Friday, 8 May 2015

ഭിന്നലിംഗക്കാരെ മാറ്റി നിര്‍ത്തരുതേ: അവരും മനുഷ്യരാണ് അവര്‍ക്കും അവകാശങ്ങളുണ്ട്''മാലാഖമാര്‍ സ്ത്രീയാണോ? പുരുഷനാണോ? രണ്ടുമല്ലെന്നാണ് വിജ്ഞാനികള്‍ പറയുന്നത്. അതുകൊണ്ടുതന്നെ ട്രാന്‍സ്‌ജെന്‍ഡറുകള്‍ മാലാഖമാരോട് അടുത്ത് നില്‍ക്കുന്നവരാണ്. ആരെക്കാളും മുകളിലാണെന്ന് ഞങ്ങള്‍ അവകാശപ്പെടുന്നില്ല. പക്ഷേ സ്ത്രീകളുടേയും പുരുഷന്മാരുടേയും പ്രശ്‌നങ്ങള്‍ ഒരുപോലെ മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിയും, അമ്മയെ പോലെ സ്‌നേഹിക്കാനും അച്ഛനെപ്പോലെ ശാസിക്കാനും ഞങ്ങള്‍ക്കാകും''. ഇന്‍ഡ്യയിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡറായ ഭാരതി എന്ന പുരോഹിതയുടെ വാക്കുകളാണിത്.
ലൈംഗിക ന്യൂനപക്ഷങ്ങള്‍ അഥവാ ഭിന്നലിംഗക്കാര്‍ - നാം അകറ്റി നിര്‍ത്തുകയും അവജ്ഞയോടെ തള്ളിക്കളയുകയും ചെയ്യുന്ന കുറെ മനുഷ്യര്‍. തന്റേതല്ലാത്ത കുറ്റത്താല്‍, പരിഹാസങ്ങള്‍ ഏറ്റുവാങ്ങുകയും പീഡാനുകൂലമായ ജീവിതം നയിക്കുകയും ചെയ്യുന്നവര്‍. ഇക്കൂട്ടത്തില്‍ പുരുഷനായി ജനിച്ച് സ്ത്രീ മനസ്സുമായി ജീവിക്കുന്നവരും സ്ത്രീയായി ജനിച്ച് പുരുഷമനസ്സുമായി ജീവിക്കുന്നവരുമുണ്ട്.


കേരള സര്‍വ്വകലാശാലയിലെ  കൗണ്‍സിലിംഗ് കോഴ്‌സിന്റെ ഭാഗമായുള്ള ട്രെയിനിംഗിന് പോയപ്പോഴാണ് ഭിന്നലിംഗക്കാരെക്കുറിച്ചുള്ള എന്റെ ധാരണകള്‍ക്ക് മാറ്റമുണ്ടായത്. തിരുവനന്തപുരം കരമനയിലുള്ള ഡെയില്‍വ്യൂ (Dale View) ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സുരക്ഷ സെന്ററില്‍ വെച്ചാണ് ഈ വിഭാഗക്കാരെ പരിചയ പ്പെടാനും കൂടുതലറിയാനും അവസരം ലഭിച്ചത്. ഉത്തരേന്ത്യയിലേക്കും മറ്റും ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ഇവരെ പതിവായി കാണാറുണ്ടെങ്കിലും ഭയ ത്തോടെയാണ് കണ്ടിരുന്നത്. അവരെല്ലാം അക്രമകാരികളോ മാറ്റി നിര്‍ത്തപ്പെടേണ്ട വരോ ആണെന്ന ധാരണയായിരുന്നു. 'ഡെയില്‍വ്യൂ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സുരക്ഷ' സെന്ററില്‍ എത്തുന്നതിനു മുന്‍പ് മറിച്ച് ചിന്തിക്കാന്‍ മാത്രം അവരെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിച്ചിട്ടുമില്ല.

