Saturday, 6 June 2015

മാനസികാരോഗ്യ പ്രശ്നങ്ങൾ ഒളിച്ചു വെക്കേണ്ടതോ ? വിഷാദരോഗം ഒരവലോകനം .




തിരുവനന്തപുരം സ്വദേശിയും കണ്ണൂർ ജില്ലാ ആശുപത്രിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റും എന്റെ കൗൺസിലിങ് സൈക്കോളജി അദ്ധ്യാപകനുമായ ഡോ. പി. ആർ. അജിത്തിനെ പഠനത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ വീട്ടിൽ സുഹൃത്തുക്കളുമൊത്ത് ഒരു ദിവസം പോയി കാണേണ്ടിവന്നു. അവിടെ പോയത് എങ്ങിനെയോ അറിഞ്ഞ ചിലർ എന്തിനാണ് പോയതെന്ന് ഫോൺ വിളിച്ച് ചോദിക്കു കയുണ്ടായി. ആ ഫോൺ കോളിൽ ഒളിഞ്ഞിരുന്ന ജിജ്ഞാസയുടെ വശം പിന്നീടാ ണ് മനസ്സിലായത്. എനിക്കെന്തെങ്കിലും മാനസിക പ്രയാസങ്ങൾ ഉണ്ടായതിന്റെ ഭാഗമായാണോ അവിടെ പോയത് എന്നാണ് അവർക്ക് അറിയേണ്ടിയിരുന്നത്. എന്നെപ്പറ്റിയുള്ള ആ അന്വേഷണം നമ്മുടെ സമൂഹത്തിൽ മാനസികരോഗങ്ങളെ പ്പറ്റിയുള്ള ധാരണകളുടെ ബാക്കിപത്രമാണ്. അനാവശ്യമായ ഒരു സാമൂഹിക അവജ്ഞ മാനസിക അസ്വസ്ഥതയുള്ളവർ നേരിടേണ്ടിവരുന്നു എന്നത് വസ്തുതയാണ്.

മാനസികആരോഗ്യ പ്രശ്‌നങ്ങളും അസ്വസ്ഥതകളും ചികിത്സിക്കാതെ ഒളിപ്പാക്കാനാണ് പലരും ശ്രമിക്കുന്നത്. എന്നാൽ തുടക്കത്തിലെ ചികിത്സിച്ചാൻ പല പ്രശ്‌നങ്ങളും ഭേദപ്പെടുത്താനും, വരുതിയിൽ നിർത്താൻ കഴിയുമെന്നും നാം തിരിച്ചറിയേണ്ടതായിട്ടുണ്ട്. തലച്ചോറിലെ ന്യൂറോട്രാൻസ്മീറ്ററുകളുടെ വൃതിയാനങ്ങളാണ് ഇത്തരം അവസ്ഥയിലേക്ക് ഒരാളെ എത്തിക്കുന്നത്. ശാരീരിക അസുഖങ്ങളും, മാനസികാരോഗ്യ പ്രശ്‌നങ്ങളും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. അതിൽ ഒളിച്ചുവയ്‌ക്കേണ്ടതായി ഒന്നുമില്ല.

ഇനി വിഷാദരോഗത്തിലേയ്ക്ക് വരികയാണെങ്കിൽ ആധുനിക മനുഷ്യൻ അഭിമുഖീകരിക്കുന്ന മാനസിക പ്രശ്‌നങ്ങളിൽ ഏറ്റവും മുൻപന്തിയിലാണ് വിഷാദരോഗത്തിന്റെ സ്ഥാനം. വിഷാദരോഗം ഒരു രോഗത്തിനുമപ്പുറം മനസ്സിന്റെ ഒരവസ്ഥയാണ്. മാനസികസമ്മർദ്ദങ്ങളുടെ ഭാഗമായി ഉറക്കം, വ്യക്തിത്വം, ഭക്ഷണരീതി എന്നിവയെ കടുത്ത തോതിൽ വിഷാദരോഗം കടന്നാക്രമിക്കുന്നു. വേണ്ട രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ ജീവിതം തന്നെ കൈവിട്ടുപോകുന്ന അവസ്ഥ ഉണ്ടാകും. നിരവധി ആത്മഹത്യകളാണ് വിഷാദരോഗത്തിന്റെ ഭാഗമായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈയിടെ ''ജർമ്മൻവിങ്‌സ്'' വിമാനം ആൽപ്‌സിലിടി പ്പിച്ച് തകർത്ത വിമാനത്തിന്റെ സഹപൈലറ്റ് ആൻഡ്രിയാസ് ലുബിട്‌സ് വിഷാദരോഗത്തിന്റെ അടിമയായിരുന്നു എന്നത് ഈ രോഗത്തിന്റെ ഭയാനകമായ വശം വെളിവാകുന്നു.

ലോകജനസംഖ്യയുടെ മാനസികാരോഗ്യത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നതാണ് വിഷാദരോഗം. ലോകാരോഗ്യസംഘടന നടത്തിയ സർവ്വേ പ്രകാരം ഇരുപതിൽ ഒന്ന് എന്ന തോതിൽ ആളുകൾക്ക് ഏതെങ്കിലും തരത്തിലുള്ള വിഷാദരോഗം ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ലോകത്ത് 35 കോടി ജനങ്ങളാണ് വിഷാദരോഗത്തിന് അടിമപ്പെട്ടിട്ടുള്ളത്. നിലവിൽ മനുഷ്യർക്ക് ഭീഷണിയായിട്ടുള്ള രോഗങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഇത്. എന്നാൽ 2030 ഓടെ ഇത് ഒന്നാം സ്ഥാനത്തെത്തുമെന്നാണ് ലോകാരോഗ്യസംഘടയുടെ മുന്നറിയിപ്പ്. ഇന്ത്യൻ ജനസംഖ്യയിൽ നാല് ശതമാനം വിഷാദരോഗികളാണുള്ളത്. കേരളത്തിലാകട്ടെ 20 ശതമാനത്തിനു മുകളിൽ ആളുകൾക്ക് ജീവിതത്തിൽ ''മൈൽഡ് ഡിപ്രഷൻ'' അഭിമുഖീകരിക്കേണ്ടിവരുന്നു.

നമ്മുടെ തലച്ചോറിലെ നാഡീകോശങ്ങൾ സീറോട്ടോണിൽ, നോർ- എപിനെഫ്രിൻ എന്നീ രാസവസ്തുക്കൾ ഉത്പാദിപ്പിക്കുന്നു. ഇങ്ങനെ രാസവസ്തു ക്കൾ ഉപയോഗിച്ച് ആശയവിനിമയം നടത്തുന്ന നാഡീപഥങ്ങളാണ് വിഷാദത്തിൽ ഒരാളുടെ സ്വഭാവത്തേയും, ശാരീരിക പ്രക്രിയകളേയുമൊക്കെ നിയന്ത്രിക്കുന്നത്. ഇത്തരം രാസവസ്തുക്കൾക്ക് പഠനം, ഓർമ്മ, ഉറക്കം, മാനസികനില, ലൈംഗിക താൽപ്പര്യങ്ങൾ തുടങ്ങിയ വിവിധങ്ങളായ പ്രവർത്തികളെ നിയന്ത്രിക്കാനുള്ള അസാധാരണമായ കഴിവുണ്ട്. കേന്ദ്രനാഡീ വ്യവസ്ഥയിലെ സീറോടോണിൻ, നോർ-എപിനെഫ്രിൻ എന്നിവയുടെ അളവിലുണ്ടാകുന്ന കുറവാണ് വിഷാദ രോഗത്തിന്റെ അടിസ്ഥാനം.

ജീവിതത്തിലുണ്ടാകുന്ന ദുരന്തങ്ങളും, സംഘർഷങ്ങളും ഒരു വ്യക്തിക്ക് നിരവധി ഘട്ടങ്ങളിൽ ദുഃഖകരമായ അവസ്ഥകൾ ഉണ്ടാക്കാം. ഇതുമൂലം ഉണ്ടാകുന്ന വിഷമവും ദുഃഖവും ആ കാരണങ്ങളും സാഹചര്യങ്ങളും ഇല്ലാതാകുമ്പോൾ കുറഞ്ഞ് വരികയും പിന്നീട് ഇല്ലാതാവുകയും ചെയ്യും. എന്നാൽ ഇത്തരം ദുഃഖങ്ങളുടെ തീവ്രത വിട്ടുമാറാതെയിരിക്കുകയാണെങ്കിൽ അയാൾ വിഷാദരോഗത്തിന് അടിമ യാകാം. അടുത്ത ബന്ധുക്കളുടെയോ, സുഹൃത്തുക്കളുടെയോ മരണം, ജോലി നഷ്ടപ്പെടൽ, വിവാഹമോചനം, സാമ്പത്തിക പ്രതിസന്ധി, പ്രണയനൈരാശ്യം, അഭിമാനത്തിന് ക്ഷതമേൽക്കുന്ന അവസ്ഥകൾ തുടങ്ങിയ പ്രതിസന്ധികൾ ഈ അവസ്ഥയിലേക്ക് നയിച്ചേക്കാം. ചില ശാരീരിക പ്രശ്‌നങ്ങൾ മൂലവും വിഷാദരോഗം ഉണ്ടാകാം. അർബുദം പോലുള്ള ഗുരുതര രോഗങ്ങളുടെ കൂടെയോ, തൈറോയിഡ് ഗ്രന്ഥികളുടെ പ്രവർത്തനം കുറയുമ്പോഴുണ്ടാകുന്ന ഹൈപ്പോ തൈറോയിസം ഒക്കെ ഇത്തരത്തിലെ അവസ്ഥകളാണ്. ജനിതകഘടകങ്ങളും മറ്റൊരു കാരണമാണ്. മാതാപിതാക്കൾ ക്കോ അടുത്ത കുടുംബാംഗങ്ങൾക്കോ ഈ രോഗമുണ്ടെങ്കിൽ വിഷാദരോഗം വരാനുള്ള സാധ്യത കൂടുതലാണ്.

