Saturday 6 June 2015

മാനസികാരോഗ്യ പ്രശ്നങ്ങൾ ഒളിച്ചു വെക്കേണ്ടതോ ? വിഷാദരോഗം ഒരവലോകനം .




തിരുവനന്തപുരം സ്വദേശിയും കണ്ണൂർ ജില്ലാ ആശുപത്രിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റും എന്റെ കൗൺസിലിങ് സൈക്കോളജി അദ്ധ്യാപകനുമായ ഡോ. പി. ആർ. അജിത്തിനെ പഠനത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ വീട്ടിൽ സുഹൃത്തുക്കളുമൊത്ത് ഒരു ദിവസം പോയി കാണേണ്ടിവന്നു. അവിടെ പോയത് എങ്ങിനെയോ അറിഞ്ഞ ചിലർ എന്തിനാണ് പോയതെന്ന് ഫോൺ വിളിച്ച് ചോദിക്കു കയുണ്ടായി. ആ ഫോൺ കോളിൽ ഒളിഞ്ഞിരുന്ന ജിജ്ഞാസയുടെ വശം പിന്നീടാ ണ് മനസ്സിലായത്. എനിക്കെന്തെങ്കിലും മാനസിക പ്രയാസങ്ങൾ ഉണ്ടായതിന്റെ ഭാഗമായാണോ അവിടെ പോയത് എന്നാണ് അവർക്ക് അറിയേണ്ടിയിരുന്നത്. എന്നെപ്പറ്റിയുള്ള ആ അന്വേഷണം നമ്മുടെ സമൂഹത്തിൽ മാനസികരോഗങ്ങളെ പ്പറ്റിയുള്ള ധാരണകളുടെ ബാക്കിപത്രമാണ്. അനാവശ്യമായ ഒരു സാമൂഹിക അവജ്ഞ മാനസിക അസ്വസ്ഥതയുള്ളവർ നേരിടേണ്ടിവരുന്നു എന്നത് വസ്തുതയാണ്.

മാനസികആരോഗ്യ പ്രശ്‌നങ്ങളും അസ്വസ്ഥതകളും ചികിത്സിക്കാതെ ഒളിപ്പാക്കാനാണ് പലരും ശ്രമിക്കുന്നത്. എന്നാൽ തുടക്കത്തിലെ ചികിത്സിച്ചാൻ പല പ്രശ്‌നങ്ങളും ഭേദപ്പെടുത്താനും, വരുതിയിൽ നിർത്താൻ കഴിയുമെന്നും നാം തിരിച്ചറിയേണ്ടതായിട്ടുണ്ട്. തലച്ചോറിലെ ന്യൂറോട്രാൻസ്മീറ്ററുകളുടെ വൃതിയാനങ്ങളാണ് ഇത്തരം അവസ്ഥയിലേക്ക് ഒരാളെ എത്തിക്കുന്നത്. ശാരീരിക അസുഖങ്ങളും, മാനസികാരോഗ്യ പ്രശ്‌നങ്ങളും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. അതിൽ ഒളിച്ചുവയ്‌ക്കേണ്ടതായി ഒന്നുമില്ല.

ഇനി വിഷാദരോഗത്തിലേയ്ക്ക് വരികയാണെങ്കിൽ ആധുനിക മനുഷ്യൻ അഭിമുഖീകരിക്കുന്ന മാനസിക പ്രശ്‌നങ്ങളിൽ ഏറ്റവും മുൻപന്തിയിലാണ് വിഷാദരോഗത്തിന്റെ സ്ഥാനം. വിഷാദരോഗം ഒരു രോഗത്തിനുമപ്പുറം മനസ്സിന്റെ ഒരവസ്ഥയാണ്. മാനസികസമ്മർദ്ദങ്ങളുടെ ഭാഗമായി ഉറക്കം, വ്യക്തിത്വം, ഭക്ഷണരീതി എന്നിവയെ കടുത്ത തോതിൽ വിഷാദരോഗം കടന്നാക്രമിക്കുന്നു. വേണ്ട രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ ജീവിതം തന്നെ കൈവിട്ടുപോകുന്ന അവസ്ഥ ഉണ്ടാകും. നിരവധി ആത്മഹത്യകളാണ് വിഷാദരോഗത്തിന്റെ ഭാഗമായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈയിടെ ''ജർമ്മൻവിങ്‌സ്'' വിമാനം ആൽപ്‌സിലിടി പ്പിച്ച് തകർത്ത വിമാനത്തിന്റെ സഹപൈലറ്റ് ആൻഡ്രിയാസ് ലുബിട്‌സ് വിഷാദരോഗത്തിന്റെ അടിമയായിരുന്നു എന്നത് ഈ രോഗത്തിന്റെ ഭയാനകമായ വശം വെളിവാകുന്നു.