ട്രെയിനിംഗ് കാലയളവില്‍ ഇവരില്‍ പലരുടേയും നരകതുല്യമായ ജീവിതങ്ങളെ അടുത്തറിഞ്ഞു. വീട്ടുകാരുടേയും നാട്ടുകാരുടേയും നിരന്തരമായ അവഹേളനത്തിനും പീഡനങ്ങള്‍ക്കും ഇരയാകുന്നവരാണവര്‍. പുരുഷ രൂപത്തില്‍ ജനിക്കുന്ന ഭിന്നലിംഗക്കാര്‍ അവിടെവെച്ച് പരിചയപ്പെട്ട അഭിഷേക് എന്ന ആശ ചെറുപ്പത്തില്‍ പഠിക്കാന്‍ സമര്‍ത്ഥനായിരുന്നു. എന്നാല്‍ ജനിതകമായ സവിശേഷതകള്‍ സ്വഭാവത്തില്‍ പ്രകടമായത് മുതല്‍ സഹപാഠികളും അദ്ധ്യാപകരും അകറ്റി നിര്‍ത്തി. പലപ്പോഴും പരിഹസിച്ചു തല്‍ഫലമായി പഠനം പൂര്‍ത്തികരിക്കാനായില്ല. ഭിന്നലിംഗക്കാരനായതിനാല്‍ മറ്റ് തൊഴില്‍ കൊടുക്കാന്‍ ആരും തയ്യാറായതുമില്ല. ആശ ഇപ്പോള്‍ ലൈംഗിക തൊഴിലാളിയാണ്.
 ഇവരില്‍ പലരു0 സ്ത്രീകളുടെ ജീവിതം ആഗ്രഹിക്കുന്നു. സ്ത്രീകളെപ്പോലെ വസ്ത്രം ധരിക്കാനും ആഭരണങ്ങള്‍ അണിയാനും നൃത്തം ചെയ്യാനുമൊക്കെ കൊതിയാണവര്‍ക്ക്. പൊതുസമൂഹം മാറ്റിനിര്‍ത്തുന്നതുകൊണ്ട് ജീവിക്കാന്‍ പോലും പലരും ലൈംഗികതൊഴിലാളികളായി ജീവിക്കേണ്ടിവരുന്നു. ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് പുരുഷ ലൈംഗിക തൊഴിലാളികള്‍ മാത്രമാണ് എന്നാണ് പൊതുധാരണ. എന്നാല്‍ എല്ലാ ഭിന്നലിംഗക്കാരും ലൈംഗിക തൊഴിലാളികളല്ല.
കണ്ടുമുട്ടിയ ഒട്ടുമിക്കവരും പരാതിപ്പെട്ടത് അവരോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടിനെക്കുറിച്ചും തങ്ങളുടെ അവകാശലംഘനങ്ങളെക്കുറിച്ചുമാണ്. ഇതില്‍ വോട്ടവകാശവും, റേഷന്‍കാര്‍ഡില്‍ പേര് ചേര്‍ക്കുന്നതുമൊക്കെപ്പെടും. ഹോട്ടലുകളിലും ആശുപത്രികളിലുമൊക്കെ പലപ്പോഴും പ്രവേശനം നിഷേധിക്കപ്പെടുന്നുണ്ടത്രെ. യാത്രാവേളകളില്‍ ഇവരുടെ അടുത്തിരിക്കാന്‍പോലും പലരും തയ്യാറാകുന്നില്ല.
ഒരിക്കല്‍ അസുഖത്തെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ പോയപ്പോള്‍ ഉണ്ടായ ബുദ്ധിമുട്ടാണ് രാമന്‍ അഥവാ രമ എന്ന ട്രാന്‍സ്‌ജെന്‍ഡറിന് പറയാനുണ്ടായിരുന്നത്. ഏത് ലിംഗത്തില്‍പ്പെട്ടയാളാണെന്ന് വ്യക്തമാക്കാന്‍ കഴിയാത്തതിനാല്‍ പുരുഷ വാര്‍ഡിലോ, സ്ത്രീ വാര്‍ഡിലോ അഡ്മിറ്റ് ചെയ്യണമെന്ന ആശയകുഴപ്പത്താല്‍ ആ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ അധികൃതര്‍ വിസമ്മതിച്ചു. ട്രെയിനിംഗിനു പോയ ഡെയില്‍വ്യൂ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സുരക്ഷ കേന്ദ്രം പ്രവര്‍ത്തിക്കുന്നതിന് തിരുവനന്തപുരം നഗരത്തില്‍ വാടകയ്ക്ക് കെട്ടിടം കിട്ടാന്‍ നന്നേ ബുദ്ധിമുട്ടേണ്ടി വന്നുവെന്ന് കേന്ദ്രത്തിന്റെ ചുമതലയുള്ള ഡിപിന്‍ പറഞ്ഞ തോര്‍ക്കുന്നു. ഭിന്നലിംഗക്കാരോടുള്ള പൊതുക്കാഴ്ചപ്പാടിന്റെ പ്രതിഫലനമാണ് ഇതൊക്കെ.