ചില വ്യക്തികളിൽ പ്രത്യേക കാരണമൊന്നും ഉണ്ടാകാതെ തന്നെ വിഷാദ രോഗം ഉടലെടുക്കാറുണ്ട്. ഉറക്കം വരാതിരിക്കുക, ഉറങ്ങാൻ പ്രയാസമുണ്ടാകുക, മനസ്സിൽ നെഗറ്റീവ് ചിന്തകൾ മാത്രമുണ്ടാകുക, ദൈനംദിന ജോലികളിൽ വിരക്തി ഉണ്ടാകുക, സാമൂഹികമായി ഇടപെടാൻ പ്രയാസമുണ്ടാകുക, ഇഷ്ടപ്പെട്ട കാര്യങ്ങളിൽ താൽപ്പര്യമില്ലായ്മ, ആഹാരത്തോടും, ലൈംഗികകാര്യങ്ങളിലും വിരക്തി, ആത്മവിശ്വാസക്കുറവ്, ആത്മനിന്ദ, താൻ മറ്റുള്ളവർക്ക് ഭാരമാണെന്നും ഇനി മരണം മാത്രമാണ് ഏകമാർഗ്ഗം എന്നുമൊക്കെയുള്ള തോന്നലുകൾ വിഷാദ രോഗത്തിന്റെ ലക്ഷണങ്ങളാണ്. ഇത്തരം രോഗങ്ങളും അവസ്ഥയും സ്വയം തിരിച്ചറി യുകയോ അല്ലെങ്കിൽ ഏതെങ്കിലും ഒരു കുടുംബാഗത്തിനോ സുഹൃത്തിനോ മനസ്സിലാവുകയോ ചെയ്താൽ ഒട്ടും താമസിയാതെ ഒരു മാനസികാരോഗ്യ വിദഗ്ദ്ധനെ സമീപിക്കണം.

വിഷാദരോഗം സ്വയം കണ്ടെത്തി ചികിത്സിച്ച് മനസ്സിനെ നിയന്ത്രണത്തിലേക്ക് കൊണ്ടുവന്ന നിരവധി പ്രമുഖർ നമുക്കുചുറ്റുമുണ്ട്. താൻ വിഷാദരോഗം സ്വയം തിരിച്ചറിഞ്ഞപ്പോൾ ചികിത്സ തേടി സുഖംപ്രാപിച്ച വിവരം ഈയിടെ ബോളിവുഡ് താരം ദീപികപദുക്കോൺ പരസ്യമായി പറഞ്ഞിരുന്നു. കാൻസർ ചികിത്സ നടക്കുന്ന സമയത്ത് ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ്‌സിങ് വിഷാദരോഗത്തിന് അടിമയായിരുന്നു. ബോളിവുഡ് താരം ആഞ്ജലീന ജോളി, ജെ.കെ., റോളിങ്, ഡയാനാ രാജകുമാരി, ഓസ്‌കാർ അവാർഡ് ജേതാവ് എമ്മ തോമ്‌സൺ തുടങ്ങിയ പ്രമുഖരെല്ലാം വിഷാദരോഗ ചികിത്സയിലൂടെ അതിജീവിച്ചവരാണ്. തനിക്ക് മാനസികാരോഗ്യ പ്രശ്‌നമുണ്ടെന്ന് തുറന്നു പറയാനോ ചികിത്സ തേടാനോ പലരും മടിക്കുന്ന ഈ കാലത്ത് ദീപികാപദുകോണിനെ പോലുള്ള പ്രമുഖർ ''തന്റെ വിഷാദരോഗം സ്വയം തിരിച്ചറിഞ്ഞ് ചികിത്സ തേടി'' എന്ന് സമൂഹത്തിന് മുന്നിൽ തുറന്നുപറഞ്ഞതിലൂടെ വിഷാദരോഗികൾക്ക് മടികൂടാതെ ചികിത്സ തേടാൻ പ്രചോദനമായി എന്ന് കരുതാം.

ഇക്കാലത്ത് വിഷാദരോഗം പൂർണ്ണമായും ചികിത്സിച്ച് മാറ്റാനാവും. ചെറിയ തോതിലുള്ള രോഗാവസ്ഥയാണെങ്കിൽ കൗൺസിലിംഗിലൂടെ നിയന്ത്രിക്കാനു മാകും. എന്നാൽ കഠിനമായ വിഷാദരോഗമുള്ള ഒരാൾ നിരന്തരം ആത്മഹത്യ ചിന്ത പ്രകടിപ്പിച്ചാൽ തീർച്ചയായും ആ വ്യക്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സിപ്പിക്കുകതന്നെ വേണം.

ജീവിതത്തിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും മാറ്റങ്ങൾ വരുത്തുക യുമൊക്കെ ചെയ്താൽ വിഷാദരോഗം ഒഴിവാക്കാനാവും. കൃത്യസമയത്ത് കിടക്കുകയും എഴുന്നേൽക്കുകയും ചെയ്യുക, നടത്തം, നീന്തൽ, ജോഗിങ്, ഇവയിലേതെങ്കിലും ചെയ്താൽ ഉത്കണ്ഠക്കെതിരെ പോരാടുന്ന എൻഡോർഫിൽ പോലുള്ള ഹോർമോണുകളുടെ ഉത്പാദനം കൂട്ടും. അതുപോലെ ഫോളിക് ആസിഡ് ഒമേഗാ-ഫാറ്റി ആസിഡുകൾ എന്നിവ ലഭിക്കുന്ന മത്സ്യം, പച്ചക്കറി, പഴങ്ങൾ തുടങ്ങിയവ ധാരാളമായി കഴിക്കണം. ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കു വാനും ശുഭാപ്തിവിശ്വാസം വളർത്തിയെടുക്കാനുമൊക്കെ ശ്രമിക്കണം.
പുരുഷനെ അപേക്ഷിച്ച് വിഷാദരോഗം വരാനുള്ള സാധ്യത സ്ത്രീകൾക്കാണ് കൂടുതൽ. എന്നാൽ പുരുഷന്മാർക്ക് വിഷാദരോഗം വരില്ലെന്ന ധാരണ തെറ്റാണു താനും. ഈ അവസ്ഥയിലായ ഒരാളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കുടുംബാംഗങ്ങളും, സമൂഹവും ശ്രമിക്കണം. മറിച്ചവരെ ഭ്രാന്തൻ എന്ന് മുദ്രകുത്താ നാണ് പലരും ശ്രമിക്കുന്നത്. കൗൺസിലിങ് ട്രെയിനിയായി തിരുവനന്തപുരം പുന്നലാലുള്ള ഡൈയിൽവ്യൂ ഡി-അഡിക്ഷൻ സെന്ററിൽ വച്ച് മയക്കമരുന്നിന് ചികിത്സ തേടിയെത്തിയ 22 വയസ്സുകാരനായ പ്രവീണുമായി സംസാരിച്ചപ്പോൾ അവന് ഏറ്റവും വെറുപ്പ് അവന്റെ അമ്മയോടാണെന്ന് മനസ്സിലായി. ഇതിന് കാരണം അവന് വിഷാദരോഗമുണ്ടായപ്പോൾ അമ്മയാണ് അവനെ മാനസികാരോഗ്യ വിദഗ്ദ്ധന്റെ അടുത്ത് ചികിത്സയ്ക്ക് കൊണ്ടുപോയത്. അതുമൂലം പലരും അവനെ ഭ്രാന്തൻ എന്നു വിളിക്കുന്നുവത്രേ. മാനസികാരോഗ്യ പ്രശ്‌നമുള്ളവരെ അവഗണിക്കുകയും അവഹേളിക്കുകയും ചെയ്യുന്നതിനു പകരം വസ്തുതകൾ മനസ്സിലാക്കി അവരോട് ദയയും സഹാനുഭൂതിയും പ്രകടിപ്പിക്കാൻ ശ്രമിക്കണം.

എനിക്കെന്തെങ്കിലും മാനസിക പ്രശ്‌നമുണ്ടായാൽ തല ഉയർത്തിപ്പിടിച്ച് തന്നെ ഒരു മാനസികാരോഗ്യ വിദഗ്ദനെ കാണാൻ പോകുകയോ, കൗൺസിലിംഗിന് വിധേയ മാകുകയോ ചെയ്യുമെന്ന് ഡോ.അജിത്തിനെ കാണാൻ പോയതെന്തിനെന്ന് ചോദിച്ചവരോട് മറുപടിയായി പറഞ്ഞപ്പോഴും മാനസികാരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്ന വ്യക്തികളോടുള്ള സമൂഹത്തിന്റെ കാഴ്‌ച്ചപ്പാടിൽ മാറ്റം വരണമെങ്കിൽ ശക്തമായ ക്യാമ്പയിൻ ആവശ്യമാണ് എന്ന ചിന്തയാണ് മനസ്സിൽ ഉയർന്നത്. ശാരീരിക രോഗങ്ങൾക്ക് ചികിത്സ തേടുന്ന ലാഘവത്തോടെ മാനസികാരോഗ്യ വിദഗ്ദ്ധനെ സമീപിക്കാനുള്ള ധൈര്യം വ്യക്തികൾക്ക് ഉണ്ടാകാനാവശ്യമായ രീതിയിൽ ശക്തമായ ''മാനസികാരോഗ്യ സാക്ഷരത'' ക്യാമ്പയിന് നമ്മുടെ സമൂഹത്തിൽ തുടക്കമിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.


Wednesday, 3 June 2015

മലിനമാകുന്ന സൈബര്‍ ഇടങ്ങള്‍




നമ്മുടെ നവമാധ്യമങ്ങള്‍ സ്ത്രീവിരുദ്ധതയുടെയും അശ്ലീലതയുടെയും വിവാദങ്ങളുടെയും അനാവശ്യതര്‍ക്കങ്ങളുടെയുമൊക്കെ വേദികളായി മാറുകയാണോ? അതേ എന്നാണ് വര്‍ത്തമാനകാല സൈബര്‍ലോകം നമുക്ക് മുന്നില്‍ സാക്ഷ്യപ്പെടുത്തുന്നത്. ലോകമാകെ നവമാധ്യമങ്ങളെ ക്രിയാത്മകമാക ചര്‍ച്ചകള്‍ക്കും, മുന്നേറ്റങ്ങള്‍ക്കും ഉപയോഗിക്കുമ്പോള്‍ സാംസ്‌കാരിക കേരളത്തിലെ സൈബര്‍മേഖല 'സംസ്‌കാരശൂന്യരുടെ' താവളമായി അധഃപതിക്കുന്നു. മനസ്സില്‍ തോന്നുതെന്തും മറയില്ലാതെ എഴുതിപിടിപ്പിക്കുവാന്‍ ഇവിടം ഉപയോഗിക്കുന്നു. നോക്കിലും വാക്കിലും ലൈംഗികചുവയുള്ള പോസ്റ്റുകള്‍ വ്യാപകമായി കണ്ടുവരുന്നു. ചില ആളുകള്‍ തങ്ങളുടെ കാമപൂര്‍ത്തികരണത്തിനായി ഇവിടെ അഭയം തേടുകയാണോ എന്നൊരു സംശയം!