ലോകജനസംഖ്യയുടെ മാനസികാരോഗ്യത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നതാണ് വിഷാദരോഗം. ലോകാരോഗ്യസംഘടന നടത്തിയ സർവ്വേ പ്രകാരം ഇരുപതിൽ ഒന്ന് എന്ന തോതിൽ ആളുകൾക്ക് ഏതെങ്കിലും തരത്തിലുള്ള വിഷാദരോഗം ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ലോകത്ത് 35 കോടി ജനങ്ങളാണ് വിഷാദരോഗത്തിന് അടിമപ്പെട്ടിട്ടുള്ളത്. നിലവിൽ മനുഷ്യർക്ക് ഭീഷണിയായിട്ടുള്ള രോഗങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഇത്. എന്നാൽ 2030 ഓടെ ഇത് ഒന്നാം സ്ഥാനത്തെത്തുമെന്നാണ് ലോകാരോഗ്യസംഘടയുടെ മുന്നറിയിപ്പ്. ഇന്ത്യൻ ജനസംഖ്യയിൽ നാല് ശതമാനം വിഷാദരോഗികളാണുള്ളത്. കേരളത്തിലാകട്ടെ 20 ശതമാനത്തിനു മുകളിൽ ആളുകൾക്ക് ജീവിതത്തിൽ ''മൈൽഡ് ഡിപ്രഷൻ'' അഭിമുഖീകരിക്കേണ്ടിവരുന്നു.

നമ്മുടെ തലച്ചോറിലെ നാഡീകോശങ്ങൾ സീറോട്ടോണിൽ, നോർ- എപിനെഫ്രിൻ എന്നീ രാസവസ്തുക്കൾ ഉത്പാദിപ്പിക്കുന്നു. ഇങ്ങനെ രാസവസ്തു ക്കൾ ഉപയോഗിച്ച് ആശയവിനിമയം നടത്തുന്ന നാഡീപഥങ്ങളാണ് വിഷാദത്തിൽ ഒരാളുടെ സ്വഭാവത്തേയും, ശാരീരിക പ്രക്രിയകളേയുമൊക്കെ നിയന്ത്രിക്കുന്നത്. ഇത്തരം രാസവസ്തുക്കൾക്ക് പഠനം, ഓർമ്മ, ഉറക്കം, മാനസികനില, ലൈംഗിക താൽപ്പര്യങ്ങൾ തുടങ്ങിയ വിവിധങ്ങളായ പ്രവർത്തികളെ നിയന്ത്രിക്കാനുള്ള അസാധാരണമായ കഴിവുണ്ട്. കേന്ദ്രനാഡീ വ്യവസ്ഥയിലെ സീറോടോണിൻ, നോർ-എപിനെഫ്രിൻ എന്നിവയുടെ അളവിലുണ്ടാകുന്ന കുറവാണ് വിഷാദ രോഗത്തിന്റെ അടിസ്ഥാനം.