ഭിന്നലിംഗക്കാര്‍ എങ്ങനെ ജനിക്കുന്നു.
മനുഷ്യന്റെ ലിംഗനിര്‍ണ്ണയം ഗര്‍ഭാവസ്ഥയില്‍ ക്രോമസോമുകളുടെ സംയോഗത്തോടെ നിര്‍ണ്ണയിക്കപ്പെടുന്നു. XX ക്രോമസോമുകളുടെ സംയോഗത്താല്‍ പെണ്‍ കുഞ്ഞും, XY ക്രോമസോമുകളുടെ സംയോഗത്താല്‍ ആണ്‍കുഞ്ഞും ജനിക്കുന്നു. ഈ ക്രോമസോമുകളുടെ ഏറ്റക്കുറച്ചിലുകള്‍ കാരണം Y ക്രോമസോമിന്റെ ദുര്‍ബലതയോടെ ജനിക്കുന്ന കുട്ടികളാണ് ഭിന്നലിംഗക്കാരായി കണക്കാക്കുന്നത്. ജനിതകമായ വൈകല്യം മൂലമാണ് ഒരാള്‍ ട്രാന്‍സ്‌ജെന്‍ഡറായി ജനിക്കുന്നത്.

ഇന്‍ഡ്യയിലെ ഭിന്നലിംഗക്കാര്‍
മുഗള്‍ ഭരണക്കാലത്ത് റാണിമാരുടെ അന്തഃപുരത്തിലെ കാര്യസ്ഥന്മാരായി ഭിന്നലിംഗക്കാരെ നിയോഗിച്ചിരുന്നതായി കാണാം. ഹൈദ്രബാദിലെ നിസാം ഇവര്‍ക്കായി പ്രത്യേകം വാസസ്ഥലവും ആരാധനാലയവുമൊക്കെ പണിതുനല്‍കി യിരുന്നതായി സിയാ ജഫ്രിയുടെ 'ദി ഇന്‍വിസിബിള്‍സ്' എന്ന പുസ്തകം പറയുന്നു.
വടക്കേ ഇന്‍ഡ്യന്‍ സമൂഹത്തില്‍ ഭിന്നലിംഗക്കാര്‍ക്ക് വലിയ സ്ഥാനമൊന്നുമില്ലെങ്കിലും അവര്‍ക്ക് അനുഗ്രഹിക്കാനും ശപിക്കാനുമൊക്കെ കഴിവുണ്ടെന്ന അന്ധവിശ്വാസം അവരുടെ ജീവിതം നിലനിര്‍ത്തിപോരുന്നു. എങ്കിലും ഇവരില്‍ ഭൂരിഭാഗവും ഭിക്ഷയാചിച്ചും ലൈംഗിക തൊഴിലില്‍ ഏര്‍പ്പെട്ടുമൊക്കെ ജീവിതം തള്ളിനീക്കുന്നു.രാജ്യത്ത് ഔദ്യോഗികമായി 4.5 ലക്ഷം പേരുടെ കണക്കേ ഉള്ളുവെങ്കിലും ജനസംഖ്യയിലെ 20-25 ലക്ഷം ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ഉണ്ടെന്നാണ് ഇവരെ സംബന്ധിച്ച് രാജ്യസഭയില്‍ അവതരിപ്പിച്ച് പാസാക്കായി ബില്ലില്‍ പരാമര്‍ശി ക്കുന്നത്.

കേരളത്തിലെ പൊതുസ്ഥിതി
ഇവിടെ ഭിന്നലിംഗക്കാര്‍ കുറവാണെന്നാണ് പൊതുധാരണ. എന്നാല്‍ ഇവരോട് സമൂഹം കാട്ടുന്ന അസഹിഷ്ണുതയും പരിഹാസവുമൊക്കെ പലപ്പോഴും ഇവരെ തങ്ങളുടെ ഐഡന്റിറ്റി ഒളിപ്പിച്ച് വെയ്ക്കാനോ സംസ്ഥാനം വിട്ടുപോകാനോ ഒക്കെ പ്രേരിപ്പിക്കുന്നു. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനോട് ഏറ്റവും മോശമായി പെരുമാറുന്ന സംസ്ഥാനങ്ങളിലൊന്നാണു കേരളമെന്ന് ഈയിടെ പാലക്കാട് ചേര്‍ന്ന ഭിന്നലിംഗ ക്കാരുടെ സംസ്ഥാനതലസംഗമം ചൂണ്ടിക്കാട്ടിയിരുന്നു. നമ്മളവരെ നിരം ഉപദേശിച്ചുകൊണ്ടിരിക്കുകയാണെന്നും മറ്റുള്ളവരെ പോലെ ജീവിക്കാനുള്ള സാഹചര്യമൊരുക്കണമെന്നുമാണ് അവരുടെ പ്രധാനപ്പെട്ട ആവശ്യം.