എഴുത്തുകാരനും സംസ്‌കാരികപ്രവര്‍ത്തകനുമായ ഒരു വ്യക്തി കഴിഞ്ഞ ദിവസമിട്ട ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ ഞെട്ടലില്‍ നിന്നും വിമുക്തിനേടുന്നതിനു മുമ്പാണ് ഇതെഴുതുന്നത്. ഒരു സ്ത്രീ ഒരു പ്രത്യേക വേഷം ധരിച്ചതുകണ്ടപ്പോള്‍ അയാള്‍ക്കുണ്ടായി വികാരത്തെപ്പറ്റി ആഭാസകരമായ രീതിയിലായിരുന്നു അത്. ഏതൊരു വസ്ത്രം ധരിക്കണമെന്നത് ഒരു വ്യക്തിയുടെട സ്വാതന്ത്ര്യമാണെന്നിരിക്കെ സ്ത്രീകളുടെ വസ്ത്രധാരണത്തെ ഉദ്ധരിച്ച് കഴുത കാമം തീര്‍ക്കുന്നതുപോലെ നവമാധ്യമങ്ങളിലൂടെ കരഞ്ഞുതീര്‍ക്കുമ്പോള്‍ എന്ത് സുഖമാണ് ഇത്തരക്കാര്‍ക്ക് ലഭിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. നിരവധി ആളുകള്‍ സൈബര്‍ ഇടങ്ങളെ ദുര്‍ഗന്ധപൂരിതമാക്കുന്നുണ്ട്. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത പോസ്റ്റുകള്‍ ചെറുത്തു തോല്‍പ്പിക്കാന്‍ എന്തു ആഭാസത്തരവും എഴുതിപിടിപ്പിക്കുവാന്‍ ഇത്തരക്കാര്‍ക്ക് മടിയുമില്ല. സ്ത്രീകളും രാഷ്ട്രീയനേതാക്കന്മാരും സിനിമാതാരങ്ങളുമൊക്കെ ഇവരുടെ അവഹേളനങ്ങള്‍ക്ക് നിരന്തരം ഇരയാകുന്നുണ്ട്. പ്രതികരണശേഷിയുള്ള സമൂഹമാണ് നമ്മുടേത്. നല്ലത്! പക്ഷേ ഈ പ്രതികരണങ്ങള്‍ വഴിവിട്ടുപോകരുതെന്നു മാത്രം.

ഈ അടുത്തദിവസം കേരളത്തിലെ ഒരു പ്രമുഖ വനിതാനേതാവ് അവരുടെയൊരു അഭിപ്രായം ഫേസ് ബുക്ക് പോസ്റ്റായി ഇട്ടപ്പോള്‍ താഴെവന്ന നിരവധി അറപ്പുളവാക്കുന്ന കമന്റുകള്‍ കാണുവാന്‍ ഇടയായി. അശ്ലീലചുവയുള്ള കമന്റുകളായിരുന്നു അവയിലധികം. അവരുടെ ആ പോസ്റ്റിനോട് വ്യക്തിപരമായി ആഭിമുഖ്യമില്ലെങ്കിലും പോസ്റ്റിനുതാഴെ എഴുതിപിടിപ്പിച്ച നീതികരിക്കാനാകാത്ത കമന്റുകള്‍ക്കെതിരെ പ്രതികരിക്കണമെന്ന് അന്നേ തോന്നിയിരുന്നു. ആ സ്ത്രീനേതാവിന്റെ പോസ്റ്റിന്റെ താഴെ അഭിപ്രായം പറയാന്‍ അവരുടെ ഫോളോവേഴ്‌സിന് അവകാശമുണ്ട്. പക്ഷേ, അവയില്‍ പലതും സഭ്യതയുടെ അതിര്‍വരമ്പുകള്‍ കടക്കുന്നതായിരുന്നു. അവരുടെ ചാരിത്യശുദ്ധിയെ വരെ ചോദ്യം ചെയ്യുന്ന ആ മറുപടികള്‍ കണ്ടപ്പോള്‍ എന്റെ മനസ്സിലുയര്‍ന്ന ചോദ്യങ്ങള്‍ ഇതായിരുന്നു. നമ്മുടെ സൈബര്‍ ഇടങ്ങള്‍ നിയന്ത്രിക്കാന്‍ ആരുമില്ലേ? ഇവിടെ സ്ത്രീ വിരുദ്ധതയും അശ്ലീലതയും നിറഞ്ഞാടുമ്പോള്‍ ആരാണ് ഇതിന് തടയിടുക? ആര്‍ക്കും എന്തും വിളിച്ചുപറയുവാനും ആരെയും അധിക്ഷേപിക്കുവാനുള്ള വേദികളാണോ ഇത്? നവമാധ്യമങ്ങള്‍ ശക്തമായി പ്രതികരിക്കുന്ന സ്ത്രീകള്‍ക്ക് ഇത്തരത്തിലുള്ള നിരവധി അനുഭവങ്ങള്‍ ഉണ്ട്.

ഈ രംഗത്ത് ഏറെ കടന്നാക്രമണങ്ങള്‍ക്ക് വിധേയരാകുന്ന മറ്റൊരു കൂട്ടരാണ് രാഷ്ട്രീയനേതാക്കന്മാരും സിനിമാതാരങ്ങളും. പൊതുപ്രവര്‍ത്തകരെ സംബന്ധിച്ച് ക്രിയാത്മകമായ ചര്‍ച്ച ഉയര്‍ന്നുവരേണ്ടത് അനിവാര്യം തന്നെയാണ്. അവര്‍ സാമൂഹ്യപ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കുവാനും തിരുത്തല്‍ ശക്തികളായി നിലകൊള്ളുവാനുള്ള അവകാശം പൊതുജനത്തിനുണ്ട്. എന്നാല്‍ അത്തരം അവകാശങ്ങള്‍ പലപ്പോഴും ദുരുപയോഗം ചെയ്യുന്നതായി കാണാം. അതുപോലെ തന്നെ കേരളത്തിലെ പ്രശസ്തരായ പല സിനിമാതാര ങ്ങളെയുംപ്പറ്റിയും നിരവധി ഗോസിപ്പുകള്‍ ഇവിടെ കാണാം.
വ്യക്തിഹത്യ നടത്താനും നുണക്കഥകള്‍ പ്രചരിപ്പിക്കാനുമൊക്കെ നവമാധ്യമങ്ങളെ ചില ആളുകള്‍ ബോധപൂര്‍വ്വം ഉപയോഗിക്കുന്നുവെന്നത് വസ്തുതയാണ്. തനിക്കിഷ്ടമില്ലാത്ത ആളെ വ്യക്തിഹത്യ നടത്താന്‍ ഒരാള്‍ തന്നെ നിരവധി വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ചതായി ഈയിടെ കണ്ടെത്തിയിരുന്നു. പലപ്പോഴും ഇങ്ങനെ ആവശ്യത്തിനും അനാവശ്യത്തിനുമൊക്കെ ഇടപെടുന്ന പ്രൊഫൈലുകള്‍ 'പിതൃശൂന്യമായ'തുമാണ്. ശരിയായ പേരോ പ്രൊഫൈല്‍ ചിത്രമോ ഇല്ലാതെ നിരവധി വ്യാജന്മാരാണ് ഇവിടെ വിലസുന്നത്. തങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് സ്വീകാര്യത ലഭിക്കുവാനും അഭിപ്രായരൂപീകരണം നടത്താനും വ്യക്തികളെ താറടിക്കാനുമൊക്കെ കെല്‍പ്പുള്ള ''സൈബര്‍ മാഫിയ സംഘങ്ങള്‍'' തന്നെ നമ്മുടെ നവമാധ്യമങ്ങളിലുണ്ട്.

വാസ്തവത്തില്‍ ഈ മേഖലയില്‍ ഒരു ശുചീകരണ പ്രവര്‍ത്തനം അനിവാര്യമല്ലേ? വളരെ നന്നായി കൈകാര്യം ചെയ്യാവുന്ന നവമാധ്യമങ്ങളെ വൈകൃതങ്ങളു ടെ കൂത്തരങ്ങാക്കി മാറ്റുന്നതെന്തിന്? സര്‍ഗ്ഗാത്മകമായ ചര്‍ച്ചകള്‍ക്കും ക്രിയാത്മക ങ്ങളായ മുന്നേറ്റങ്ങള്‍ക്കും വേദിയാകേണ്ട ഈ മേഖലയുടെ അധഃപതനം കണ്ടില്ലെന്ന് നടിക്കാനാകുമോ? സ്ത്രീത്വം, ബാല്യം, എന്നിവയെല്ലാം അപമാനിക്കപ്പെടുമ്പോള്‍ വ്യക്തികള്‍ ക്രൂരമായി പരിഹസിക്കപ്പെടുമ്പോള്‍ ആരും പ്രതികരിക്കാനി ല്ലെന്നും നിയമത്തിന്റെ മുന്നില്‍ സുരക്ഷിതരാണ് എന്നുമാണ് പലരും ധരിച്ചുവെച്ചിരിക്കുന്നത്. എന്നാല്‍ ഇത് തെറ്റിദ്ധാരണ മാത്രമാണ്. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന നിയമങ്ങള്‍ മാത്രമല്ല ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ നവമാധ്യമങ്ങള്‍ക്കും ചില നിയമങ്ങളുണ്ട്. അത്തരം നിയമങ്ങള്‍ കഠിനവുമാണ്, അതനുസരിച്ച് അശ്ലീലമായ ചിത്രങ്ങളും കമന്റുകളുമൊക്കെ ഇടുന്നത് പോലും ശിക്ഷാര്‍ഹമാണ്.

ഐ.റ്റി.ആക്ട് 66 (എ) സുപ്രീം കോടതി റദ്ദാക്കിയത് ചിലര്‍ ആഘോഷമാക്കുകയാണ്. ഇതിപ്പോള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട് എന്നു മാത്രമല്ല തങ്ങള്‍ നിയമത്തിന്റെ മുന്നില്‍ സുരക്ഷിതരാണ് എന്ന ചിന്ത പലര്‍ക്കും ഉണ്ടാക്കികൊടുത്തിട്ടുമുണ്ട്. എന്നാല്‍ നമ്മുടെ ഭരണഘടനയില്‍ തന്നെ ഇത്തരം ''സൈബര്‍ ക്രിമിനലുകളെ'' ശിക്ഷിക്കാന്‍ നിരവധി നിയമവ്യവസ്ഥകള്‍ ഉണ്ട് എന്ന് മറന്നുകൊണ്ടാണ് ചിലരുടെ തീക്കളി. ഐ റ്റി ആക്ട് 66 (എ) റദ്ദാക്കിയപ്പോള്‍ സന്തോഷിച്ച നമ്മള്‍തന്നെ ''ബദല്‍ നിയമങ്ങള്‍'' കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. സൈബര്‍ ഇടങ്ങളില്‍ വ്യക്തിഹത്യയും മറ്റും നടത്തുന്നവരെ കര്‍ശനമായി നേരിടാന്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞത് ഈ ആവശ്യം പലമേഖലകളില്‍ നിന്നും ഉയര്‍ന്നതുകൊണ്ടാണ്. തീര്‍ച്ചയായും അത്തരം നിയമങ്ങള്‍ നമ്മുടെ സമൂഹത്തില്‍ അനിവാര്യമായിരിക്കുന്നു. അല്ലാത്തപക്ഷം ഈ ''സൈബര്‍ ക്രിമിനലുകള്‍'' ഇവിടെ അഴിഞ്ഞാട്ടം തുടര്‍ന്നു കൊണ്ടേയിരിക്കും.