ജീവിതത്തിലുണ്ടാകുന്ന ദുരന്തങ്ങളും, സംഘർഷങ്ങളും ഒരു വ്യക്തിക്ക് നിരവധി ഘട്ടങ്ങളിൽ ദുഃഖകരമായ അവസ്ഥകൾ ഉണ്ടാക്കാം. ഇതുമൂലം ഉണ്ടാകുന്ന വിഷമവും ദുഃഖവും ആ കാരണങ്ങളും സാഹചര്യങ്ങളും ഇല്ലാതാകുമ്പോൾ കുറഞ്ഞ് വരികയും പിന്നീട് ഇല്ലാതാവുകയും ചെയ്യും. എന്നാൽ ഇത്തരം ദുഃഖങ്ങളുടെ തീവ്രത വിട്ടുമാറാതെയിരിക്കുകയാണെങ്കിൽ അയാൾ വിഷാദരോഗത്തിന് അടിമ യാകാം. അടുത്ത ബന്ധുക്കളുടെയോ, സുഹൃത്തുക്കളുടെയോ മരണം, ജോലി നഷ്ടപ്പെടൽ, വിവാഹമോചനം, സാമ്പത്തിക പ്രതിസന്ധി, പ്രണയനൈരാശ്യം, അഭിമാനത്തിന് ക്ഷതമേൽക്കുന്ന അവസ്ഥകൾ തുടങ്ങിയ പ്രതിസന്ധികൾ ഈ അവസ്ഥയിലേക്ക് നയിച്ചേക്കാം. ചില ശാരീരിക പ്രശ്‌നങ്ങൾ മൂലവും വിഷാദരോഗം ഉണ്ടാകാം. അർബുദം പോലുള്ള ഗുരുതര രോഗങ്ങളുടെ കൂടെയോ, തൈറോയിഡ് ഗ്രന്ഥികളുടെ പ്രവർത്തനം കുറയുമ്പോഴുണ്ടാകുന്ന ഹൈപ്പോ തൈറോയിസം ഒക്കെ ഇത്തരത്തിലെ അവസ്ഥകളാണ്. ജനിതകഘടകങ്ങളും മറ്റൊരു കാരണമാണ്. മാതാപിതാക്കൾ ക്കോ അടുത്ത കുടുംബാംഗങ്ങൾക്കോ ഈ രോഗമുണ്ടെങ്കിൽ വിഷാദരോഗം വരാനുള്ള സാധ്യത കൂടുതലാണ്.

ചില വ്യക്തികളിൽ പ്രത്യേക കാരണമൊന്നും ഉണ്ടാകാതെ തന്നെ വിഷാദ രോഗം ഉടലെടുക്കാറുണ്ട്. ഉറക്കം വരാതിരിക്കുക, ഉറങ്ങാൻ പ്രയാസമുണ്ടാകുക, മനസ്സിൽ നെഗറ്റീവ് ചിന്തകൾ മാത്രമുണ്ടാകുക, ദൈനംദിന ജോലികളിൽ വിരക്തി ഉണ്ടാകുക, സാമൂഹികമായി ഇടപെടാൻ പ്രയാസമുണ്ടാകുക, ഇഷ്ടപ്പെട്ട കാര്യങ്ങളിൽ താൽപ്പര്യമില്ലായ്മ, ആഹാരത്തോടും, ലൈംഗികകാര്യങ്ങളിലും വിരക്തി, ആത്മവിശ്വാസക്കുറവ്, ആത്മനിന്ദ, താൻ മറ്റുള്ളവർക്ക് ഭാരമാണെന്നും ഇനി മരണം മാത്രമാണ് ഏകമാർഗ്ഗം എന്നുമൊക്കെയുള്ള തോന്നലുകൾ വിഷാദ രോഗത്തിന്റെ ലക്ഷണങ്ങളാണ്. ഇത്തരം രോഗങ്ങളും അവസ്ഥയും സ്വയം തിരിച്ചറി യുകയോ അല്ലെങ്കിൽ ഏതെങ്കിലും ഒരു കുടുംബാഗത്തിനോ സുഹൃത്തിനോ മനസ്സിലാവുകയോ ചെയ്താൽ ഒട്ടും താമസിയാതെ ഒരു മാനസികാരോഗ്യ വിദഗ്ദ്ധനെ സമീപിക്കണം.

