ററില്‍ വച്ചാണ്. അവന്റെ മാതാപിതാക്കള്‍ അവനെ അവിടെ എത്തിച്ചത് മയക്കമരുന്നിനോടുള്ള അമിതമായ ആസക്തി ചികിത്സിച്ച് മാറ്റാനാണ്. ചികിത്സയുടെ മുക്കാല്‍ ഭാഗം പിന്നിട്ടപ്പോഴാണ് ഞാനവനെ കണ്ടത്. ഇന്നവന്‍ മയക്കമരുന്നുകളുടെ ദൂഷ്യവശങ്ങളെക്കുറിച്ച് മനസ്സിലാക്കിക്കഴിഞ്ഞു. ഇനിയൊരിക്കലും ലഹരിയുടെ മായാലോകത്ത് പ്രവേശിക്കില്ല എന്ന നിശ്ചയദാര്‍ഢ്യത്തിലുമാണ്.

സാജന്‍ മാത്രമല്ല സാജനെ പോലുള്ള നിരവധി ചെറുപ്പക്കാരെ അവിടെ കാണാനിടയായി. നമ്മുടെ സമൂഹത്തിന് അജ്ഞമായ ലഹരി വിഭവങ്ങളെക്കുറിച്ച് മനസ്സിലാക്കി. നാമൊക്കെ നിരന്തരം കേള്‍ക്കുന്ന മദ്യവും, കഞ്ചാവും, പുകവലിയും, പാന്മസാലയും മാത്രമല്ല കേട്ടറിവ് പോലുമില്ലാത്ത ലഹരിയുടെ തലങ്ങളിലൂടെ കടന്നുപോകുകയാണ് നമ്മുടെ യുവതലമുറ. കഞ്ചാവ്, ഹുക്ക, കനാബീസ്, മരിജുവാനോ, കറുപ്പ്, കൊക്കൊയ്ന്‍, എല്‍.എസ്.ഡി. അടക്കമുള്ള പഴയകാല ലഹരി മരുന്നുകള്‍ മാത്രമല്ല കേരളീയ യുവത്വത്തിന് ആവേശമാകുന്നത്. മറിച്ച് മഷി മായ്ക്കാനുള്ള വൈറ്റ്‌നറും, ചെരിപ്പ് ഒട്ടിക്കാന്‍ ഉപയോഗിക്കുന്ന എസാര്‍ പശയും, അപസ്മാരത്തിനും വിഷാദരോഗങ്ങള്‍ക്കും ഉപയോഗിക്കുന്ന ഗുളികകളും ലഹരിയുടെ പരകോടിയിലെത്തിക്കുന്ന സ്റ്റാപുകളും മാന്ത്രിക കൂണുമൊക്കെ ആ പട്ടികയില്‍ പെടുന്നു. ചുരുക്കി പറഞ്ഞാല്‍ ഇന്ന് വൈവിധ്യപൂര്‍ണ്ണമായ ലഹരികളാല്‍ സമ്പന്നമാണ് നമ്മുടെ ലഹരി സാമ്രാജ്യം.

സാഹസികതയുടേയും, ആകാംക്ഷയുടെയും ഒക്കെ പേരിലാണ് പലരും ലഹരിമരുന്നിന്റെ ഉപയോഗം തുടങ്ങുന്നത്. മറ്റുള്ളവരുടെ പ്രേരണയാലോ, തങ്ങളിലുള്ള ഉത്കണ്ഠയും, വിഷാദവും, അപകര്‍ഷതയും തരണം ചെയ്യാനോ ആരംഭിച്ച് ഒടുവില്‍ ലഹരിമരുന്ന് ഇല്ലാതെ ജീവിക്കാന്‍ കഴിയില്ലെന്ന അവസ്ഥയിലെത്തുന്നു. മയക്കമരുന്നുകളില്‍ അടങ്ങിയിരിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ തലച്ചോറില്‍ കടന്നുചെന്ന് ഒരു വ്യക്തിയെ മറ്റൊരു മായാലോകത്തേക്ക് നയിക്കുന്നു. പിന്നീട് ഇത് നാഡീ കോശങ്ങളിലേക്ക് കടന്ന് വീണ്ടും ഉപയോഗിക്കാനുള്ള പ്രേരണ ഉണ്ടാക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ലഹരിക്ക് അടിമയായ ഒരു വ്യക്തിക്ക് കൃത്യസമയത്ത് ശരീരത്തിനാവശ്യമുള്ള ലഹരിയുടെ ഡോസ് കിട്ടാനുള്ള പ്രേരണ ഉണ്ടാക്കും. ലഹരിയുടെ കാണാക്കയങ്ങളിലേക്ക് മുങ്ങിത്താഴാന്‍ പണം കണ്ടെത്താന്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാനും ഇവര്‍ക്ക് മടിയുണ്ടാവില്ല.

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ സാമൂഹിക, സാംസ്‌കാരിക ആരോഗ്യ പ്രശ്‌നമായി മയക്കമരുന്നുകളുടേയും, മാദകദ്രവ്യങ്ങളുടേയും ദുരുപയോഗത്തെ ശാസ്ത്രലോകം കാണുന്നു. ''രക്തത്തില്‍ കുത്തി വെയ്ക്കുകയോ, പുകയ്ക്കുകയോ, ഉത്തേജകശക്തിയുള്ളതോ നിയമവിരുദ്ധമോ ആയ വസ്തു എന്നതാണ് മയക്കുമരുന്നുകളെ പറ്റിയുള്ള നിര്‍വ്വചനം''. മദ്യം അനുവദിക്കുന്ന രാജ്യങ്ങള്‍ പോലും മയക്കമരുന്നുകളെ നിരോധിച്ചിരിക്കുന്നു എന്നത് അതിന്റെ വിനാശകരമായ പ്രത്യാഘാതങ്ങള്‍ മുന്നില്‍ കണ്ടാണ്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ലോകത്താകമാനം ലഹരികളുടെ ഉപയോഗം വര്‍ധിച്ചുവരികയാണ്. ലോകജനസംഖ്യയുടെ 2.8 ശതമാനം മുതല്‍ 4.5 ശതമാനം വരെ പതിനഞ്ചിനും അറുപത്തി നാലിനും ഇടയിലുള്ള ആളുകള്‍ മയക്കുമരുന്നിനടിമ യാണെന്ന് ലോകാരോഗ്യ സംഘടനകളുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ലോകമാകെയുള്ള കഞ്ചാവിന്റെ ഏറ്റവും വലിയ നിര്‍മ്മാണ മേഖലകളായി തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ മാറിയിട്ടുണ്ട്. പ്രത്യേകിച്ച് അഫ്ഗാനിസ്ഥാനും, പാക്കിസ്ഥാനും ഇന്ത്യയിലെ വടക്ക് കിഴക്കന്‍ മലനിരകളും. ഇതിന് പുറമേ പാശ്ചാത്യ രാജ്യങ്ങളിലെ വിവിധ ഏജന്‍സികള്‍ വന്‍ തോതില്‍ മൂന്നാം ലോക രാഷ്ട്രങ്ങളിലേക്ക് മയക്കുമരുന്നിന്റെ കള്ളക്കടത്ത് നടത്തുന്നുമുണ്ട്. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ കണക്ക് പ്രകാരം ഇന്ത്യയിലെ 50 മുതല്‍ 80 ലക്ഷം ജനങ്ങള്‍ മയക്കുമരുന്നിന് അടിമപ്പെട്ടവരാണ്.