Thursday, 21 May 2015

ലഹരിയില്‍ മുങ്ങിയമരുന്ന യുവത്വം





സാജന്‍,വയസ് ഇരുപത്, ഒറ്റനോട്ടത്തില്‍ കണ്ടാല്‍ യാതൊരു കുഴപ്പവുമില്ല. അവനെ പരിചയപ്പെട്ടത് തിരുവനന്തപുരം പുന്നലാല്‍ ഉള്ള ഡെയില്‍വ്യൂ ഡിഅഡിക്ഷന്‍ സെന്ററില്‍ വച്ചാണ്. അവന്റെ മാതാപിതാക്കള്‍ അവനെ അവിടെ എത്തിച്ചത് മയക്കമരുന്നിനോടുള്ള അമിതമായ ആസക്തി ചികിത്സിച്ച് മാറ്റാനാണ്. ചികിത്സയുടെ മുക്കാല്‍ ഭാഗം പിന്നിട്ടപ്പോഴാണ് ഞാനവനെ കണ്ടത്. ഇന്നവന്‍ മയക്കമരുന്നുകളുടെ ദൂഷ്യവശങ്ങളെക്കുറിച്ച് മനസ്സിലാക്കിക്കഴിഞ്ഞു. ഇനിയൊരിക്കലും ലഹരിയുടെ മായാലോകത്ത് പ്രവേശിക്കില്ല എന്ന നിശ്ചയദാര്‍ഢ്യത്തിലുമാണ്.

സാജന്‍ മാത്രമല്ല സാജനെ പോലുള്ള നിരവധി ചെറുപ്പക്കാരെ അവിടെ കാണാനിടയായി. നമ്മുടെ സമൂഹത്തിന് അജ്ഞമായ ലഹരി വിഭവങ്ങളെക്കുറിച്ച് മനസ്സിലാക്കി. നാമൊക്കെ നിരന്തരം കേള്‍ക്കുന്ന മദ്യവും, കഞ്ചാവും, പുകവലിയും, പാന്മസാലയും മാത്രമല്ല കേട്ടറിവ് പോലുമില്ലാത്ത ലഹരിയുടെ തലങ്ങളിലൂടെ കടന്നുപോകുകയാണ് നമ്മുടെ യുവതലമുറ. കഞ്ചാവ്, ഹുക്ക, കനാബീസ്, മരിജുവാനോ, കറുപ്പ്, കൊക്കൊയ്ന്‍, എല്‍.എസ്.ഡി. അടക്കമുള്ള പഴയകാല ലഹരി മരുന്നുകള്‍ മാത്രമല്ല കേരളീയ യുവത്വത്തിന് ആവേശമാകുന്നത്. മറിച്ച് മഷി മായ്ക്കാനുള്ള വൈറ്റ്‌നറും, ചെരിപ്പ് ഒട്ടിക്കാന്‍ ഉപയോഗിക്കുന്ന എസാര്‍ പശയും, അപസ്മാരത്തിനും വിഷാദരോഗങ്ങള്‍ക്കും ഉപയോഗിക്കുന്ന ഗുളികകളും ലഹരിയുടെ പരകോടിയിലെത്തിക്കുന്ന സ്റ്റാപുകളും മാന്ത്രിക കൂണുമൊക്കെ ആ പട്ടികയില്‍ പെടുന്നു. ചുരുക്കി പറഞ്ഞാല്‍ ഇന്ന് വൈവിധ്യപൂര്‍ണ്ണമായ ലഹരികളാല്‍ സമ്പന്നമാണ് നമ്മുടെ ലഹരി സാമ്രാജ്യം.

സാഹസികതയുടേയും, ആകാംക്ഷയുടെയും ഒക്കെ പേരിലാണ് പലരും ലഹരിമരുന്നിന്റെ ഉപയോഗം തുടങ്ങുന്നത്. മറ്റുള്ളവരുടെ പ്രേരണയാലോ, തങ്ങളിലുള്ള ഉത്കണ്ഠയും, വിഷാദവും, അപകര്‍ഷതയും തരണം ചെയ്യാനോ ആരംഭിച്ച് ഒടുവില്‍ ലഹരിമരുന്ന് ഇല്ലാതെ ജീവിക്കാന്‍ കഴിയില്ലെന്ന അവസ്ഥയിലെത്തുന്നു. മയക്കമരുന്നുകളില്‍ അടങ്ങിയിരിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ തലച്ചോറില്‍ കടന്നുചെന്ന് ഒരു വ്യക്തിയെ മറ്റൊരു മായാലോകത്തേക്ക് നയിക്കുന്നു. പിന്നീട് ഇത് നാഡീ കോശങ്ങളിലേക്ക് കടന്ന് വീണ്ടും ഉപയോഗിക്കാനുള്ള പ്രേരണ ഉണ്ടാക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ലഹരിക്ക് അടിമയായ ഒരു വ്യക്തിക്ക് കൃത്യസമയത്ത് ശരീരത്തിനാവശ്യമുള്ള ലഹരിയുടെ ഡോസ് കിട്ടാനുള്ള പ്രേരണ ഉണ്ടാക്കും. ലഹരിയുടെ കാണാക്കയങ്ങളിലേക്ക് മുങ്ങിത്താഴാന്‍ പണം കണ്ടെത്താന്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാനും ഇവര്‍ക്ക് മടിയുണ്ടാവില്ല.

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ സാമൂഹിക, സാംസ്‌കാരിക ആരോഗ്യ പ്രശ്‌നമായി മയക്കമരുന്നുകളുടേയും, മാദകദ്രവ്യങ്ങളുടേയും ദുരുപയോഗത്തെ ശാസ്ത്രലോകം കാണുന്നു. ''രക്തത്തില്‍ കുത്തി വെയ്ക്കുകയോ, പുകയ്ക്കുകയോ, ഉത്തേജകശക്തിയുള്ളതോ നിയമവിരുദ്ധമോ ആയ വസ്തു എന്നതാണ് മയക്കുമരുന്നുകളെ പറ്റിയുള്ള നിര്‍വ്വചനം''. മദ്യം അനുവദിക്കുന്ന രാജ്യങ്ങള്‍ പോലും മയക്കമരുന്നുകളെ നിരോധിച്ചിരിക്കുന്നു എന്നത് അതിന്റെ വിനാശകരമായ പ്രത്യാഘാതങ്ങള്‍ മുന്നില്‍ കണ്ടാണ്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ലോകത്താകമാനം ലഹരികളുടെ ഉപയോഗം വര്‍ധിച്ചുവരികയാണ്. ലോകജനസംഖ്യയുടെ 2.8 ശതമാനം മുതല്‍ 4.5 ശതമാനം വരെ പതിനഞ്ചിനും അറുപത്തി നാലിനും ഇടയിലുള്ള ആളുകള്‍ മയക്കുമരുന്നിനടിമ യാണെന്ന് ലോകാരോഗ്യ സംഘടനകളുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ലോകമാകെയുള്ള കഞ്ചാവിന്റെ ഏറ്റവും വലിയ നിര്‍മ്മാണ മേഖലകളായി തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ മാറിയിട്ടുണ്ട്. പ്രത്യേകിച്ച് അഫ്ഗാനിസ്ഥാനും, പാക്കിസ്ഥാനും ഇന്ത്യയിലെ വടക്ക് കിഴക്കന്‍ മലനിരകളും. ഇതിന് പുറമേ പാശ്ചാത്യ രാജ്യങ്ങളിലെ വിവിധ ഏജന്‍സികള്‍ വന്‍ തോതില്‍ മൂന്നാം ലോക രാഷ്ട്രങ്ങളിലേക്ക് മയക്കുമരുന്നിന്റെ കള്ളക്കടത്ത് നടത്തുന്നുമുണ്ട്. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ കണക്ക് പ്രകാരം ഇന്ത്യയിലെ 50 മുതല്‍ 80 ലക്ഷം ജനങ്ങള്‍ മയക്കുമരുന്നിന് അടിമപ്പെട്ടവരാണ്.

അഫ്ഗാനിസ്ഥാനില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ഹെറോയിന്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും മറ്റും കള്ളക്കടത്ത് നടത്തുന്നതിന് ഇന്ത്യയെ ഇടതാവളമായി ഉപയോഗിക്കുന്നു എന്നത് വസ്തുതയാണ്. എന്നാല്‍ മയക്കമരുന്ന് കച്ചവടത്തിന്റെ ഇടതാവളം മാത്രമല്ല നമ്മുടെ രാജ്യം, മറിച്ച് ലഹരിമരുന്നുകള്‍ ഉല്‍പ്പാദിപ്പി ക്കുന്ന പ്രമുഖ രാഷ്ട്രങ്ങളിലൊന്ന്. ഇന്ത്യന്‍ നിര്‍മ്മിത ഹെറോയിന്റെ ആഗോള കച്ചവടം 250 കോടി ഡോളറായി ഉയര്‍ന്നിരിക്കുകയാണ്. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന മയക്കമരുന്നുകളുടെ ഏറിയ പങ്കും വിദേശങ്ങളിലേക്ക് കടത്തുകയാണെങ്കിലും അഞ്ച് കോടി രൂപയിലേറെ വിലമതിക്കുന്ന ഹെറോയിനും, ഹഷീഷും, കഞ്ചാവുമൊക്കെ രാജ്യത്തെ വന്‍ നഗരങ്ങളില്‍ നിത്യവും വില്‍ക്കപ്പെടുന്നു. ഹെറോയിന്റെ ഏറ്റവും വലിയ ഉപഭോക്താവ് ഇന്ത്യയാണെന്ന് യുണൈറ്റഡ് നേഷന്‍സിന്റെ ഡ്രഗ്‌സ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

കേരളീയ യുവത്വം പുകവലിയും, മദ്യപാനവും വലിയ തോതില്‍ ഉപയോഗിച്ചിട്ടുണ്ടെങ്കിലും അതിന്റെ പതിന്മടങ്ങ് മയക്കുമരുന്നിനും, പാന്മസാലകള്‍ക്കും അടിമകളായി മാറിയിരിക്കുന്നു എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ മദ്യലഭ്യതയും ഉപഭോഗവും വന്‍തോതില്‍ കുറഞ്ഞു. സംസ്ഥാത്ത് 2.70 കോടി (8.94%) ലിറ്റര്‍ മദ്യഉപഭോഗം കുറഞ്ഞെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. (അഡിക് ഇന്ത്യ തയ്യാറാക്കിയ ആല്‍ക്കഹോള്‍ അറ്റ്‌ലസ് കണക്ക് പ്രകാരം) സ്‌കൂളുകളും, കോളേജ് ക്യാമ്പസുകളും, ഹോസ്റ്റലുകളും, തൊഴില്‍ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് വലിയ തോതിലുള്ള മയക്കമരുന്ന് വില്‍പ്പന നടക്കുന്നുണ്ട്. പെണ്‍കുട്ടികള്‍ പോലും ലഹരി മരുന്നിന് അടിമയാകുന്നു എന്നതും ഗൗരവമായ കാര്യമാണ്. സംസ്ഥാനത്ത് അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയ സജീവമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഈയിടെ സൂചിപ്പിച്ചിരുന്നു.