വിഷാദരോഗം സ്വയം കണ്ടെത്തി ചികിത്സിച്ച് മനസ്സിനെ നിയന്ത്രണത്തിലേക്ക് കൊണ്ടുവന്ന നിരവധി പ്രമുഖർ നമുക്കുചുറ്റുമുണ്ട്. താൻ വിഷാദരോഗം സ്വയം തിരിച്ചറിഞ്ഞപ്പോൾ ചികിത്സ തേടി സുഖംപ്രാപിച്ച വിവരം ഈയിടെ ബോളിവുഡ് താരം ദീപികപദുക്കോൺ പരസ്യമായി പറഞ്ഞിരുന്നു. കാൻസർ ചികിത്സ നടക്കുന്ന സമയത്ത് ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ്‌സിങ് വിഷാദരോഗത്തിന് അടിമയായിരുന്നു. ബോളിവുഡ് താരം ആഞ്ജലീന ജോളി, ജെ.കെ., റോളിങ്, ഡയാനാ രാജകുമാരി, ഓസ്‌കാർ അവാർഡ് ജേതാവ് എമ്മ തോമ്‌സൺ തുടങ്ങിയ പ്രമുഖരെല്ലാം വിഷാദരോഗ ചികിത്സയിലൂടെ അതിജീവിച്ചവരാണ്. തനിക്ക് മാനസികാരോഗ്യ പ്രശ്‌നമുണ്ടെന്ന് തുറന്നു പറയാനോ ചികിത്സ തേടാനോ പലരും മടിക്കുന്ന ഈ കാലത്ത് ദീപികാപദുകോണിനെ പോലുള്ള പ്രമുഖർ ''തന്റെ വിഷാദരോഗം സ്വയം തിരിച്ചറിഞ്ഞ് ചികിത്സ തേടി'' എന്ന് സമൂഹത്തിന് മുന്നിൽ തുറന്നുപറഞ്ഞതിലൂടെ വിഷാദരോഗികൾക്ക് മടികൂടാതെ ചികിത്സ തേടാൻ പ്രചോദനമായി എന്ന് കരുതാം.

ഇക്കാലത്ത് വിഷാദരോഗം പൂർണ്ണമായും ചികിത്സിച്ച് മാറ്റാനാവും. ചെറിയ തോതിലുള്ള രോഗാവസ്ഥയാണെങ്കിൽ കൗൺസിലിംഗിലൂടെ നിയന്ത്രിക്കാനു മാകും. എന്നാൽ കഠിനമായ വിഷാദരോഗമുള്ള ഒരാൾ നിരന്തരം ആത്മഹത്യ ചിന്ത പ്രകടിപ്പിച്ചാൽ തീർച്ചയായും ആ വ്യക്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സിപ്പിക്കുകതന്നെ വേണം.

ജീവിതത്തിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും മാറ്റങ്ങൾ വരുത്തുക യുമൊക്കെ ചെയ്താൽ വിഷാദരോഗം ഒഴിവാക്കാനാവും. കൃത്യസമയത്ത് കിടക്കുകയും എഴുന്നേൽക്കുകയും ചെയ്യുക, നടത്തം, നീന്തൽ, ജോഗിങ്, ഇവയിലേതെങ്കിലും ചെയ്താൽ ഉത്കണ്ഠക്കെതിരെ പോരാടുന്ന എൻഡോർഫിൽ പോലുള്ള ഹോർമോണുകളുടെ ഉത്പാദനം കൂട്ടും. അതുപോലെ ഫോളിക് ആസിഡ് ഒമേഗാ-ഫാറ്റി ആസിഡുകൾ എന്നിവ ലഭിക്കുന്ന മത്സ്യം, പച്ചക്കറി, പഴങ്ങൾ തുടങ്ങിയവ ധാരാളമായി കഴിക്കണം. ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കു വാനും ശുഭാപ്തിവിശ്വാസം വളർത്തിയെടുക്കാനുമൊക്കെ ശ്രമിക്കണം.
പുരുഷനെ അപേക്ഷിച്ച് വിഷാദരോഗം വരാനുള്ള സാധ്യത സ്ത്രീകൾക്കാണ് കൂടുതൽ. എന്നാൽ പുരുഷന്മാർക്ക് വിഷാദരോഗം വരില്ലെന്ന ധാരണ തെറ്റാണു താനും. ഈ അവസ്ഥയിലായ ഒരാളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കുടുംബാംഗങ്ങളും, സമൂഹവും ശ്രമിക്കണം. മറിച്ചവരെ ഭ്രാന്തൻ എന്ന് മുദ്രകുത്താ നാണ് പലരും ശ്രമിക്കുന്നത്. കൗൺസിലിങ് ട്രെയിനിയായി തിരുവനന്തപുരം പുന്നലാലുള്ള ഡൈയിൽവ്യൂ ഡി-അഡിക്ഷൻ സെന്ററിൽ വച്ച് മയക്കമരുന്നിന് ചികിത്സ തേടിയെത്തിയ 22 വയസ്സുകാരനായ പ്രവീണുമായി സംസാരിച്ചപ്പോൾ അവന് ഏറ്റവും വെറുപ്പ് അവന്റെ അമ്മയോടാണെന്ന് മനസ്സിലായി. ഇതിന് കാരണം അവന് വിഷാദരോഗമുണ്ടായപ്പോൾ അമ്മയാണ് അവനെ മാനസികാരോഗ്യ വിദഗ്ദ്ധന്റെ അടുത്ത് ചികിത്സയ്ക്ക് കൊണ്ടുപോയത്. അതുമൂലം പലരും അവനെ ഭ്രാന്തൻ എന്നു വിളിക്കുന്നുവത്രേ. മാനസികാരോഗ്യ പ്രശ്‌നമുള്ളവരെ അവഗണിക്കുകയും അവഹേളിക്കുകയും ചെയ്യുന്നതിനു പകരം വസ്തുതകൾ മനസ്സിലാക്കി അവരോട് ദയയും സഹാനുഭൂതിയും പ്രകടിപ്പിക്കാൻ ശ്രമിക്കണം.