2014 ലെ സുപ്രീംകോടതി വിധി
റെ നാളത്തെ നിയമപോരാട്ടത്തിനുശേഷമാണ് ഭിന്നലിംഗക്കാരുടെ പൗരാവകാശ സംരക്ഷണത്തിന് നിയമനിര്‍മ്മാണം നടത്തണമെന്നും, അവരോട് ഒരു തരത്തിലുള്ള വിവേചനം പാടില്ലായെന്നും ജസ്റ്റിസ് കെ.എസ്.രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബഞ്ച് ഏപ്രില്‍ 15, 2014 ല്‍ വിധി പ്രസ്താവിച്ചത്. തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈന്‍സന്‍സ് എന്നിവയില്‍ ഭിന്നലിംഗം എന്ന് അടയാളപ്പെടുത്താന്‍ അവസരം നല്‍കണമെന്നും, വിവാഹത്തി നും കുട്ടികളെ ദത്തെടുക്കുന്നതിനും നിയമപരമായ അവകാശം നല്‍കണമെന്നും ദേശീയ ലീഗല്‍ അതോറിട്ടിയുടെ പരാതി പരിഗണിച്ചായിരുന്നു വിധി.

റിസര്‍വ്വ് ബാങ്ക് ഇടപെടല്‍
ഭിന്നലിംഗക്കാരുടെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് ബാങ്ക് അക്കൗണ്ട് തുറക്കാനും ബാങ്കുകളുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങള്‍ ലഭ്യമാക്കാനും ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ട എല്ലാ കോളങ്ങളിലും ഭിന്നലിംഗം എന്ന ഓപ്ഷന്‍ കൂടി ചേര്‍ക്കണമെന്ന് ആര്‍.ബി.ഐ. ഈയിടെ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു.

രാജ്യസഭയില്‍
ഭിന്നലിംഗക്കാര്‍ക്ക് ആത്മവിശ്വാസം പകരുന്നതാണ് കഴിഞ്ഞദിവസം അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി തിരുച്ചിശിവ കൊണ്ടുവന്ന സ്വകാര്യബില്‍ പാസായത്. 45 വര്‍ഷത്തിനു ശേഷമാണ് ഒരു സ്വകാര്യബില്‍ രാജ്യസഭയില്‍ പാസാകുന്നത് എന്ന സവിശേഷതയുമുണ്ട്. 1970 ലാണ് ഇതിനു മുന്‍പ് ഒരു സ്വകാര്യബില്‍ രാജ്യസഭയില്‍ പാസായത്.
            മനുഷ്യന്‍ എന്നാല്‍ സ്ത്രീയും പുരുഷനും മാത്രമല്ലെന്നും അതിന്റെ മധ്യത്തില്‍ ജനിച്ചുവീഴുന്നവരുണ്ടെന്നും ജനിതകവൈകല്യങ്ങള്‍ ആരുടെയും കുറ്റമല്ല എന്നുമുള്ള ഉയര്‍ന്ന ബോധത്തിലേയ്ക്ക് നാം വളരേണ്ടിയിരിക്കുന്നു. ചാന്ത്‌പൊട്ട്, ഒന്‍പത് എന്നൊക്കെ പറഞ്ഞ് നാം മാറ്റിനിര്‍ത്തുന്ന ഇവര്‍ക്കും തുല്യഅവകാശങ്ങളുണ്ടെന്ന് മറക്കാതിരിക്കാം. രാജ്യസഭയില്‍ പാസാക്കിയ ബില്ലും, സുപ്രീം കോടതി വിധിയും, ആര്‍.ബി.ഐ. ഉത്തരവുമെല്ലാം ഭിന്നലിംഗക്കാരുടെ വികാരങ്ങളെ രാജ്യം പരിഗണിക്കുന്നുണ്ട് എന്നതിന്റെ സൂചനയാണ്.

ഡോ. സിന്ധു ജോയ്
കുറിപ്പ്: - ലേഖനത്തിൽ പരാമർശിച്ചിരിക്കുന്ന പേരുകൾ സാങ്കൽപികമാണ്

http://www.marunadanmalayali.com/column/idam-valam/transgender-rights-18598

No comments:

Post a Comment