നമ്മുടെ സ്‌കൂള്‍ കുട്ടികളും യുവാക്കളും മയക്കമരുന്നിന്റെ മായാലോകത്ത് അടിമപ്പെടുകയാണ്. ഇതിനായി പണം കണ്ടെത്തുന്നതിന് കുറ്റകൃത്യങ്ങള്‍ ചെയ്യാനും ഇവര്‍ക്ക് മടിയില്ല. പിടിച്ച്പറിയും, മോഷണവും, അക്രമവും തുടങ്ങി ലഹരി മാഫിയകളുടെ ഏജന്റുകളുമൊക്കെയായി പലരും പ്രവര്‍ത്തിക്കുന്നു. ഗുണ്ടായിസവും, കുറ്റകൃത്യങ്ങളും വര്‍ദ്ധിക്കുന്നതിനു പിന്നിലും ഇത്തരം കാര്യങ്ങള്‍ കാണാം. സംസ്ഥാന കുറ്റവാളികളുടെ വലിയൊരു ശതമാനം ലഹരി മരുന്നിന് അടിമപ്പെട്ടവരാണ്. കഴിഞ്ഞ ദിവസം കഞ്ചാവ് ലഹരിയില്‍ ഒരു അന്യസംസ്ഥാന തൊഴിലാളി ആലുവ സിവില്‍ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഓഫീസറുടെ ചെവി കടിച്ച് പറിച്ചത് വാര്‍ത്തയായിരുന്നു. ഈയിടെ തൃശൂരില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചത് പെണ്‍കുട്ടിയെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവും മയക്കുമരുന്ന് ലഹരിയിലായിരുന്നു.

സമൂഹത്തില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം അത്യന്തം അപകടകരമായ നിലയിലേക്ക് മാറുകയാണ്. കേരളത്തിലെ പ്രധാനപ്പെട്ട നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഇത്തരം സംഘങ്ങളുടെ വന്‍ റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപത്ത് പുകയില ഉത്പന്നങ്ങള്‍ പോലും വില്‍ക്കാന്‍ പാടില്ലെന്ന നിയമം നിലനില്‍ക്കെ അതൊക്കെ കാറ്റില്‍ പറത്തി കൊണ്ടാണ് ലഹരിമരുന്ന് കച്ചവടം പൊടിപൊടിക്കുന്നത്.

പഠിത്തവും കരിയറും മാത്രമാണ് തങ്ങളുടെ ജീവിത ലക്ഷ്യമെന്ന് തെറ്റിദ്ധരി ക്കുന്ന ഒരു തലമുറ അതിനുവേണ്ടി അനുഭവിക്കുന്ന വൈകാരിക സംഘര്‍ഷങ്ങളും ആത്മസംഘര്‍ഷങ്ങളും കൊണ്ടുചെന്നു എത്തിക്കുന്നത് ലഹരിയുടെ ലോകത്തേ ക്കാണ്. സമൂഹത്തില്‍ നടക്കുന്ന തിന്മകള്‍ക്കെതിരെ പ്രതികരിക്കാന്‍ ഇന്നത്തെ യുവതയ്ക്ക് താല്‍പ്പര്യമില്ല, പകരം അവര്‍ ലഹരി വിളമ്പുന്ന നിശാപാര്‍ട്ടി കളിലേക്ക് നീങ്ങുന്നു. എന്തൊക്കെ കുറവുകള്‍ ഉണ്ടെന്ന് പറയുമ്പോഴും സംസ്ഥാന ത്തെ സ്‌കൂളുകളിലും കോളേജുകളിലും വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തനം സജീവ മായിരുന്ന കാലഘട്ടത്തില്‍ ഇത്തരം സംഘങ്ങള്‍ അവിടേക്ക് അടുക്കു മായിരുന്നില്ല. കോടതി വിധികളും, നിയന്ത്രണങ്ങളും സംഘടന സ്വാതന്ത്ര്യം തടസ്സമാകുന്ന ഇക്കാലത്ത് ആ സ്‌പേസിലേക്ക് കടന്നുവരുന്നത് അപകടകരമായ തിന്മകള്‍ വിതയ്ക്കുന്ന ലഹരിയുടെ ലോകമാണെന്നത് കാണാതിരുന്നുകൂടാ.

യുവതലമുറയെ കാര്‍ന്ന് തിന്നാന്‍ ഒരുങ്ങുന്ന ഈ വലിയ വിപത്തിനെതിരെ സാമൂഹ്യമായ ജാഗ്രത അനിവാര്യമായിരിക്കുന്നു. സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് നിരന്തരമായ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കണം. ''ക്ലീന്‍ കാമ്പസ് സേവ് കാമ്പസ്'' പരിപാടി കൂടുതല്‍ ഊര്‍ജ്ജിതമാക്കണം. ഒപ്പം മയക്കമരുന്നിന്റെ വ്യാപനവും ഉപയോഗവും തടയുന്നതിന് ശക്തമായ നടപടികള്‍ കൈക്കൊള്ളണം. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന വര്‍ക്ക് കര്‍ശനമായ ശിക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നിയമനിര്‍മ്മാണം നടത്തുകയും അവ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം.


ഡോ. സിന്ധു ജോയ്

http://www.marunadanmalayali.com/column/idam-valam/use-of-drugs-in-new-generation-19339

Tuesday, 19 May 2015

മെയ് മാസത്തിലെ തുറന്നെഴുത്തുകള്‍: ആര്‍ത്തവവും ചില സദാചാര ചിന്തകളും

'രൂപി കൗര്‍' ഈയിടെയായി നവമാധ്യമങ്ങള്‍ ഏറെ ചര്‍ച്ചചെയ്തുകൊണ്ടിരി ക്കുന്ന ഒരു വ്യക്തി. വാട്ടര്‍ലൂ സര്‍വ്വകലാശാലയില്‍ വിഷ്വല്‍ റൈറ്റിംഗ് കോഴ്‌സ് ചെയ്യുന്ന കവിയും കലാകാരിയുമായ ഇന്‍ഡ്യകാരി. പഠനത്തിന്റെ ഭാഗമായി ടൊറോന്റോയില്‍ താമസിക്കുന്നു. തന്റെ കോഴ്‌സിന്റെ ഭാഗമായി ആര്‍ത്തവത്തെ സംബന്ധിക്കുന്ന ഫോട്ടോ സീരിസിന് വേണ്ടി എടുത്ത ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തപ്പോള്‍ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് ലംഘിച്ചു എന്നതിന്റെ പേരില്‍ അവരത് നീക്കം ചെയ്തു. വീണ്ടും പോസ്റ്റ് ചെയ്തപ്പോഴും സമാനമായ അനുഭവം ഉണ്ടായതിനെ തുടര്‍ന്ന് ശക്തമായ ഭാഷയില്‍ പ്രതികരിച്ചുകൊണ്ട് ചിത്രങ്ങള്‍ ഫേസ്ബുക്കിലിട്ടു.

സോഷ്യല്‍ മീഡിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് നിയമവിരുദ്ധ പ്രവര്‍ത്തി കളുടെയോ സ്വയം പീഡിപ്പിക്കുന്ന ചിത്രങ്ങളോ, നഗ്നചിത്രങ്ങളോ ഒക്കെയാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കപ്പെടുന്ന ചിത്രങ്ങളുടെ പട്ടികയില്‍ വരുന്നതെന്നി രിക്കേ ഒരു സ്ത്രീ പൂര്‍ണ്ണമായും വേഷം ധരിച്ച് രക്തം പുരണ്ട ബെഡ്ഷീറ്റില്‍ കിടക്കുന്ന ചിത്രങ്ങള്‍ നീക്കം ചെയ്യേണ്ട കാര്യം എന്താണെന്നായിരുന്നു രുചിയുടെ ചോദ്യം. ആര്‍ത്തവചക്രം സ്ത്രീയുടെ ജീവിതത്തിലെ സാധാരണ സംഭവമാ ണെന്നും അതില്‍ മാറ്റി നിര്‍ത്താനോ ലജ്ജിക്കാനോ ഒന്നുമില്ലെന്ന് സമൂഹത്തെ മനസ്സിലാക്കുകയെന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും രുചി പറയുന്നു.



രൂപിയുടെ പോസ്റ്റിലെ വരികള്‍ ഇതായിരുന്നു: ''നന്ദി ഇന്‍സ്റ്റഗ്രാം എന്റെ ചിത്രങ്ങള്‍ വിമര്‍ശിക്കാനും ചര്‍ച്ച ചെയ്യപ്പെടാനും ആഗ്രഹിച്ചതുപോലെ തന്നെയായി നിങ്ങളുടെ പ്രതികരണം. ഇന്‍സ്റ്റഗ്രാമില്‍ കൊച്ചു കുട്ടികളെ പോലും അശ്ലീലമായി ചിത്രീകരിക്കുന്ന രീതിയിലുള്ള നിരവധി അക്കൗണ്ടുകളും ഫോട്ടോകളുമുണ്ട്. സ്ത്രീകളെ മനുഷ്യരായിപോലും കണകാക്കാത്തതിന് നന്ദി''.രൂപിയുടെ പ്രതിഷേധം ഫലം കണ്ടു. നിരവധി ആളുകള്‍ അവര്‍ക്കനു കൂലമായി പ്രതികരിക്കാന്‍ തുടങ്ങിയതോടെ ക്ഷമാപണം നടത്തികൊണ്ട് ആ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിന് പുന:സ്ഥാപിക്കേണ്ടി വന്നു.