എനിക്കെന്തെങ്കിലും മാനസിക പ്രശ്‌നമുണ്ടായാൽ തല ഉയർത്തിപ്പിടിച്ച് തന്നെ ഒരു മാനസികാരോഗ്യ വിദഗ്ദനെ കാണാൻ പോകുകയോ, കൗൺസിലിംഗിന് വിധേയ മാകുകയോ ചെയ്യുമെന്ന് ഡോ.അജിത്തിനെ കാണാൻ പോയതെന്തിനെന്ന് ചോദിച്ചവരോട് മറുപടിയായി പറഞ്ഞപ്പോഴും മാനസികാരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്ന വ്യക്തികളോടുള്ള സമൂഹത്തിന്റെ കാഴ്‌ച്ചപ്പാടിൽ മാറ്റം വരണമെങ്കിൽ ശക്തമായ ക്യാമ്പയിൻ ആവശ്യമാണ് എന്ന ചിന്തയാണ് മനസ്സിൽ ഉയർന്നത്. ശാരീരിക രോഗങ്ങൾക്ക് ചികിത്സ തേടുന്ന ലാഘവത്തോടെ മാനസികാരോഗ്യ വിദഗ്ദ്ധനെ സമീപിക്കാനുള്ള ധൈര്യം വ്യക്തികൾക്ക് ഉണ്ടാകാനാവശ്യമായ രീതിയിൽ ശക്തമായ ''മാനസികാരോഗ്യ സാക്ഷരത'' ക്യാമ്പയിന് നമ്മുടെ സമൂഹത്തിൽ തുടക്കമിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.


Wednesday 3 June 2015

മലിനമാകുന്ന സൈബര്‍ ഇടങ്ങള്‍




നമ്മുടെ നവമാധ്യമങ്ങള്‍ സ്ത്രീവിരുദ്ധതയുടെയും അശ്ലീലതയുടെയും വിവാദങ്ങളുടെയും അനാവശ്യതര്‍ക്കങ്ങളുടെയുമൊക്കെ വേദികളായി മാറുകയാണോ? അതേ എന്നാണ് വര്‍ത്തമാനകാല സൈബര്‍ലോകം നമുക്ക് മുന്നില്‍ സാക്ഷ്യപ്പെടുത്തുന്നത്. ലോകമാകെ നവമാധ്യമങ്ങളെ ക്രിയാത്മകമാക ചര്‍ച്ചകള്‍ക്കും, മുന്നേറ്റങ്ങള്‍ക്കും ഉപയോഗിക്കുമ്പോള്‍ സാംസ്‌കാരിക കേരളത്തിലെ സൈബര്‍മേഖല 'സംസ്‌കാരശൂന്യരുടെ' താവളമായി അധഃപതിക്കുന്നു. മനസ്സില്‍ തോന്നുതെന്തും മറയില്ലാതെ എഴുതിപിടിപ്പിക്കുവാന്‍ ഇവിടം ഉപയോഗിക്കുന്നു. നോക്കിലും വാക്കിലും ലൈംഗികചുവയുള്ള പോസ്റ്റുകള്‍ വ്യാപകമായി കണ്ടുവരുന്നു. ചില ആളുകള്‍ തങ്ങളുടെ കാമപൂര്‍ത്തികരണത്തിനായി ഇവിടെ അഭയം തേടുകയാണോ എന്നൊരു സംശയം!