അഫ്ഗാനിസ്ഥാനില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ഹെറോയിന്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും മറ്റും കള്ളക്കടത്ത് നടത്തുന്നതിന് ഇന്ത്യയെ ഇടതാവളമായി ഉപയോഗിക്കുന്നു എന്നത് വസ്തുതയാണ്. എന്നാല്‍ മയക്കമരുന്ന് കച്ചവടത്തിന്റെ ഇടതാവളം മാത്രമല്ല നമ്മുടെ രാജ്യം, മറിച്ച് ലഹരിമരുന്നുകള്‍ ഉല്‍പ്പാദിപ്പി ക്കുന്ന പ്രമുഖ രാഷ്ട്രങ്ങളിലൊന്ന്. ഇന്ത്യന്‍ നിര്‍മ്മിത ഹെറോയിന്റെ ആഗോള കച്ചവടം 250 കോടി ഡോളറായി ഉയര്‍ന്നിരിക്കുകയാണ്. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന മയക്കമരുന്നുകളുടെ ഏറിയ പങ്കും വിദേശങ്ങളിലേക്ക് കടത്തുകയാണെങ്കിലും അഞ്ച് കോടി രൂപയിലേറെ വിലമതിക്കുന്ന ഹെറോയിനും, ഹഷീഷും, കഞ്ചാവുമൊക്കെ രാജ്യത്തെ വന്‍ നഗരങ്ങളില്‍ നിത്യവും വില്‍ക്കപ്പെടുന്നു. ഹെറോയിന്റെ ഏറ്റവും വലിയ ഉപഭോക്താവ് ഇന്ത്യയാണെന്ന് യുണൈറ്റഡ് നേഷന്‍സിന്റെ ഡ്രഗ്‌സ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

കേരളീയ യുവത്വം പുകവലിയും, മദ്യപാനവും വലിയ തോതില്‍ ഉപയോഗിച്ചിട്ടുണ്ടെങ്കിലും അതിന്റെ പതിന്മടങ്ങ് മയക്കുമരുന്നിനും, പാന്മസാലകള്‍ക്കും അടിമകളായി മാറിയിരിക്കുന്നു എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ മദ്യലഭ്യതയും ഉപഭോഗവും വന്‍തോതില്‍ കുറഞ്ഞു. സംസ്ഥാത്ത് 2.70 കോടി (8.94%) ലിറ്റര്‍ മദ്യഉപഭോഗം കുറഞ്ഞെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. (അഡിക് ഇന്ത്യ തയ്യാറാക്കിയ ആല്‍ക്കഹോള്‍ അറ്റ്‌ലസ് കണക്ക് പ്രകാരം) സ്‌കൂളുകളും, കോളേജ് ക്യാമ്പസുകളും, ഹോസ്റ്റലുകളും, തൊഴില്‍ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് വലിയ തോതിലുള്ള മയക്കമരുന്ന് വില്‍പ്പന നടക്കുന്നുണ്ട്. പെണ്‍കുട്ടികള്‍ പോലും ലഹരി മരുന്നിന് അടിമയാകുന്നു എന്നതും ഗൗരവമായ കാര്യമാണ്. സംസ്ഥാനത്ത് അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയ സജീവമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഈയിടെ സൂചിപ്പിച്ചിരുന്നു.

നമ്മുടെ സ്‌കൂള്‍ കുട്ടികളും യുവാക്കളും മയക്കമരുന്നിന്റെ മായാലോകത്ത് അടിമപ്പെടുകയാണ്. ഇതിനായി പണം കണ്ടെത്തുന്നതിന് കുറ്റകൃത്യങ്ങള്‍ ചെയ്യാനും ഇവര്‍ക്ക് മടിയില്ല. പിടിച്ച്പറിയും, മോഷണവും, അക്രമവും തുടങ്ങി ലഹരി മാഫിയകളുടെ ഏജന്റുകളുമൊക്കെയായി പലരും പ്രവര്‍ത്തിക്കുന്നു. ഗുണ്ടായിസവും, കുറ്റകൃത്യങ്ങളും വര്‍ദ്ധിക്കുന്നതിനു പിന്നിലും ഇത്തരം കാര്യങ്ങള്‍ കാണാം. സംസ്ഥാന കുറ്റവാളികളുടെ വലിയൊരു ശതമാനം ലഹരി മരുന്നിന് അടിമപ്പെട്ടവരാണ്. കഴിഞ്ഞ ദിവസം കഞ്ചാവ് ലഹരിയില്‍ ഒരു അന്യസംസ്ഥാന തൊഴിലാളി ആലുവ സിവില്‍ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഓഫീസറുടെ ചെവി കടിച്ച് പറിച്ചത് വാര്‍ത്തയായിരുന്നു. ഈയിടെ തൃശൂരില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചത് പെണ്‍കുട്ടിയെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവും മയക്കുമരുന്ന് ലഹരിയിലായിരുന്നു.

സമൂഹത്തില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം അത്യന്തം അപകടകരമായ നിലയിലേക്ക് മാറുകയാണ്. കേരളത്തിലെ പ്രധാനപ്പെട്ട നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഇത്തരം സംഘങ്ങളുടെ വന്‍ റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപത്ത് പുകയില ഉത്പന്നങ്ങള്‍ പോലും വില്‍ക്കാന്‍ പാടില്ലെന്ന നിയമം നിലനില്‍ക്കെ അതൊക്കെ കാറ്റില്‍ പറത്തി കൊണ്ടാണ് ലഹരിമരുന്ന് കച്ചവടം പൊടിപൊടിക്കുന്നത്.