രൂപിയുടെ കാര്യം ഇവിടെ പറയേണ്ടിവന്നത് ഇതിന് സമാനമായ ഒരനുഭവം എനിക്കും ഉണ്ടായതുകൊണ്ടാണ്. കഴിഞ്ഞ ദിവസം ആര്‍ത്തമമാണെന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടപ്പോള്‍ ലഭിച്ച പ്രതികരണങ്ങള്‍ ഏറെക്കുറെ അമ്പരിപ്പിക്കുന്നവയായിരുന്നു. ചിലരത് പരസ്യമായി പറയാന്‍ ധൈര്യം കാണിച്ചപ്പോള്‍ ഇന്‍ബോക്‌സിലൂടെ വന്ന മെസ്സേജുകള്‍ ദീര്‍ഘമായി ചിന്തിപ്പിക്കുകയും ഇത്തരമൊരു തുറന്നെഴുത്തിലേക്ക് നയിക്കുകയുമായിരുന്നു. നിമിഷനേരം കൊണ്ട് ഫേസ്ബുക്കിലതൊരു വലിയ സദാചാരപ്രശ്‌നമായി മാറുകയും ചെയ്തു.

വാസ്തവത്തില്‍ ഒരു സ്ത്രീയുടെ ജീവിതത്തില്‍ മൂടിവെയ്ക്കപ്പെടേണ്ട ഒന്നാണോ ആര്‍ത്തവം? അല്ലെങ്കില്‍ എന്തെങ്കിലും തരത്തില്‍ നികൃഷ്ടമായ ഒരു രോഗമാണോ? അത് സ്ത്രീയുടെ ഒരു ശാരീരികാവസ്ഥയാണ്. ഈയിടെയായി ഫേസ്ബുക്കിലും, സാമൂഹിക മാധ്യമങ്ങളിലുമൊക്കെ ഈ വിഷയത്തില്‍ നടക്കുന്ന തുറന്ന ചര്‍ച്ചകള്‍ എന്റെ ഈ വരികള്‍ക്ക് കരുത്ത് പകരുന്നുണ്ട്.

എന്റെ പേരിനുതാഴെ കമന്റായി ഒരു എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ചോദിച്ചത് ഇങ്ങനെ: ''ചേഛീ വാട്ട് ഈസ് ആര്‍ത്തവം'' ''ഗോ ആന്‍ഡ് ആസ്‌ക് യുവര്‍ മദര്‍'' എന്ന് മറുപടിയിട്ടപ്പോള്‍ പോസ്റ്റും ഡീലിറ്റ് ചെയ്തു അയാള്‍ ഓടിക്കളഞ്ഞു എന്നത് സത്യം. എന്നാല്‍ ആ കുട്ടിയുടെ അറിവിലേയ്ക്കായി ആര്‍ത്തവം എന്താണെന്ന് വിശദീകരിക്കുകയാണ്.

പെണ്‍കുട്ടി പ്രത്യുല്‍പ്പാദനശേഷി കൈവരിച്ചു എന്നതിന്റെ ലക്ഷണമാണ് ആര്‍ത്തവം. അതോടുകൂടി അണ്ഡവിസര്‍ജ്ജനം ആരംഭിക്കുകയും ഗര്‍ഭാശയം ഗര്‍ഭധാരണത്തിനായി ഒരുങ്ങുകയും വളര്‍ച്ചയെത്തിയ അണ്ഡം പുറത്തുവന്നു പുരുഷബീജവുമായി ചേര്‍ന്ന് ഗര്‍ഭധാരണത്തിനുള്ള മുന്നൊരുക്കങ്ങള്‍ സ്ത്രീ ശരീരത്തില്‍ കൗമാരത്തില്‍ ആരംഭിക്കുകയും ചെയ്യുന്നു. ബീജസംയോഗമോ ഗര്‍ഭധാരണമോ നടക്കാതെ വരുമ്പോള്‍ ഈ മുന്നൊരുക്കങ്ങള്‍ അവസാനിക്കുന്നു. ഈ പ്രവര്‍ത്തിയുടെ ഫലമായി യോനീനാളത്തിലൂടെ ഉണ്ടാകുന്ന രക്തസ്രാവമാണ് ആര്‍ത്തവം. ഗര്‍ഭപാത്രത്തിന്റെ ഉള്‍പ്പാളി അടര്‍ന്ന് രക്തത്തോടൊപ്പം യോനിയിലൂടെ പുറത്തുപോകുന്ന പ്രക്രിയയാണ് ആര്‍ത്തവം അല്ലെങ്കില്‍ തീണ്ടാരി ആര്‍ത്തവ രക്തം. സാധാരണ രക്തം തന്നെയാണ് ആര്‍ത്തവം കഴിഞ്ഞ് ഇരുപത്തിയെട്ട് ദിവസമാകുമ്പോള്‍ ഗര്‍ഭപാത്രത്തിന്റെ ഏറ്റവും ഉള്ളിലായുള്ള എന്‍ഡോമെട്രിയം എന്ന സ്തരം ഈസ്ട്രജന്‍ പ്രോജസ്‌ട്രോണ്‍ ഹോര്‍മോണുകളുടെ പ്രവര്‍ത്തനഫലമായി കട്ടപിടിച്ചുവരുന്നു. ഇങ്ങനെ കട്ടപിടിക്കുമ്പോള്‍ പെട്ടെന്ന് പ്രൊജസ്‌ട്രോണ്‍ നിരക്ക് കുറഞ്ഞുവരികയും ഇതുമൂലം എന്‍ഡോമെട്രിയത്തിന് അവിടെ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ പുറത്തേക്കുവരികയും ചെയ്യുന്നു. ഇങ്ങനെയാണ് ഓരോ മാസവും ആര്‍ത്തവരക്തം കാണപ്പെടുന്നത്. ഹോര്‍മോണുകളാണ് ആര്‍ത്തവരക്തത്തെ നിയന്ത്രിക്കുന്നത്. ഇത് സ്വാഭാവിക പരിവര്‍ത്തനമായതിനാല്‍ വൈദ്യശാസ്ത്രപരമായി ആര്‍ത്തവരക്തം അശുദ്ധരക്തമല്ല. ഈ പ്രക്രിയ എല്ലാ സസ്തനികളിലുമുണ്ട്.

സൂപ്പര്‍ സ്റ്റോറുകളിലും മറ്റും പോകുമ്പോള്‍ 'സാനിട്ടറി നാപ്കിന്‍സ്' എടുക്കുന്ന ഭാഗത്ത് എത്തുന്ന സ്ത്രീകള്‍ തിടുക്കത്തില്‍ എന്തോ അപരാധം ചെയ്യുന്നതുപോലെ പാഡും എടുത്ത് വേഗത്തില്‍ പോകുന്നത് കാണാന്‍ ഇടവന്നിട്ടുണ്ട്. എന്തായിരിക്കാം അവരുടെ ആ മാനസികാവസ്ഥ എന്ന് മുന്‍പും പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ആര്‍ത്തവം ഒളിച്ചുവെയ്ക്കപ്പെടേണ്ടതാണെന്ന മാനസിക ധാരണയില്‍ നിന്നാകാം ആ പെരുമാറ്റം. കാലം മാറി എന്നും തൊഴില്‍ മേഖലയില്‍ ഉള്‍പ്പെടെ സ്ത്രീകള്‍ മുന്നേറി എന്നൊക്കെ വീരവാദം മുഴക്കുന്ന ഈ കാലഘട്ടത്തിലും സ്വന്തം ശാരീരികാവസ്ഥകള്‍ ഒളിച്ചുവെയ്ക്കണമെന്ന വാദം എന്നെ അസ്വസ്ഥയാക്കുന്നു.

എല്ലാം മൂടിവെയ്ക്കപ്പെടുന്ന അല്ലെങ്കില്‍ മൂടിവെയ്ക്കപ്പെടേണ്ടിവരുന്ന ഒരു സാമൂഹികാവസ്ഥയില്‍ നിന്ന് പൊളിച്ചെഴുത്തലുകള്‍ നടത്താന്‍ നമുക്കിനിയു മായിട്ടില്ല. 'ആര്‍ത്തവം', 'സ്തനം', 'ലിംഗം', 'ലൈംഗികത' തുടങ്ങിയ വാക്കുകളും അവ ചര്‍ച്ചചെയ്യപ്പെടുന്നതും അപരാധമാണെന്ന് സമൂഹത്തിലെ വലിയൊരു വിഭാഗം കരുതുന്നു. പലപ്പോഴും എഴുത്തുകളിലും വാക്കുകളിലും 'ലൈംഗികത' എന്ന പദം പോലും ഉപയോഗിക്കാന്‍ പലരും മടിക്കുന്നു. പകരം ഇംഗ്ലീഷിലെ 'സെക്‌സ്' എന്ന വാക്ക് ഉപയോഗിക്കുന്നു.

ഈ ഒളിച്ചുവെയ്ക്കലുകളിലാണ് നമ്മുടെ സമൂഹത്തിലെ പല പ്രശ്‌നങ്ങളും ചുറ്റിപിണഞ്ഞ് കിടക്കുന്നത്. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഇന്ന് പിഞ്ചുകുഞ്ഞുങ്ങളിലേക്കും വൃദ്ധരിലേക്കുമൊക്കെ വ്യാപിക്കുമ്പോള്‍, ഗാര്‍ഹിക പീഡനങ്ങള്‍ അടിക്കടി വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ നമുക്ക് എന്തുചെയ്യാന്‍ സാധിക്കുന്നു?

ചെറുപ്പം മുതല്‍ ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും ക്ലാസ്സ് മുറിയില്‍ പോലും വേര്‍തിരിച്ച് ഇരുത്തുന്ന രീതി ഇന്നും തുടരുകയാണ്. സ്ത്രീ അകറ്റി നിര്‍ത്തപ്പെടേണ്ടവളാണെന്ന ബോധം ഇവിടെ നിന്നാണ് ആരംഭിക്കുന്നത്. ഇതുകൊണ്ടാണ് ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കണ മെന്ന ആവശ്യം ഉയരുന്നത്. എന്നാല്‍ ഇത്തരം കാര്യങ്ങളോട് സന്ധി ചെയ്യാന്‍ നമ്മുടെ സമൂഹം ഇനിയും മാനസികമായി തയ്യാറായിട്ടില്ല എന്നതാണ് വസ്തുത.