എഴുത്തുകാരനും സംസ്‌കാരികപ്രവര്‍ത്തകനുമായ ഒരു വ്യക്തി കഴിഞ്ഞ ദിവസമിട്ട ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ ഞെട്ടലില്‍ നിന്നും വിമുക്തിനേടുന്നതിനു മുമ്പാണ് ഇതെഴുതുന്നത്. ഒരു സ്ത്രീ ഒരു പ്രത്യേക വേഷം ധരിച്ചതുകണ്ടപ്പോള്‍ അയാള്‍ക്കുണ്ടായി വികാരത്തെപ്പറ്റി ആഭാസകരമായ രീതിയിലായിരുന്നു അത്. ഏതൊരു വസ്ത്രം ധരിക്കണമെന്നത് ഒരു വ്യക്തിയുടെട സ്വാതന്ത്ര്യമാണെന്നിരിക്കെ സ്ത്രീകളുടെ വസ്ത്രധാരണത്തെ ഉദ്ധരിച്ച് കഴുത കാമം തീര്‍ക്കുന്നതുപോലെ നവമാധ്യമങ്ങളിലൂടെ കരഞ്ഞുതീര്‍ക്കുമ്പോള്‍ എന്ത് സുഖമാണ് ഇത്തരക്കാര്‍ക്ക് ലഭിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. നിരവധി ആളുകള്‍ സൈബര്‍ ഇടങ്ങളെ ദുര്‍ഗന്ധപൂരിതമാക്കുന്നുണ്ട്. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത പോസ്റ്റുകള്‍ ചെറുത്തു തോല്‍പ്പിക്കാന്‍ എന്തു ആഭാസത്തരവും എഴുതിപിടിപ്പിക്കുവാന്‍ ഇത്തരക്കാര്‍ക്ക് മടിയുമില്ല. സ്ത്രീകളും രാഷ്ട്രീയനേതാക്കന്മാരും സിനിമാതാരങ്ങളുമൊക്കെ ഇവരുടെ അവഹേളനങ്ങള്‍ക്ക് നിരന്തരം ഇരയാകുന്നുണ്ട്. പ്രതികരണശേഷിയുള്ള സമൂഹമാണ് നമ്മുടേത്. നല്ലത്! പക്ഷേ ഈ പ്രതികരണങ്ങള്‍ വഴിവിട്ടുപോകരുതെന്നു മാത്രം.

