Wednesday, 3 June 2015

മലിനമാകുന്ന സൈബര്‍ ഇടങ്ങള്‍
നമ്മുടെ നവമാധ്യമങ്ങള്‍ സ്ത്രീവിരുദ്ധതയുടെയും അശ്ലീലതയുടെയും വിവാദങ്ങളുടെയും അനാവശ്യതര്‍ക്കങ്ങളുടെയുമൊക്കെ വേദികളായി മാറുകയാണോ? അതേ എന്നാണ് വര്‍ത്തമാനകാല സൈബര്‍ലോകം നമുക്ക് മുന്നില്‍ സാക്ഷ്യപ്പെടുത്തുന്നത്. ലോകമാകെ നവമാധ്യമങ്ങളെ ക്രിയാത്മകമാക ചര്‍ച്ചകള്‍ക്കും, മുന്നേറ്റങ്ങള്‍ക്കും ഉപയോഗിക്കുമ്പോള്‍ സാംസ്‌കാരിക കേരളത്തിലെ സൈബര്‍മേഖല 'സംസ്‌കാരശൂന്യരുടെ' താവളമായി അധഃപതിക്കുന്നു. മനസ്സില്‍ തോന്നുതെന്തും മറയില്ലാതെ എഴുതിപിടിപ്പിക്കുവാന്‍ ഇവിടം ഉപയോഗിക്കുന്നു. നോക്കിലും വാക്കിലും ലൈംഗികചുവയുള്ള പോസ്റ്റുകള്‍ വ്യാപകമായി കണ്ടുവരുന്നു. ചില ആളുകള്‍ തങ്ങളുടെ കാമപൂര്‍ത്തികരണത്തിനായി ഇവിടെ അഭയം തേടുകയാണോ എന്നൊരു സംശയം!

എഴുത്തുകാരനും സംസ്‌കാരികപ്രവര്‍ത്തകനുമായ ഒരു വ്യക്തി കഴിഞ്ഞ ദിവസമിട്ട ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ ഞെട്ടലില്‍ നിന്നും വിമുക്തിനേടുന്നതിനു മുമ്പാണ് ഇതെഴുതുന്നത്. ഒരു സ്ത്രീ ഒരു പ്രത്യേക വേഷം ധരിച്ചതുകണ്ടപ്പോള്‍ അയാള്‍ക്കുണ്ടായി വികാരത്തെപ്പറ്റി ആഭാസകരമായ രീതിയിലായിരുന്നു അത്. ഏതൊരു വസ്ത്രം ധരിക്കണമെന്നത് ഒരു വ്യക്തിയുടെട സ്വാതന്ത്ര്യമാണെന്നിരിക്കെ സ്ത്രീകളുടെ വസ്ത്രധാരണത്തെ ഉദ്ധരിച്ച് കഴുത കാമം തീര്‍ക്കുന്നതുപോലെ നവമാധ്യമങ്ങളിലൂടെ കരഞ്ഞുതീര്‍ക്കുമ്പോള്‍ എന്ത് സുഖമാണ് ഇത്തരക്കാര്‍ക്ക് ലഭിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. നിരവധി ആളുകള്‍ സൈബര്‍ ഇടങ്ങളെ ദുര്‍ഗന്ധപൂരിതമാക്കുന്നുണ്ട്. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത പോസ്റ്റുകള്‍ ചെറുത്തു തോല്‍പ്പിക്കാന്‍ എന്തു ആഭാസത്തരവും എഴുതിപിടിപ്പിക്കുവാന്‍ ഇത്തരക്കാര്‍ക്ക് മടിയുമില്ല. സ്ത്രീകളും രാഷ്ട്രീയനേതാക്കന്മാരും സിനിമാതാരങ്ങളുമൊക്കെ ഇവരുടെ അവഹേളനങ്ങള്‍ക്ക് നിരന്തരം ഇരയാകുന്നുണ്ട്. പ്രതികരണശേഷിയുള്ള സമൂഹമാണ് നമ്മുടേത്. നല്ലത്! പക്ഷേ ഈ പ്രതികരണങ്ങള്‍ വഴിവിട്ടുപോകരുതെന്നു മാത്രം.