പരസ്യമായി ഇത്തരം കാര്യങ്ങളോട് അസഹിഷ്ണുത പ്രകടിപ്പിക്കുകയും രഹസ്യമായി ഇതെല്ലാം ആസ്വദിക്കുകയും ചെയ്യുന്ന ഒരു സമൂഹമായി നാം മാറിയിരിക്കുന്നു. പോണ്‍ സൈറ്റുകളും മറ്റും സേര്‍ച്ച് ചെയ്യുന്ന മലയാളികളുടെ ശരാശരി രാജ്യത്തുതന്നെ വളരെ മുന്‍പന്തിയിലാണെന്ന് ഈയിടെ പുറത്തുവന്ന ഒരു പഠനം വെളിവാക്കുന്നു.

എന്റെ ഫേസ് ബുക്ക് പോസ്റ്റ് ഒത്തിരി ആളുകളുടെ സദാചാരചിന്തകളെ മുറിവേല്‍പ്പിച്ചിരിക്കുന്നു എന്നു ഞാന്‍ മനസ്സിലാക്കുന്നു. ''നിങ്ങളെപ്പോലെ ഒരാളില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ല എന്നാണ് പലരും പ്രതികരിച്ചത്''. ഞാന്‍ ചെയ്ത തെറ്റ് എന്താണെന്ന് ഇപ്പോഴും എനിക്ക് മനസ്സിലായിട്ടില്ല. ഒരു ശാരീരികാവസ്ഥ തുറന്ന് പറഞ്ഞതാണ് തെറ്റെങ്കില്‍ ശരി നിങ്ങളുടെ പക്ഷത്തായിരിക്കാം. പക്ഷേ എന്റെ ശരി ഇതാണ്. എന്റെ വാക്കുകളെ ഞാന്‍ തെല്ലും ഭയപ്പെടുന്നില്ല. പ്ലാബ്ലോ നെരൂദ പറഞ്ഞതുപോലെ.
''നിങ്ങള്‍ക്ക് പൂക്കളെ നുള്ളിയെറിയാന്‍ സാധിച്ചേക്കാം. പക്ഷേ വസന്ത ത്തിന്റെ വരവിനെ തടയാനാകില്ല''.അതുകൊണ്ടുതന്നെ നിങ്ങള്‍ ഒളിച്ചുവെയ്ക്കാന്‍ ആഗ്രഹിക്കുകയും പറയാന്‍ മടിക്കുന്നതുമായ ചില കാര്യങ്ങള്‍ ഈ വേദിയിലൂടെ തുറന്ന ചര്‍ച്ചയാക്കാന്‍ ശ്രമിക്കുകയാണ്.

രൂപികൗറിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ അവസാന വരികള്‍ ഇതായിരുന്നു. ''എനിക്ക് ആര്‍ത്തവം തുടങ്ങുംമുന്‍പേ അതേക്കുറിച്ച് നാണിക്കാന്‍ എന്നെ പ്രേരിപ്പിച്ചിരുന്നു. അതു തുടങ്ങിയപ്പോള്‍ സമൂഹം അതിന്റെ നാണംകൂടി എന്റെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ തുടങ്ങി. എന്തിനാണ് സമൂഹത്തിന് ഇത്ര പേടി, ആര്‍ത്തവത്തോട് ഈ അയിത്തം? സ്ത്രീകളുടെ രതിവല്‍ക്കരിക്കപ്പെട്ട ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ കാണിക്കാമെങ്കില്‍ ആര്‍ത്തവം എന്തുകൊണ്ട് മറച്ചുപിടിക്കണം?

രൂപിയുടെ വാക്കുകള്‍ നവമാധ്യമങ്ങളിലും സമൂഹത്തിലും ഒരു തുറന്ന സമരത്തിന്റെ തുടക്കമാകുകയാണ്. ശാരീരികാവസ്ഥകളോടുള്ള രഹസ്യ സമീപനവും മാറ്റിനിര്‍ത്തപ്പെടലും ഇല്ലാതാക്കാനുള്ള ശ്രമം. എന്നാല്‍ രൂപി കൗറിന്റെ വാക്കുകള്‍ തുറന്ന സമീപനത്തോടെ കാണുവാന്‍ നമ്മുടെ സമൂഹം തയ്യാറാകുമോ?

http://www.marunadanmalayali.com/column/idam-valam/periods-dr-sindhu-joy-s-column-19007

Friday, 8 May 2015

ഭിന്നലിംഗക്കാരെ മാറ്റി നിര്‍ത്തരുതേ: അവരും മനുഷ്യരാണ് അവര്‍ക്കും അവകാശങ്ങളുണ്ട്



''മാലാഖമാര്‍ സ്ത്രീയാണോ? പുരുഷനാണോ? രണ്ടുമല്ലെന്നാണ് വിജ്ഞാനികള്‍ പറയുന്നത്. അതുകൊണ്ടുതന്നെ ട്രാന്‍സ്‌ജെന്‍ഡറുകള്‍ മാലാഖമാരോട് അടുത്ത് നില്‍ക്കുന്നവരാണ്. ആരെക്കാളും മുകളിലാണെന്ന് ഞങ്ങള്‍ അവകാശപ്പെടുന്നില്ല. പക്ഷേ സ്ത്രീകളുടേയും പുരുഷന്മാരുടേയും പ്രശ്‌നങ്ങള്‍ ഒരുപോലെ മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിയും, അമ്മയെ പോലെ സ്‌നേഹിക്കാനും അച്ഛനെപ്പോലെ ശാസിക്കാനും ഞങ്ങള്‍ക്കാകും''. ഇന്‍ഡ്യയിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡറായ ഭാരതി എന്ന പുരോഹിതയുടെ വാക്കുകളാണിത്.
ലൈംഗിക ന്യൂനപക്ഷങ്ങള്‍ അഥവാ ഭിന്നലിംഗക്കാര്‍ - നാം അകറ്റി നിര്‍ത്തുകയും അവജ്ഞയോടെ തള്ളിക്കളയുകയും ചെയ്യുന്ന കുറെ മനുഷ്യര്‍. തന്റേതല്ലാത്ത കുറ്റത്താല്‍, പരിഹാസങ്ങള്‍ ഏറ്റുവാങ്ങുകയും പീഡാനുകൂലമായ ജീവിതം നയിക്കുകയും ചെയ്യുന്നവര്‍. ഇക്കൂട്ടത്തില്‍ പുരുഷനായി ജനിച്ച് സ്ത്രീ മനസ്സുമായി ജീവിക്കുന്നവരും സ്ത്രീയായി ജനിച്ച് പുരുഷമനസ്സുമായി ജീവിക്കുന്നവരുമുണ്ട്.


കേരള സര്‍വ്വകലാശാലയിലെ  കൗണ്‍സിലിംഗ് കോഴ്‌സിന്റെ ഭാഗമായുള്ള ട്രെയിനിംഗിന് പോയപ്പോഴാണ് ഭിന്നലിംഗക്കാരെക്കുറിച്ചുള്ള എന്റെ ധാരണകള്‍ക്ക് മാറ്റമുണ്ടായത്. തിരുവനന്തപുരം കരമനയിലുള്ള ഡെയില്‍വ്യൂ (Dale View) ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സുരക്ഷ സെന്ററില്‍ വെച്ചാണ് ഈ വിഭാഗക്കാരെ പരിചയ പ്പെടാനും കൂടുതലറിയാനും അവസരം ലഭിച്ചത്. ഉത്തരേന്ത്യയിലേക്കും മറ്റും ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ഇവരെ പതിവായി കാണാറുണ്ടെങ്കിലും ഭയ ത്തോടെയാണ് കണ്ടിരുന്നത്. അവരെല്ലാം അക്രമകാരികളോ മാറ്റി നിര്‍ത്തപ്പെടേണ്ട വരോ ആണെന്ന ധാരണയായിരുന്നു. 'ഡെയില്‍വ്യൂ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സുരക്ഷ' സെന്ററില്‍ എത്തുന്നതിനു മുന്‍പ് മറിച്ച് ചിന്തിക്കാന്‍ മാത്രം അവരെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിച്ചിട്ടുമില്ല.

ട്രെയിനിംഗ് കാലയളവില്‍ ഇവരില്‍ പലരുടേയും നരകതുല്യമായ ജീവിതങ്ങളെ അടുത്തറിഞ്ഞു. വീട്ടുകാരുടേയും നാട്ടുകാരുടേയും നിരന്തരമായ അവഹേളനത്തിനും പീഡനങ്ങള്‍ക്കും ഇരയാകുന്നവരാണവര്‍. പുരുഷ രൂപത്തില്‍ ജനിക്കുന്ന ഭിന്നലിംഗക്കാര്‍ അവിടെവെച്ച് പരിചയപ്പെട്ട അഭിഷേക് എന്ന ആശ ചെറുപ്പത്തില്‍ പഠിക്കാന്‍ സമര്‍ത്ഥനായിരുന്നു. എന്നാല്‍ ജനിതകമായ സവിശേഷതകള്‍ സ്വഭാവത്തില്‍ പ്രകടമായത് മുതല്‍ സഹപാഠികളും അദ്ധ്യാപകരും അകറ്റി നിര്‍ത്തി. പലപ്പോഴും പരിഹസിച്ചു തല്‍ഫലമായി പഠനം പൂര്‍ത്തികരിക്കാനായില്ല. ഭിന്നലിംഗക്കാരനായതിനാല്‍ മറ്റ് തൊഴില്‍ കൊടുക്കാന്‍ ആരും തയ്യാറായതുമില്ല. ആശ ഇപ്പോള്‍ ലൈംഗിക തൊഴിലാളിയാണ്.
 ഇവരില്‍ പലരു0 സ്ത്രീകളുടെ ജീവിതം ആഗ്രഹിക്കുന്നു. സ്ത്രീകളെപ്പോലെ വസ്ത്രം ധരിക്കാനും ആഭരണങ്ങള്‍ അണിയാനും നൃത്തം ചെയ്യാനുമൊക്കെ കൊതിയാണവര്‍ക്ക്. പൊതുസമൂഹം മാറ്റിനിര്‍ത്തുന്നതുകൊണ്ട് ജീവിക്കാന്‍ പോലും പലരും ലൈംഗികതൊഴിലാളികളായി ജീവിക്കേണ്ടിവരുന്നു. ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് പുരുഷ ലൈംഗിക തൊഴിലാളികള്‍ മാത്രമാണ് എന്നാണ് പൊതുധാരണ. എന്നാല്‍ എല്ലാ ഭിന്നലിംഗക്കാരും ലൈംഗിക തൊഴിലാളികളല്ല.