പഠിത്തവും കരിയറും മാത്രമാണ് തങ്ങളുടെ ജീവിത ലക്ഷ്യമെന്ന് തെറ്റിദ്ധരി ക്കുന്ന ഒരു തലമുറ അതിനുവേണ്ടി അനുഭവിക്കുന്ന വൈകാരിക സംഘര്‍ഷങ്ങളും ആത്മസംഘര്‍ഷങ്ങളും കൊണ്ടുചെന്നു എത്തിക്കുന്നത് ലഹരിയുടെ ലോകത്തേ ക്കാണ്. സമൂഹത്തില്‍ നടക്കുന്ന തിന്മകള്‍ക്കെതിരെ പ്രതികരിക്കാന്‍ ഇന്നത്തെ യുവതയ്ക്ക് താല്‍പ്പര്യമില്ല, പകരം അവര്‍ ലഹരി വിളമ്പുന്ന നിശാപാര്‍ട്ടി കളിലേക്ക് നീങ്ങുന്നു. എന്തൊക്കെ കുറവുകള്‍ ഉണ്ടെന്ന് പറയുമ്പോഴും സംസ്ഥാന ത്തെ സ്‌കൂളുകളിലും കോളേജുകളിലും വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തനം സജീവ മായിരുന്ന കാലഘട്ടത്തില്‍ ഇത്തരം സംഘങ്ങള്‍ അവിടേക്ക് അടുക്കു മായിരുന്നില്ല. കോടതി വിധികളും, നിയന്ത്രണങ്ങളും സംഘടന സ്വാതന്ത്ര്യം തടസ്സമാകുന്ന ഇക്കാലത്ത് ആ സ്‌പേസിലേക്ക് കടന്നുവരുന്നത് അപകടകരമായ തിന്മകള്‍ വിതയ്ക്കുന്ന ലഹരിയുടെ ലോകമാണെന്നത് കാണാതിരുന്നുകൂടാ.

യുവതലമുറയെ കാര്‍ന്ന് തിന്നാന്‍ ഒരുങ്ങുന്ന ഈ വലിയ വിപത്തിനെതിരെ സാമൂഹ്യമായ ജാഗ്രത അനിവാര്യമായിരിക്കുന്നു. സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് നിരന്തരമായ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കണം. ''ക്ലീന്‍ കാമ്പസ് സേവ് കാമ്പസ്'' പരിപാടി കൂടുതല്‍ ഊര്‍ജ്ജിതമാക്കണം. ഒപ്പം മയക്കമരുന്നിന്റെ വ്യാപനവും ഉപയോഗവും തടയുന്നതിന് ശക്തമായ നടപടികള്‍ കൈക്കൊള്ളണം. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന വര്‍ക്ക് കര്‍ശനമായ ശിക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നിയമനിര്‍മ്മാണം നടത്തുകയും അവ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം.


ഡോ. സിന്ധു ജോയ്

http://www.marunadanmalayali.com/column/idam-valam/use-of-drugs-in-new-generation-19339

Friday 8 May 2015

ഭിന്നലിംഗക്കാരെ മാറ്റി നിര്‍ത്തരുതേ: അവരും മനുഷ്യരാണ് അവര്‍ക്കും അവകാശങ്ങളുണ്ട്



''മാലാഖമാര്‍ സ്ത്രീയാണോ? പുരുഷനാണോ? രണ്ടുമല്ലെന്നാണ് വിജ്ഞാനികള്‍ പറയുന്നത്. അതുകൊണ്ടുതന്നെ ട്രാന്‍സ്‌ജെന്‍ഡറുകള്‍ മാലാഖമാരോട് അടുത്ത് നില്‍ക്കുന്നവരാണ്. ആരെക്കാളും മുകളിലാണെന്ന് ഞങ്ങള്‍ അവകാശപ്പെടുന്നില്ല. പക്ഷേ സ്ത്രീകളുടേയും പുരുഷന്മാരുടേയും പ്രശ്‌നങ്ങള്‍ ഒരുപോലെ മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിയും, അമ്മയെ പോലെ സ്‌നേഹിക്കാനും അച്ഛനെപ്പോലെ ശാസിക്കാനും ഞങ്ങള്‍ക്കാകും''. ഇന്‍ഡ്യയിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡറായ ഭാരതി എന്ന പുരോഹിതയുടെ വാക്കുകളാണിത്.
ലൈംഗിക ന്യൂനപക്ഷങ്ങള്‍ അഥവാ ഭിന്നലിംഗക്കാര്‍ - നാം അകറ്റി നിര്‍ത്തുകയും അവജ്ഞയോടെ തള്ളിക്കളയുകയും ചെയ്യുന്ന കുറെ മനുഷ്യര്‍. തന്റേതല്ലാത്ത കുറ്റത്താല്‍, പരിഹാസങ്ങള്‍ ഏറ്റുവാങ്ങുകയും പീഡാനുകൂലമായ ജീവിതം നയിക്കുകയും ചെയ്യുന്നവര്‍. ഇക്കൂട്ടത്തില്‍ പുരുഷനായി ജനിച്ച് സ്ത്രീ മനസ്സുമായി ജീവിക്കുന്നവരും സ്ത്രീയായി ജനിച്ച് പുരുഷമനസ്സുമായി ജീവിക്കുന്നവരുമുണ്ട്.


കേരള സര്‍വ്വകലാശാലയിലെ  കൗണ്‍സിലിംഗ് കോഴ്‌സിന്റെ ഭാഗമായുള്ള ട്രെയിനിംഗിന് പോയപ്പോഴാണ് ഭിന്നലിംഗക്കാരെക്കുറിച്ചുള്ള എന്റെ ധാരണകള്‍ക്ക് മാറ്റമുണ്ടായത്. തിരുവനന്തപുരം കരമനയിലുള്ള ഡെയില്‍വ്യൂ (Dale View) ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സുരക്ഷ സെന്ററില്‍ വെച്ചാണ് ഈ വിഭാഗക്കാരെ പരിചയ പ്പെടാനും കൂടുതലറിയാനും അവസരം ലഭിച്ചത്. ഉത്തരേന്ത്യയിലേക്കും മറ്റും ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ഇവരെ പതിവായി കാണാറുണ്ടെങ്കിലും ഭയ ത്തോടെയാണ് കണ്ടിരുന്നത്. അവരെല്ലാം അക്രമകാരികളോ മാറ്റി നിര്‍ത്തപ്പെടേണ്ട വരോ ആണെന്ന ധാരണയായിരുന്നു. 'ഡെയില്‍വ്യൂ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സുരക്ഷ' സെന്ററില്‍ എത്തുന്നതിനു മുന്‍പ് മറിച്ച് ചിന്തിക്കാന്‍ മാത്രം അവരെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിച്ചിട്ടുമില്ല.