ഈ അടുത്തദിവസം കേരളത്തിലെ ഒരു പ്രമുഖ വനിതാനേതാവ് അവരുടെയൊരു അഭിപ്രായം ഫേസ് ബുക്ക് പോസ്റ്റായി ഇട്ടപ്പോള്‍ താഴെവന്ന നിരവധി അറപ്പുളവാക്കുന്ന കമന്റുകള്‍ കാണുവാന്‍ ഇടയായി. അശ്ലീലചുവയുള്ള കമന്റുകളായിരുന്നു അവയിലധികം. അവരുടെ ആ പോസ്റ്റിനോട് വ്യക്തിപരമായി ആഭിമുഖ്യമില്ലെങ്കിലും പോസ്റ്റിനുതാഴെ എഴുതിപിടിപ്പിച്ച നീതികരിക്കാനാകാത്ത കമന്റുകള്‍ക്കെതിരെ പ്രതികരിക്കണമെന്ന് അന്നേ തോന്നിയിരുന്നു. ആ സ്ത്രീനേതാവിന്റെ പോസ്റ്റിന്റെ താഴെ അഭിപ്രായം പറയാന്‍ അവരുടെ ഫോളോവേഴ്‌സിന് അവകാശമുണ്ട്. പക്ഷേ, അവയില്‍ പലതും സഭ്യതയുടെ അതിര്‍വരമ്പുകള്‍ കടക്കുന്നതായിരുന്നു. അവരുടെ ചാരിത്യശുദ്ധിയെ വരെ ചോദ്യം ചെയ്യുന്ന ആ മറുപടികള്‍ കണ്ടപ്പോള്‍ എന്റെ മനസ്സിലുയര്‍ന്ന ചോദ്യങ്ങള്‍ ഇതായിരുന്നു. നമ്മുടെ സൈബര്‍ ഇടങ്ങള്‍ നിയന്ത്രിക്കാന്‍ ആരുമില്ലേ? ഇവിടെ സ്ത്രീ വിരുദ്ധതയും അശ്ലീലതയും നിറഞ്ഞാടുമ്പോള്‍ ആരാണ് ഇതിന് തടയിടുക? ആര്‍ക്കും എന്തും വിളിച്ചുപറയുവാനും ആരെയും അധിക്ഷേപിക്കുവാനുള്ള വേദികളാണോ ഇത്? നവമാധ്യമങ്ങള്‍ ശക്തമായി പ്രതികരിക്കുന്ന സ്ത്രീകള്‍ക്ക് ഇത്തരത്തിലുള്ള നിരവധി അനുഭവങ്ങള്‍ ഉണ്ട്.

ഈ രംഗത്ത് ഏറെ കടന്നാക്രമണങ്ങള്‍ക്ക് വിധേയരാകുന്ന മറ്റൊരു കൂട്ടരാണ് രാഷ്ട്രീയനേതാക്കന്മാരും സിനിമാതാരങ്ങളും. പൊതുപ്രവര്‍ത്തകരെ സംബന്ധിച്ച് ക്രിയാത്മകമായ ചര്‍ച്ച ഉയര്‍ന്നുവരേണ്ടത് അനിവാര്യം തന്നെയാണ്. അവര്‍ സാമൂഹ്യപ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കുവാനും തിരുത്തല്‍ ശക്തികളായി നിലകൊള്ളുവാനുള്ള അവകാശം പൊതുജനത്തിനുണ്ട്. എന്നാല്‍ അത്തരം അവകാശങ്ങള്‍ പലപ്പോഴും ദുരുപയോഗം ചെയ്യുന്നതായി കാണാം. അതുപോലെ തന്നെ കേരളത്തിലെ പ്രശസ്തരായ പല സിനിമാതാര ങ്ങളെയുംപ്പറ്റിയും നിരവധി ഗോസിപ്പുകള്‍ ഇവിടെ കാണാം.
വ്യക്തിഹത്യ നടത്താനും നുണക്കഥകള്‍ പ്രചരിപ്പിക്കാനുമൊക്കെ നവമാധ്യമങ്ങളെ ചില ആളുകള്‍ ബോധപൂര്‍വ്വം ഉപയോഗിക്കുന്നുവെന്നത് വസ്തുതയാണ്. തനിക്കിഷ്ടമില്ലാത്ത ആളെ വ്യക്തിഹത്യ നടത്താന്‍ ഒരാള്‍ തന്നെ നിരവധി വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ചതായി ഈയിടെ കണ്ടെത്തിയിരുന്നു. പലപ്പോഴും ഇങ്ങനെ ആവശ്യത്തിനും അനാവശ്യത്തിനുമൊക്കെ ഇടപെടുന്ന പ്രൊഫൈലുകള്‍ 'പിതൃശൂന്യമായ'തുമാണ്. ശരിയായ പേരോ പ്രൊഫൈല്‍ ചിത്രമോ ഇല്ലാതെ നിരവധി വ്യാജന്മാരാണ് ഇവിടെ വിലസുന്നത്. തങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് സ്വീകാര്യത ലഭിക്കുവാനും അഭിപ്രായരൂപീകരണം നടത്താനും വ്യക്തികളെ താറടിക്കാനുമൊക്കെ കെല്‍പ്പുള്ള ''സൈബര്‍ മാഫിയ സംഘങ്ങള്‍'' തന്നെ നമ്മുടെ നവമാധ്യമങ്ങളിലുണ്ട്.