ഈ അടുത്തദിവസം കേരളത്തിലെ ഒരു പ്രമുഖ വനിതാനേതാവ് അവരുടെയൊരു അഭിപ്രായം ഫേസ് ബുക്ക് പോസ്റ്റായി ഇട്ടപ്പോള്‍ താഴെവന്ന നിരവധി അറപ്പുളവാക്കുന്ന കമന്റുകള്‍ കാണുവാന്‍ ഇടയായി. അശ്ലീലചുവയുള്ള കമന്റുകളായിരുന്നു അവയിലധികം. അവരുടെ ആ പോസ്റ്റിനോട് വ്യക്തിപരമായി ആഭിമുഖ്യമില്ലെങ്കിലും പോസ്റ്റിനുതാഴെ എഴുതിപിടിപ്പിച്ച നീതികരിക്കാനാകാത്ത കമന്റുകള്‍ക്കെതിരെ പ്രതികരിക്കണമെന്ന് അന്നേ തോന്നിയിരുന്നു. ആ സ്ത്രീനേതാവിന്റെ പോസ്റ്റിന്റെ താഴെ അഭിപ്രായം പറയാന്‍ അവരുടെ ഫോളോവേഴ്‌സിന് അവകാശമുണ്ട്. പക്ഷേ, അവയില്‍ പലതും സഭ്യതയുടെ അതിര്‍വരമ്പുകള്‍ കടക്കുന്നതായിരുന്നു. അവരുടെ ചാരിത്യശുദ്ധിയെ വരെ ചോദ്യം ചെയ്യുന്ന ആ മറുപടികള്‍ കണ്ടപ്പോള്‍ എന്റെ മനസ്സിലുയര്‍ന്ന ചോദ്യങ്ങള്‍ ഇതായിരുന്നു. നമ്മുടെ സൈബര്‍ ഇടങ്ങള്‍ നിയന്ത്രിക്കാന്‍ ആരുമില്ലേ? ഇവിടെ സ്ത്രീ വിരുദ്ധതയും അശ്ലീലതയും നിറഞ്ഞാടുമ്പോള്‍ ആരാണ് ഇതിന് തടയിടുക? ആര്‍ക്കും എന്തും വിളിച്ചുപറയുവാനും ആരെയും അധിക്ഷേപിക്കുവാനുള്ള വേദികളാണോ ഇത്? നവമാധ്യമങ്ങള്‍ ശക്തമായി പ്രതികരിക്കുന്ന സ്ത്രീകള്‍ക്ക് ഇത്തരത്തിലുള്ള നിരവധി അനുഭവങ്ങള്‍ ഉണ്ട്.

ഈ രംഗത്ത് ഏറെ കടന്നാക്രമണങ്ങള്‍ക്ക് വിധേയരാകുന്ന മറ്റൊരു കൂട്ടരാണ് രാഷ്ട്രീയനേതാക്കന്മാരും സിനിമാതാരങ്ങളും. പൊതുപ്രവര്‍ത്തകരെ സംബന്ധിച്ച് ക്രിയാത്മകമായ ചര്‍ച്ച ഉയര്‍ന്നുവരേണ്ടത് അനിവാര്യം തന്നെയാണ്. അവര്‍ സാമൂഹ്യപ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കുവാനും തിരുത്തല്‍ ശക്തികളായി നിലകൊള്ളുവാനുള്ള അവകാശം പൊതുജനത്തിനുണ്ട്. എന്നാല്‍ അത്തരം അവകാശങ്ങള്‍ പലപ്പോഴും ദുരുപയോഗം ചെയ്യുന്നതായി കാണാം. അതുപോലെ തന്നെ കേരളത്തിലെ പ്രശസ്തരായ പല സിനിമാതാര ങ്ങളെയുംപ്പറ്റിയും നിരവധി ഗോസിപ്പുകള്‍ ഇവിടെ കാണാം.
വ്യക്തിഹത്യ നടത്താനും നുണക്കഥകള്‍ പ്രചരിപ്പിക്കാനുമൊക്കെ നവമാധ്യമങ്ങളെ ചില ആളുകള്‍ ബോധപൂര്‍വ്വം ഉപയോഗിക്കുന്നുവെന്നത് വസ്തുതയാണ്. തനിക്കിഷ്ടമില്ലാത്ത ആളെ വ്യക്തിഹത്യ നടത്താന്‍ ഒരാള്‍ തന്നെ നിരവധി വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ചതായി ഈയിടെ കണ്ടെത്തിയിരുന്നു. പലപ്പോഴും ഇങ്ങനെ ആവശ്യത്തിനും അനാവശ്യത്തിനുമൊക്കെ ഇടപെടുന്ന പ്രൊഫൈലുകള്‍ 'പിതൃശൂന്യമായ'തുമാണ്. ശരിയായ പേരോ പ്രൊഫൈല്‍ ചിത്രമോ ഇല്ലാതെ നിരവധി വ്യാജന്മാരാണ് ഇവിടെ വിലസുന്നത്. തങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് സ്വീകാര്യത ലഭിക്കുവാനും അഭിപ്രായരൂപീകരണം നടത്താനും വ്യക്തികളെ താറടിക്കാനുമൊക്കെ കെല്‍പ്പുള്ള ''സൈബര്‍ മാഫിയ സംഘങ്ങള്‍'' തന്നെ നമ്മുടെ നവമാധ്യമങ്ങളിലുണ്ട്.