ട്രെയിനിംഗ് കാലയളവില്‍ ഇവരില്‍ പലരുടേയും നരകതുല്യമായ ജീവിതങ്ങളെ അടുത്തറിഞ്ഞു. വീട്ടുകാരുടേയും നാട്ടുകാരുടേയും നിരന്തരമായ അവഹേളനത്തിനും പീഡനങ്ങള്‍ക്കും ഇരയാകുന്നവരാണവര്‍. പുരുഷ രൂപത്തില്‍ ജനിക്കുന്ന ഭിന്നലിംഗക്കാര്‍ അവിടെവെച്ച് പരിചയപ്പെട്ട അഭിഷേക് എന്ന ആശ ചെറുപ്പത്തില്‍ പഠിക്കാന്‍ സമര്‍ത്ഥനായിരുന്നു. എന്നാല്‍ ജനിതകമായ സവിശേഷതകള്‍ സ്വഭാവത്തില്‍ പ്രകടമായത് മുതല്‍ സഹപാഠികളും അദ്ധ്യാപകരും അകറ്റി നിര്‍ത്തി. പലപ്പോഴും പരിഹസിച്ചു തല്‍ഫലമായി പഠനം പൂര്‍ത്തികരിക്കാനായില്ല. ഭിന്നലിംഗക്കാരനായതിനാല്‍ മറ്റ് തൊഴില്‍ കൊടുക്കാന്‍ ആരും തയ്യാറായതുമില്ല. ആശ ഇപ്പോള്‍ ലൈംഗിക തൊഴിലാളിയാണ്.
 ഇവരില്‍ പലരു0 സ്ത്രീകളുടെ ജീവിതം ആഗ്രഹിക്കുന്നു. സ്ത്രീകളെപ്പോലെ വസ്ത്രം ധരിക്കാനും ആഭരണങ്ങള്‍ അണിയാനും നൃത്തം ചെയ്യാനുമൊക്കെ കൊതിയാണവര്‍ക്ക്. പൊതുസമൂഹം മാറ്റിനിര്‍ത്തുന്നതുകൊണ്ട് ജീവിക്കാന്‍ പോലും പലരും ലൈംഗികതൊഴിലാളികളായി ജീവിക്കേണ്ടിവരുന്നു. ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് പുരുഷ ലൈംഗിക തൊഴിലാളികള്‍ മാത്രമാണ് എന്നാണ് പൊതുധാരണ. എന്നാല്‍ എല്ലാ ഭിന്നലിംഗക്കാരും ലൈംഗിക തൊഴിലാളികളല്ല.




കണ്ടുമുട്ടിയ ഒട്ടുമിക്കവരും പരാതിപ്പെട്ടത് അവരോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടിനെക്കുറിച്ചും തങ്ങളുടെ അവകാശലംഘനങ്ങളെക്കുറിച്ചുമാണ്. ഇതില്‍ വോട്ടവകാശവും, റേഷന്‍കാര്‍ഡില്‍ പേര് ചേര്‍ക്കുന്നതുമൊക്കെപ്പെടും. ഹോട്ടലുകളിലും ആശുപത്രികളിലുമൊക്കെ പലപ്പോഴും പ്രവേശനം നിഷേധിക്കപ്പെടുന്നുണ്ടത്രെ. യാത്രാവേളകളില്‍ ഇവരുടെ അടുത്തിരിക്കാന്‍പോലും പലരും തയ്യാറാകുന്നില്ല.




ഒരിക്കല്‍ അസുഖത്തെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ പോയപ്പോള്‍ ഉണ്ടായ ബുദ്ധിമുട്ടാണ് രാമന്‍ അഥവാ രമ എന്ന ട്രാന്‍സ്‌ജെന്‍ഡറിന് പറയാനുണ്ടായിരുന്നത്. ഏത് ലിംഗത്തില്‍പ്പെട്ടയാളാണെന്ന് വ്യക്തമാക്കാന്‍ കഴിയാത്തതിനാല്‍ പുരുഷ വാര്‍ഡിലോ, സ്ത്രീ വാര്‍ഡിലോ അഡ്മിറ്റ് ചെയ്യണമെന്ന ആശയകുഴപ്പത്താല്‍ ആ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ അധികൃതര്‍ വിസമ്മതിച്ചു. ട്രെയിനിംഗിനു പോയ ഡെയില്‍വ്യൂ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സുരക്ഷ കേന്ദ്രം പ്രവര്‍ത്തിക്കുന്നതിന് തിരുവനന്തപുരം നഗരത്തില്‍ വാടകയ്ക്ക് കെട്ടിടം കിട്ടാന്‍ നന്നേ ബുദ്ധിമുട്ടേണ്ടി വന്നുവെന്ന് കേന്ദ്രത്തിന്റെ ചുമതലയുള്ള ഡിപിന്‍ പറഞ്ഞ തോര്‍ക്കുന്നു. ഭിന്നലിംഗക്കാരോടുള്ള പൊതുക്കാഴ്ചപ്പാടിന്റെ പ്രതിഫലനമാണ് ഇതൊക്കെ.

ഭിന്നലിംഗക്കാര്‍ എങ്ങനെ ജനിക്കുന്നു.
മനുഷ്യന്റെ ലിംഗനിര്‍ണ്ണയം ഗര്‍ഭാവസ്ഥയില്‍ ക്രോമസോമുകളുടെ സംയോഗത്തോടെ നിര്‍ണ്ണയിക്കപ്പെടുന്നു. XX ക്രോമസോമുകളുടെ സംയോഗത്താല്‍ പെണ്‍ കുഞ്ഞും, XY ക്രോമസോമുകളുടെ സംയോഗത്താല്‍ ആണ്‍കുഞ്ഞും ജനിക്കുന്നു. ഈ ക്രോമസോമുകളുടെ ഏറ്റക്കുറച്ചിലുകള്‍ കാരണം Y ക്രോമസോമിന്റെ ദുര്‍ബലതയോടെ ജനിക്കുന്ന കുട്ടികളാണ് ഭിന്നലിംഗക്കാരായി കണക്കാക്കുന്നത്. ജനിതകമായ വൈകല്യം മൂലമാണ് ഒരാള്‍ ട്രാന്‍സ്‌ജെന്‍ഡറായി ജനിക്കുന്നത്.