വാസ്തവത്തില്‍ ഈ മേഖലയില്‍ ഒരു ശുചീകരണ പ്രവര്‍ത്തനം അനിവാര്യമല്ലേ? വളരെ നന്നായി കൈകാര്യം ചെയ്യാവുന്ന നവമാധ്യമങ്ങളെ വൈകൃതങ്ങളു ടെ കൂത്തരങ്ങാക്കി മാറ്റുന്നതെന്തിന്? സര്‍ഗ്ഗാത്മകമായ ചര്‍ച്ചകള്‍ക്കും ക്രിയാത്മക ങ്ങളായ മുന്നേറ്റങ്ങള്‍ക്കും വേദിയാകേണ്ട ഈ മേഖലയുടെ അധഃപതനം കണ്ടില്ലെന്ന് നടിക്കാനാകുമോ? സ്ത്രീത്വം, ബാല്യം, എന്നിവയെല്ലാം അപമാനിക്കപ്പെടുമ്പോള്‍ വ്യക്തികള്‍ ക്രൂരമായി പരിഹസിക്കപ്പെടുമ്പോള്‍ ആരും പ്രതികരിക്കാനി ല്ലെന്നും നിയമത്തിന്റെ മുന്നില്‍ സുരക്ഷിതരാണ് എന്നുമാണ് പലരും ധരിച്ചുവെച്ചിരിക്കുന്നത്. എന്നാല്‍ ഇത് തെറ്റിദ്ധാരണ മാത്രമാണ്. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന നിയമങ്ങള്‍ മാത്രമല്ല ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ നവമാധ്യമങ്ങള്‍ക്കും ചില നിയമങ്ങളുണ്ട്. അത്തരം നിയമങ്ങള്‍ കഠിനവുമാണ്, അതനുസരിച്ച് അശ്ലീലമായ ചിത്രങ്ങളും കമന്റുകളുമൊക്കെ ഇടുന്നത് പോലും ശിക്ഷാര്‍ഹമാണ്.

ഐ.റ്റി.ആക്ട് 66 (എ) സുപ്രീം കോടതി റദ്ദാക്കിയത് ചിലര്‍ ആഘോഷമാക്കുകയാണ്. ഇതിപ്പോള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട് എന്നു മാത്രമല്ല തങ്ങള്‍ നിയമത്തിന്റെ മുന്നില്‍ സുരക്ഷിതരാണ് എന്ന ചിന്ത പലര്‍ക്കും ഉണ്ടാക്കികൊടുത്തിട്ടുമുണ്ട്. എന്നാല്‍ നമ്മുടെ ഭരണഘടനയില്‍ തന്നെ ഇത്തരം ''സൈബര്‍ ക്രിമിനലുകളെ'' ശിക്ഷിക്കാന്‍ നിരവധി നിയമവ്യവസ്ഥകള്‍ ഉണ്ട് എന്ന് മറന്നുകൊണ്ടാണ് ചിലരുടെ തീക്കളി. ഐ റ്റി ആക്ട് 66 (എ) റദ്ദാക്കിയപ്പോള്‍ സന്തോഷിച്ച നമ്മള്‍തന്നെ ''ബദല്‍ നിയമങ്ങള്‍'' കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. സൈബര്‍ ഇടങ്ങളില്‍ വ്യക്തിഹത്യയും മറ്റും നടത്തുന്നവരെ കര്‍ശനമായി നേരിടാന്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞത് ഈ ആവശ്യം പലമേഖലകളില്‍ നിന്നും ഉയര്‍ന്നതുകൊണ്ടാണ്. തീര്‍ച്ചയായും അത്തരം നിയമങ്ങള്‍ നമ്മുടെ സമൂഹത്തില്‍ അനിവാര്യമായിരിക്കുന്നു. അല്ലാത്തപക്ഷം ഈ ''സൈബര്‍ ക്രിമിനലുകള്‍'' ഇവിടെ അഴിഞ്ഞാട്ടം തുടര്‍ന്നു കൊണ്ടേയിരിക്കും.