വാസ്തവത്തില്‍ ഈ മേഖലയില്‍ ഒരു ശുചീകരണ പ്രവര്‍ത്തനം അനിവാര്യമല്ലേ? വളരെ നന്നായി കൈകാര്യം ചെയ്യാവുന്ന നവമാധ്യമങ്ങളെ വൈകൃതങ്ങളു ടെ കൂത്തരങ്ങാക്കി മാറ്റുന്നതെന്തിന്? സര്‍ഗ്ഗാത്മകമായ ചര്‍ച്ചകള്‍ക്കും ക്രിയാത്മക ങ്ങളായ മുന്നേറ്റങ്ങള്‍ക്കും വേദിയാകേണ്ട ഈ മേഖലയുടെ അധഃപതനം കണ്ടില്ലെന്ന് നടിക്കാനാകുമോ? സ്ത്രീത്വം, ബാല്യം, എന്നിവയെല്ലാം അപമാനിക്കപ്പെടുമ്പോള്‍ വ്യക്തികള്‍ ക്രൂരമായി പരിഹസിക്കപ്പെടുമ്പോള്‍ ആരും പ്രതികരിക്കാനി ല്ലെന്നും നിയമത്തിന്റെ മുന്നില്‍ സുരക്ഷിതരാണ് എന്നുമാണ് പലരും ധരിച്ചുവെച്ചിരിക്കുന്നത്. എന്നാല്‍ ഇത് തെറ്റിദ്ധാരണ മാത്രമാണ്. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന നിയമങ്ങള്‍ മാത്രമല്ല ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ നവമാധ്യമങ്ങള്‍ക്കും ചില നിയമങ്ങളുണ്ട്. അത്തരം നിയമങ്ങള്‍ കഠിനവുമാണ്, അതനുസരിച്ച് അശ്ലീലമായ ചിത്രങ്ങളും കമന്റുകളുമൊക്കെ ഇടുന്നത് പോലും ശിക്ഷാര്‍ഹമാണ്.

ഐ.റ്റി.ആക്ട് 66 (എ) സുപ്രീം കോടതി റദ്ദാക്കിയത് ചിലര്‍ ആഘോഷമാക്കുകയാണ്. ഇതിപ്പോള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട് എന്നു മാത്രമല്ല തങ്ങള്‍ നിയമത്തിന്റെ മുന്നില്‍ സുരക്ഷിതരാണ് എന്ന ചിന്ത പലര്‍ക്കും ഉണ്ടാക്കികൊടുത്തിട്ടുമുണ്ട്. എന്നാല്‍ നമ്മുടെ ഭരണഘടനയില്‍ തന്നെ ഇത്തരം ''സൈബര്‍ ക്രിമിനലുകളെ'' ശിക്ഷിക്കാന്‍ നിരവധി നിയമവ്യവസ്ഥകള്‍ ഉണ്ട് എന്ന് മറന്നുകൊണ്ടാണ് ചിലരുടെ തീക്കളി. ഐ റ്റി ആക്ട് 66 (എ) റദ്ദാക്കിയപ്പോള്‍ സന്തോഷിച്ച നമ്മള്‍തന്നെ ''ബദല്‍ നിയമങ്ങള്‍'' കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. സൈബര്‍ ഇടങ്ങളില്‍ വ്യക്തിഹത്യയും മറ്റും നടത്തുന്നവരെ കര്‍ശനമായി നേരിടാന്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞത് ഈ ആവശ്യം പലമേഖലകളില്‍ നിന്നും ഉയര്‍ന്നതുകൊണ്ടാണ്. തീര്‍ച്ചയായും അത്തരം നിയമങ്ങള്‍ നമ്മുടെ സമൂഹത്തില്‍ അനിവാര്യമായിരിക്കുന്നു. അല്ലാത്തപക്ഷം ഈ ''സൈബര്‍ ക്രിമിനലുകള്‍'' ഇവിടെ അഴിഞ്ഞാട്ടം തുടര്‍ന്നു കൊണ്ടേയിരിക്കും.

No comments:

Post a Comment