ഇന്‍ഡ്യയിലെ ഭിന്നലിംഗക്കാര്‍
മുഗള്‍ ഭരണക്കാലത്ത് റാണിമാരുടെ അന്തഃപുരത്തിലെ കാര്യസ്ഥന്മാരായി ഭിന്നലിംഗക്കാരെ നിയോഗിച്ചിരുന്നതായി കാണാം. ഹൈദ്രബാദിലെ നിസാം ഇവര്‍ക്കായി പ്രത്യേകം വാസസ്ഥലവും ആരാധനാലയവുമൊക്കെ പണിതുനല്‍കി യിരുന്നതായി സിയാ ജഫ്രിയുടെ 'ദി ഇന്‍വിസിബിള്‍സ്' എന്ന പുസ്തകം പറയുന്നു.
വടക്കേ ഇന്‍ഡ്യന്‍ സമൂഹത്തില്‍ ഭിന്നലിംഗക്കാര്‍ക്ക് വലിയ സ്ഥാനമൊന്നുമില്ലെങ്കിലും അവര്‍ക്ക് അനുഗ്രഹിക്കാനും ശപിക്കാനുമൊക്കെ കഴിവുണ്ടെന്ന അന്ധവിശ്വാസം അവരുടെ ജീവിതം നിലനിര്‍ത്തിപോരുന്നു. എങ്കിലും ഇവരില്‍ ഭൂരിഭാഗവും ഭിക്ഷയാചിച്ചും ലൈംഗിക തൊഴിലില്‍ ഏര്‍പ്പെട്ടുമൊക്കെ ജീവിതം തള്ളിനീക്കുന്നു.രാജ്യത്ത് ഔദ്യോഗികമായി 4.5 ലക്ഷം പേരുടെ കണക്കേ ഉള്ളുവെങ്കിലും ജനസംഖ്യയിലെ 20-25 ലക്ഷം ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ഉണ്ടെന്നാണ് ഇവരെ സംബന്ധിച്ച് രാജ്യസഭയില്‍ അവതരിപ്പിച്ച് പാസാക്കായി ബില്ലില്‍ പരാമര്‍ശി ക്കുന്നത്.

കേരളത്തിലെ പൊതുസ്ഥിതി
ഇവിടെ ഭിന്നലിംഗക്കാര്‍ കുറവാണെന്നാണ് പൊതുധാരണ. എന്നാല്‍ ഇവരോട് സമൂഹം കാട്ടുന്ന അസഹിഷ്ണുതയും പരിഹാസവുമൊക്കെ പലപ്പോഴും ഇവരെ തങ്ങളുടെ ഐഡന്റിറ്റി ഒളിപ്പിച്ച് വെയ്ക്കാനോ സംസ്ഥാനം വിട്ടുപോകാനോ ഒക്കെ പ്രേരിപ്പിക്കുന്നു. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനോട് ഏറ്റവും മോശമായി പെരുമാറുന്ന സംസ്ഥാനങ്ങളിലൊന്നാണു കേരളമെന്ന് ഈയിടെ പാലക്കാട് ചേര്‍ന്ന ഭിന്നലിംഗ ക്കാരുടെ സംസ്ഥാനതലസംഗമം ചൂണ്ടിക്കാട്ടിയിരുന്നു. നമ്മളവരെ നിരം ഉപദേശിച്ചുകൊണ്ടിരിക്കുകയാണെന്നും മറ്റുള്ളവരെ പോലെ ജീവിക്കാനുള്ള സാഹചര്യമൊരുക്കണമെന്നുമാണ് അവരുടെ പ്രധാനപ്പെട്ട ആവശ്യം.

2014 ലെ സുപ്രീംകോടതി വിധി
റെ നാളത്തെ നിയമപോരാട്ടത്തിനുശേഷമാണ് ഭിന്നലിംഗക്കാരുടെ പൗരാവകാശ സംരക്ഷണത്തിന് നിയമനിര്‍മ്മാണം നടത്തണമെന്നും, അവരോട് ഒരു തരത്തിലുള്ള വിവേചനം പാടില്ലായെന്നും ജസ്റ്റിസ് കെ.എസ്.രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബഞ്ച് ഏപ്രില്‍ 15, 2014 ല്‍ വിധി പ്രസ്താവിച്ചത്. തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈന്‍സന്‍സ് എന്നിവയില്‍ ഭിന്നലിംഗം എന്ന് അടയാളപ്പെടുത്താന്‍ അവസരം നല്‍കണമെന്നും, വിവാഹത്തി നും കുട്ടികളെ ദത്തെടുക്കുന്നതിനും നിയമപരമായ അവകാശം നല്‍കണമെന്നും ദേശീയ ലീഗല്‍ അതോറിട്ടിയുടെ പരാതി പരിഗണിച്ചായിരുന്നു വിധി.

റിസര്‍വ്വ് ബാങ്ക് ഇടപെടല്‍
ഭിന്നലിംഗക്കാരുടെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് ബാങ്ക് അക്കൗണ്ട് തുറക്കാനും ബാങ്കുകളുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങള്‍ ലഭ്യമാക്കാനും ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ട എല്ലാ കോളങ്ങളിലും ഭിന്നലിംഗം എന്ന ഓപ്ഷന്‍ കൂടി ചേര്‍ക്കണമെന്ന് ആര്‍.ബി.ഐ. ഈയിടെ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു.

രാജ്യസഭയില്‍
ഭിന്നലിംഗക്കാര്‍ക്ക് ആത്മവിശ്വാസം പകരുന്നതാണ് കഴിഞ്ഞദിവസം അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി തിരുച്ചിശിവ കൊണ്ടുവന്ന സ്വകാര്യബില്‍ പാസായത്. 45 വര്‍ഷത്തിനു ശേഷമാണ് ഒരു സ്വകാര്യബില്‍ രാജ്യസഭയില്‍ പാസാകുന്നത് എന്ന സവിശേഷതയുമുണ്ട്. 1970 ലാണ് ഇതിനു മുന്‍പ് ഒരു സ്വകാര്യബില്‍ രാജ്യസഭയില്‍ പാസായത്.
            മനുഷ്യന്‍ എന്നാല്‍ സ്ത്രീയും പുരുഷനും മാത്രമല്ലെന്നും അതിന്റെ മധ്യത്തില്‍ ജനിച്ചുവീഴുന്നവരുണ്ടെന്നും ജനിതകവൈകല്യങ്ങള്‍ ആരുടെയും കുറ്റമല്ല എന്നുമുള്ള ഉയര്‍ന്ന ബോധത്തിലേയ്ക്ക് നാം വളരേണ്ടിയിരിക്കുന്നു. ചാന്ത്‌പൊട്ട്, ഒന്‍പത് എന്നൊക്കെ പറഞ്ഞ് നാം മാറ്റിനിര്‍ത്തുന്ന ഇവര്‍ക്കും തുല്യഅവകാശങ്ങളുണ്ടെന്ന് മറക്കാതിരിക്കാം. രാജ്യസഭയില്‍ പാസാക്കിയ ബില്ലും, സുപ്രീം കോടതി വിധിയും, ആര്‍.ബി.ഐ. ഉത്തരവുമെല്ലാം ഭിന്നലിംഗക്കാരുടെ വികാരങ്ങളെ രാജ്യം പരിഗണിക്കുന്നുണ്ട് എന്നതിന്റെ സൂചനയാണ്.

ഡോ. സിന്ധു ജോയ്
കുറിപ്പ്: - ലേഖനത്തിൽ പരാമർശിച്ചിരിക്കുന്ന പേരുകൾ സാങ്കൽപികമാണ്

http://www.marunadanmalayali.com/column/idam-valam/transgender-rights-18598

Friday 1 May 2015

മദ്യപാനം മാറേണ്ട കാഴ്ചപാടുകൾ


ഒരുനടി പൊതുപരിപാടിയില്‍ മദ്യപിച്ചത്തെി എന്ന ആരോപണം അപഹാസ്യമായ ചര്‍ച്ചകള്‍ക്ക് ഇട നല്‍കിയിരിക്കുകയാണ്. ഈ വിഷയത്തില്‍ അവരുടെ വ്യക്തിപരമായ പ്രതികരണം വരാത്തിടത്തോളം എന്താണ് സംഭവിച്ചതെന്ന് ആധികാരികമായി പറയാനാവില്ല . എങ്കിലും മദ്യപാനികളോടുള്ള സമൂഹത്തിന്‍െറ പൊതുകാഴ്ചപ്പാടും അവജ്ഞയും ഒക്കെയാണ് ഈ ചര്‍ച്ചകളിലെല്ലാം പ്രതിഫലിക്കുന്നത്. അവരോടുള്ള കാഴ്ചപ്പാട് സംബന്ധിച്ച ചര്‍ച്ചകള്‍ക്കും തീരുമാനങ്ങള്‍ക്കും ഇത് ഉചിതമായ സമയമാണെന്നാണ് എന്‍െറ ചിന്ത.

ഇന്ത്യയില്‍ ഏറ്റവുമധികം മദ്യഉപഭോഗം നടക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. മദ്യപാനം ആരംഭിക്കുന്നതിന്‍െറ ശരാശരി പ്രായം പതിമൂന്നും കൂടുതല്‍ ഉപഭോഗം നടക്കുന്നത് 21 മുതല്‍ 40 വയസിന് ഇടയിലും ആണ്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ സ്ത്രീകള്‍ക്കിടയിലെ മദ്യപാനത്തിലും ഗണ്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. യുവജനങ്ങള്‍ക്കിടയിലെ മദ്യപാനവും ലഹരിമരുന്ന് ഉപയോഗവും കണക്കുകള്‍ക്കും അപ്പുറമാണ്.


മദ്യപാനം ഒരുവന്‍െറ ആരോഗ്യത്തെ നശിപ്പിക്കുകയും ആ വ്യക്തിക്കു തൊഴില്‍പ്രശ്നങ്ങളോ സാമ്പത്തിക തകര്‍ച്ചയോ സാമൂഹിക പ്രയാസങ്ങളോ ഉണ്ടായിട്ടും മദ്യം ഉപേക്ഷിക്കുന്നില്ളെങ്കില്‍ അയാളൊരു "മദ്യപാന രോഗിയാണ് "എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത് .അമിത മദ്യപാനം ഒരു രോഗാവസ്ഥ ആണ് എന്നാല്‍ ഈ തിരിച്ചറിവ് നമ്മളില്‍ എത്ര പേര്‍ക്ക് ഉണ്ട് ?
തുടക്കത്തില്‍ ഒരു രസത്തിനു വേണ്ടിയാണ് പലരും മദ്യപാനം അരംഭിക്കുനത്. ചിലരാകട്ടെ മാനസിക പിരിമുറുക്കങ്ങളെ അതിജീവിക്കാനും. ഇതു രണ്ടും മദ്യാസക്തിയിലേക്ക് ചെന്നത്തൊം. മനുഷ്യന്‍െറ തലച്ചോറിനെ പൊടുന്നനെ കടന്നാക്രമിക്കാന്‍ കെല്‍പ്പുള്ള വൈഷാദിക മരുന്ന് കൂടിയാണ് മദ്യം. അതിനാല്‍തന്നെ ലഹരിയില്‍ ആയിരിക്കുമ്പോള്‍ ചിലര്‍ക്ക് തങ്ങള്‍ പറഞ്ഞതും ചെയ്തതുമായ കാര്യങ്ങള്‍ ഓര്‍മയുണ്ടാവില്ല. ഈ അവസ്ഥക്ക് "ബ്ളാക്ക് ഒൗട്ട് " എന്ന് പറയുന്നു .തലച്ചോറില്‍ ഉണ്ടാകുന്ന രാസവിന്യാസങ്ങള്‍ ക്രമരഹിതമാകുന്നതിനാലാണ് ഈ അവസ്ഥയിലേക്ക്് ഒരാള്‍ എത്തുന്നത്. ഇതു മനസിലാക്കാന്‍ നമുക്കാവണം. അസുഖം ബാധിച്ച ഒരു രോഗിക്ക് കൊടുക്കുന്ന സഹാനുഭൂതി തന്നെയാണ് മദ്യപനിയും അര്‍ഹിക്കുന്നത്. അതല്ലാതെ അവരെ ഒറ്റപ്പെപ്പെടുത്തുകയും പുച്ഛിക്കുകയും ചെയ്യുന്നത് നീതികരിക്കാനാവില്ല.

ലക്ഷക്കണക്കിന് മദ്യപാനികളുള്ള നമ്മുടെ സംസ്ഥാനത്ത് മദ്യപാന രോഗത്തെ കുറിച്ച് തുറന്നചര്‍ച്ച അനിവാര്യമായിരിക്കുന്നു .അവര്‍ വെറുക്കപ്പെടേണ്ടവരല്ല ; മറിച്ച് അവര്‍ക്ക് വേണ്ടത് സ്നേഹവും സാന്ത്വനവും ഒക്കെയാണ്. നമ്മുടെ കുടുംബങ്ങളില്‍ നിന്നുതന്നെ ഇതിനു തുടക്കമിടാം. ഒരാള്‍ ഈ അവസ്ഥയിലേക്ക് പോകാതിരികാനുള്ള നിതാന്തജാഗ്രത കുടുംബങ്ങളില്‍ ഉണ്ടാകട്ടെ. കടുത്ത മദ്യപാനിയായ ഒരാളെ കണ്ടാല്‍ അയാളെ ചികില്‍സക്ക് പ്രേരിപ്പിക്കണം. ഇതോടൊപ്പം രോഗവസ്ഥയിലേക്ക് കൂടുതല്‍ ആളുകള്‍ എത്താതിരിക്കാനുള്ള ശക്തമായ ബാധവല്‍കരണ പരിപാടികളും ആരംഭിക്കേണ്ടിയിരിക്കുന്നു.





കറുത്ത ചിന്തകൾ


ഗായിക സയനോര ഫിലിപ്പ് ഒരു പത്രത്തിൽ വന്ന അവരുടെ അഭിമുഖം എന്റെ ഫേസ് ബുക്ക് പൈജിലേക്ക് ടാഗ് ചെയ്തിരുന്നു .താൻ കറുത്ത നിറകാരിയയതിനാൽ ജീവിതത്തിൽ അഭിമുഖരിക്കേണ്ടി വന്ന പ്രശ്നങ്ങളെ കുറിച്ച് ആയിരുന്നു അത് .വ്യതസ്തമായ ശൈലിയിലുടെ സംഗീത രംഗത്ത് തിളങ്ങി നില്കുന്ന സയനോരയുടെ വാക്കുകൾ ചില സാമൂഹിക യാഥാർധ്യങ്ങളുടെ പ്രതിഫലനം ആണ് ."കറുത്ത നിറമായതിനാൽ ജീവിതത്തിൽ പല പ്രതിസധികളും നേരിടേണ്ടി വന്നിടുന്ടെന്നും 

ചെറുപ്പകാലത്ത് പഠിച്ചിരുന്ന സ്കൂൾ ലെ ഒരു നൃത്ത പരിപാടിയിൽ നിന്ന് മാറി നില്ക്കാൻ ആവശ്യപെട്ടിട്ടുന്ടെന്നും ,വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത്തരം നിലപാടുകൾ എന്നും സ്കൂൾകളിലും കോളേജുകളിലും
തൊഴിലിടങ്ങളിലുമൊക്കെ വ്യപകമാനെന്നും സയനോര സാക്ഷ്യപെടുത്തുന്നു .

മികവുറ്റ കുട്ടികൾ ആണെങ്കിൽ കൂടിയും നിറം നോക്കി കലാ -കായിക രംഗത്ത് നിന്നൊക്കെ മാറ്റി നിരതപെടുന്നു എന്നാ വാർത്തയുടെ അടിസ്ഥാനത്തിൽ ഈ വിഷയത്തിൽ ഗൌരവമായ അന്വേഷണം നടത്താൻ പൊതു വിദ്യാഭ്യാസ സെക്രട്ടറിയോട് വിദ്യാഭ്യാസ മന്ത്രി ആവശ്യപെട്ടിരിക്കുകയാണ് .അന്വേഷനതിണ്ടേ റിപ്പോർട്ട് പുറത്തു വരുമ്പോൾ മാത്രമേ ഇത്തരം പ്രവണതകൾ എത്ര മാത്രം ഉണ്ട് എന്ന് സ്ഥിരീകരിക്കാൻ കഴിയു. എന്നാൽ കേരളത്തില പോലും ഇത്തരം പ്രവണതകൾ നിലനില്കുന്നു എന്നത് വസ്തുതയാണ് .

സ്വാതത്ര്യം നേടി വർഷങ്ങൾ പിന്നിട്ടിട്ടും എല്ലാവരും തുല്യരനെന്ന ഭരണഘടനാ അവകാശങ്ങൾ നിലനില്ക്കുമ്പോഴും രാജ്യത്തെ പൊതു അവസ്ഥയും വ്യെത്യസ്ടമല്ല .വർണ്ണതിന്ടെയും രൂപതിന്ടെയും ഒക്കെ അടിസ്ഥാനത്തിലുള്ള വേർതിരിവുകൾ പിഴുതെറിയാൻ ഇനിയും നമുക്കായിട്ടില്ല.നമ്മുടെ ഭരണാധികാരികൾ പോലും പലപ്പോഴും ഇത്തരം വാക്കുകൾ ഉപയോഗിക്കുനത് കാണാം .കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കോണ്ഗ്രെസ്സ്കർ അംഗികരിച്ചത് അവര്ക്ക് വെളുത്ത നിരമായത് കൊണ്ടാണെന്നും രാജീവ് ഗാന്ധി ഒരു നൈജീരിയകാരിയെയാണ് വിവാഹം കഴിചിരുന്നതെങ്കിൽ അവരെ അധ്യക്ഷയക്കുമോ എന്നാ കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് ന്ടെ വാക്കുകൾ ഏറെ കോലാഹലങ്ങൾ സൃഷ്ടിച്ചിരുന്നു .ഗിരിരാജ് സിംഗ് നെ പ്രധാനമന്ത്രി താക്കീത് ചെയ്യുകയും അദ്ദേഹം മാപ്പ് പറയുകയും ചെയ്തെങ്കിലും തൊലിയുടെ നിറത്തിന് കല്പിക്കപെടുന്ന വിവേച്ചനമല്ലേ ഈ വാക്കുകളിലുടെ പ്രകടമാകുന്നത്

ഗോവയിൽ സമരം നടത്തുന്ന നേഴ്സ് മാരോട് "സമരം നടത്തി വെയില് കൊണ്ട് കറുത്ത് പോയാൽ വിവാഹം കഴിക്കാൻ ആരും വരിലെന്ന" മുഖ്യമന്ത്രിയുടെ വാക്കുകളും കറുപ്പിന് ഇന്നും നമ്മുടെ മനസുകളിൽ രണ്ടാം സ്ഥാനം ആണെന്ന് അടിവരയിട്ടുറപ്പിക്കുന്നു എന്നാൽ അദ്ദേഹം പറഞ്ഞ വാക്കുകളുടെ മറ്റൊരു വശം ചിന്തിച്ചാൽ ഇന്നും വിവാഹത്തിന് പെണ്കുട്ടിയെ തിരഞ്ഞെടുക്കുമ്പോൾ പുരുഷന്മാർ നിറം നോക്കുന്നു എന്നതും വസ്തുതയാണ്.ബീഹാർ തലസ്ഥാനമായ പട്നയിൽ ഈയടുത്താണ് കറുത്ത നിറമുള്ള പെണ്കുട്ടിയെ വിവാഹം കഴിച്ചതിന്ടെ പേരിൽ അയല്ക്കാരുടെ കളിയാക്കലിന് ഇരയായ രാജേഷ് എന്ന യുവാവ് ആത്മഹത്യ ചെയ്തത് .ഉത്തരേന്തയൻ ഗ്രാമങ്ങളിലും മറ്റും ഇനിയും തുടച്ചു മാറ്റപെടാൻ കഴിയാത്ത ജാതി വ്യെവസ്ഥയിലാണ് ഇതിന്ടെ അടിവേരുകൾ .ഉയർന്ന ജാതികർ വെളുത്തവരും താഴ്ന്ന ജാതിക്കാർ കറുത്തവരുമെന്ന സങ്കൽപം പിഴുതെറിയാൻ ഇനിയും ആയിട്ടില്ല

കേരളത്തിലാകട്ടെ നിരവധി പോരട്ടങ്ങളിലുടെയും സാമൂഹിക പരിഷ്കർത്താക്കളുടെ ഇടപെടൽ ലിന്ടെയും ഒക്കെ ഭാഗമായി നാം ആട്ടിയകട്ടിയ ദുഷിച്ച പ്രവണതകൾ ഇപ്പോഴും നില നില്കുന്നു എന്നതാണ് സയനോരയുടെ വാക്കുകളിലുടെ പ്രതിഫലിക്കുന്നത് . നവമാധ്യമങ്ങൾ പരിശോദിച്ചാൽ തന്നെ ഇത് വ്യെക്തമാകും ."ഉമ്മ തരട്ടെ കുട്ടാ "എന്ന അടികുറുപോടെയുള്ള കറുത്ത വംശജയുടെ ചിത്രം അപഹാസ്യമായ രീതിയിൽ ഉപയോഗിക്കുനത് നമ്മുക്ക് സുപരിചിതമാണ് .നിറമില്ലാത്തവരെല്ലാം മോശകരാനെന്ന തോന്നലിൽ നിന്നാണ് ഇത്തരം പോസ്റ്റുകൾ ഉടലെടുക്കുനത് വർണ്ണവിവേച്ചനതിന്ടെ പേരില് ലോകമാകെ നിരവധി മുന്നേറ്റങ്ങൾ നടന്നുവെങ്കിലും കറുത്ത നിറക്കാരോടുള്ള മനോഭാവം മാറ്റാൻ സാക്ഷരർ എന്ന് അവകാശപെടുന്ന നമുക്ക് പോലും ആയിട്ടില്ല .നൂറ്റാണ്ടുകളായി ചൂഷണം ചെയ്യപെടുന്ന കറുത്ത വർഗക്കാരുടെയും ആദിവാസി കളുടെയും ഒക്കെ ചിത്രങ്ങൾ അപഹാസ്യമായി ചിത്രികരിക്കുമ്പോൾ ക്രൂരമായ ഒരാനന്ദം ചിലര്ക്കെങ്കിലും ലഭികുനുണ്ടോ എന്ന് സംശയിക്കേണ്ടിയിരികുന്നു

എന്റെ കൂട്ടുകാരി സുധ മേനോൻ ഈയിടെ അവളുടെ ഫേസ് ബുക്കിൽ ഇട്ട ഒരു പോസ്റ്റ് ആവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ് അത് ഇങ്ങനെ ആണ് "ജീവിക്കാൻ വേണ്ടി സോമാലിയയിലും, സുഡാനിലും,ഉഗാണ്ടയിലും പോകാൻ മടി കാണിക്കാത്ത ആഗോള മലയാളിക്ക് എന്തിനാണ് ഈ നിറത്തോട് ക്രൂരതയോളം എത്തുന്ന ഈ പുച്ഛം? ഇതേ നമ്മള് തന്നെയാണ് നെല്സണ് മണ്ടേലയുടെ ചിത്രം പ്രൊഫൈൽ പിക്ചർ ആയി ഇടുന്നത്..മണ്ടേലയെ പാടി പുകഴ്ത്തുന്നത്.ഓ എന വി യുടെ കറുത്ത പക്ഷിയുടെ പാട്ട് കാണാതെ പഠിപ്പിച്ചു മക്കൾക്ക് യുവജനോത്സവത്തിന് സമ്മാനം ഉറപ്പിക്കുനത്....അഫ്രികാൻ സാഹിത്യം പഠിക്കുകയും പഠിപ്പിക്കുകയും ചെയുന്നത്...ഫേസ് ബുക്കില് കറങ്ങി നടക്കുന്ന ഈ ചിത്രവും പ്രതിഫലിപ്പിക്കുന്നത് ലോകത്തുള്ള ഒരു റ്റൊയിലെറ്റ് ക്ലീനെരിനും വൃത്തിയാക്കാൻ ആവാത്ത അഴുക്കു കെട്ടികിടക്കുന്ന നമ്മുടെ മനസിനെയാണ് അല്ലാതെ ഈ കറുപ് നിറത്തെയല്ല" സുധയുടെ വാക്കുകൾ പ്രസക്തമല്ലേ ?

പരിഷ്കൃത സമൂഹം എന്ന് അവകാശപെടുന്ന നമുക്ക് പോലും വർണ്ണചിന്തകൾ പൂർണമായും ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ല .

സയനോരയുടെ വാക്കുകൾ നമുക്ക് തുറന്ന ചർച്ചക്ക് വിധേയമാക്കാം ഒപ്പം നമ്മുടെ സമൂഹത്തിൽ അവശേഷിക്കുന്ന ഇത്തരം പ്രവണതകൾ ഇല്ലാതാക്കാൻ ശ്രമികുകയും ചെയ്യാം .
http://www.marunadanmalayali.com/column/idam-valam/colour-discrimination-18190