കണ്ടുമുട്ടിയ ഒട്ടുമിക്കവരും പരാതിപ്പെട്ടത് അവരോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടിനെക്കുറിച്ചും തങ്ങളുടെ അവകാശലംഘനങ്ങളെക്കുറിച്ചുമാണ്. ഇതില്‍ വോട്ടവകാശവും, റേഷന്‍കാര്‍ഡില്‍ പേര് ചേര്‍ക്കുന്നതുമൊക്കെപ്പെടും. ഹോട്ടലുകളിലും ആശുപത്രികളിലുമൊക്കെ പലപ്പോഴും പ്രവേശനം നിഷേധിക്കപ്പെടുന്നുണ്ടത്രെ. യാത്രാവേളകളില്‍ ഇവരുടെ അടുത്തിരിക്കാന്‍പോലും പലരും തയ്യാറാകുന്നില്ല.




ഒരിക്കല്‍ അസുഖത്തെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ പോയപ്പോള്‍ ഉണ്ടായ ബുദ്ധിമുട്ടാണ് രാമന്‍ അഥവാ രമ എന്ന ട്രാന്‍സ്‌ജെന്‍ഡറിന് പറയാനുണ്ടായിരുന്നത്. ഏത് ലിംഗത്തില്‍പ്പെട്ടയാളാണെന്ന് വ്യക്തമാക്കാന്‍ കഴിയാത്തതിനാല്‍ പുരുഷ വാര്‍ഡിലോ, സ്ത്രീ വാര്‍ഡിലോ അഡ്മിറ്റ് ചെയ്യണമെന്ന ആശയകുഴപ്പത്താല്‍ ആ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ അധികൃതര്‍ വിസമ്മതിച്ചു. ട്രെയിനിംഗിനു പോയ ഡെയില്‍വ്യൂ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സുരക്ഷ കേന്ദ്രം പ്രവര്‍ത്തിക്കുന്നതിന് തിരുവനന്തപുരം നഗരത്തില്‍ വാടകയ്ക്ക് കെട്ടിടം കിട്ടാന്‍ നന്നേ ബുദ്ധിമുട്ടേണ്ടി വന്നുവെന്ന് കേന്ദ്രത്തിന്റെ ചുമതലയുള്ള ഡിപിന്‍ പറഞ്ഞ തോര്‍ക്കുന്നു. ഭിന്നലിംഗക്കാരോടുള്ള പൊതുക്കാഴ്ചപ്പാടിന്റെ പ്രതിഫലനമാണ് ഇതൊക്കെ.

ഭിന്നലിംഗക്കാര്‍ എങ്ങനെ ജനിക്കുന്നു.
മനുഷ്യന്റെ ലിംഗനിര്‍ണ്ണയം ഗര്‍ഭാവസ്ഥയില്‍ ക്രോമസോമുകളുടെ സംയോഗത്തോടെ നിര്‍ണ്ണയിക്കപ്പെടുന്നു. XX ക്രോമസോമുകളുടെ സംയോഗത്താല്‍ പെണ്‍ കുഞ്ഞും, XY ക്രോമസോമുകളുടെ സംയോഗത്താല്‍ ആണ്‍കുഞ്ഞും ജനിക്കുന്നു. ഈ ക്രോമസോമുകളുടെ ഏറ്റക്കുറച്ചിലുകള്‍ കാരണം Y ക്രോമസോമിന്റെ ദുര്‍ബലതയോടെ ജനിക്കുന്ന കുട്ടികളാണ് ഭിന്നലിംഗക്കാരായി കണക്കാക്കുന്നത്. ജനിതകമായ വൈകല്യം മൂലമാണ് ഒരാള്‍ ട്രാന്‍സ്‌ജെന്‍ഡറായി ജനിക്കുന്നത്.

ഇന്‍ഡ്യയിലെ ഭിന്നലിംഗക്കാര്‍
മുഗള്‍ ഭരണക്കാലത്ത് റാണിമാരുടെ അന്തഃപുരത്തിലെ കാര്യസ്ഥന്മാരായി ഭിന്നലിംഗക്കാരെ നിയോഗിച്ചിരുന്നതായി കാണാം. ഹൈദ്രബാദിലെ നിസാം ഇവര്‍ക്കായി പ്രത്യേകം വാസസ്ഥലവും ആരാധനാലയവുമൊക്കെ പണിതുനല്‍കി യിരുന്നതായി സിയാ ജഫ്രിയുടെ 'ദി ഇന്‍വിസിബിള്‍സ്' എന്ന പുസ്തകം പറയുന്നു.
വടക്കേ ഇന്‍ഡ്യന്‍ സമൂഹത്തില്‍ ഭിന്നലിംഗക്കാര്‍ക്ക് വലിയ സ്ഥാനമൊന്നുമില്ലെങ്കിലും അവര്‍ക്ക് അനുഗ്രഹിക്കാനും ശപിക്കാനുമൊക്കെ കഴിവുണ്ടെന്ന അന്ധവിശ്വാസം അവരുടെ ജീവിതം നിലനിര്‍ത്തിപോരുന്നു. എങ്കിലും ഇവരില്‍ ഭൂരിഭാഗവും ഭിക്ഷയാചിച്ചും ലൈംഗിക തൊഴിലില്‍ ഏര്‍പ്പെട്ടുമൊക്കെ ജീവിതം തള്ളിനീക്കുന്നു.രാജ്യത്ത് ഔദ്യോഗികമായി 4.5 ലക്ഷം പേരുടെ കണക്കേ ഉള്ളുവെങ്കിലും ജനസംഖ്യയിലെ 20-25 ലക്ഷം ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ഉണ്ടെന്നാണ് ഇവരെ സംബന്ധിച്ച് രാജ്യസഭയില്‍ അവതരിപ്പിച്ച് പാസാക്കായി ബില്ലില്‍ പരാമര്‍ശി ക്കുന്നത്.

കേരളത്തിലെ പൊതുസ്ഥിതി
ഇവിടെ ഭിന്നലിംഗക്കാര്‍ കുറവാണെന്നാണ് പൊതുധാരണ. എന്നാല്‍ ഇവരോട് സമൂഹം കാട്ടുന്ന അസഹിഷ്ണുതയും പരിഹാസവുമൊക്കെ പലപ്പോഴും ഇവരെ തങ്ങളുടെ ഐഡന്റിറ്റി ഒളിപ്പിച്ച് വെയ്ക്കാനോ സംസ്ഥാനം വിട്ടുപോകാനോ ഒക്കെ പ്രേരിപ്പിക്കുന്നു. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനോട് ഏറ്റവും മോശമായി പെരുമാറുന്ന സംസ്ഥാനങ്ങളിലൊന്നാണു കേരളമെന്ന് ഈയിടെ പാലക്കാട് ചേര്‍ന്ന ഭിന്നലിംഗ ക്കാരുടെ സംസ്ഥാനതലസംഗമം ചൂണ്ടിക്കാട്ടിയിരുന്നു. നമ്മളവരെ നിരം ഉപദേശിച്ചുകൊണ്ടിരിക്കുകയാണെന്നും മറ്റുള്ളവരെ പോലെ ജീവിക്കാനുള്ള സാഹചര്യമൊരുക്കണമെന്നുമാണ് അവരുടെ പ്രധാനപ്പെട്ട ആവശ്യം.

2014 ലെ സുപ്രീംകോടതി വിധി
റെ നാളത്തെ നിയമപോരാട്ടത്തിനുശേഷമാണ് ഭിന്നലിംഗക്കാരുടെ പൗരാവകാശ സംരക്ഷണത്തിന് നിയമനിര്‍മ്മാണം നടത്തണമെന്നും, അവരോട് ഒരു തരത്തിലുള്ള വിവേചനം പാടില്ലായെന്നും ജസ്റ്റിസ് കെ.എസ്.രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബഞ്ച് ഏപ്രില്‍ 15, 2014 ല്‍ വിധി പ്രസ്താവിച്ചത്. തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈന്‍സന്‍സ് എന്നിവയില്‍ ഭിന്നലിംഗം എന്ന് അടയാളപ്പെടുത്താന്‍ അവസരം നല്‍കണമെന്നും, വിവാഹത്തി നും കുട്ടികളെ ദത്തെടുക്കുന്നതിനും നിയമപരമായ അവകാശം നല്‍കണമെന്നും ദേശീയ ലീഗല്‍ അതോറിട്ടിയുടെ പരാതി പരിഗണിച്ചായിരുന്നു വിധി.

റിസര്‍വ്വ് ബാങ്ക് ഇടപെടല്‍
ഭിന്നലിംഗക്കാരുടെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് ബാങ്ക് അക്കൗണ്ട് തുറക്കാനും ബാങ്കുകളുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങള്‍ ലഭ്യമാക്കാനും ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ട എല്ലാ കോളങ്ങളിലും ഭിന്നലിംഗം എന്ന ഓപ്ഷന്‍ കൂടി ചേര്‍ക്കണമെന്ന് ആര്‍.ബി.ഐ. ഈയിടെ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു.

രാജ്യസഭയില്‍
ഭിന്നലിംഗക്കാര്‍ക്ക് ആത്മവിശ്വാസം പകരുന്നതാണ് കഴിഞ്ഞദിവസം അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി തിരുച്ചിശിവ കൊണ്ടുവന്ന സ്വകാര്യബില്‍ പാസായത്. 45 വര്‍ഷത്തിനു ശേഷമാണ് ഒരു സ്വകാര്യബില്‍ രാജ്യസഭയില്‍ പാസാകുന്നത് എന്ന സവിശേഷതയുമുണ്ട്. 1970 ലാണ് ഇതിനു മുന്‍പ് ഒരു സ്വകാര്യബില്‍ രാജ്യസഭയില്‍ പാസായത്.
            മനുഷ്യന്‍ എന്നാല്‍ സ്ത്രീയും പുരുഷനും മാത്രമല്ലെന്നും അതിന്റെ മധ്യത്തില്‍ ജനിച്ചുവീഴുന്നവരുണ്ടെന്നും ജനിതകവൈകല്യങ്ങള്‍ ആരുടെയും കുറ്റമല്ല എന്നുമുള്ള ഉയര്‍ന്ന ബോധത്തിലേയ്ക്ക് നാം വളരേണ്ടിയിരിക്കുന്നു. ചാന്ത്‌പൊട്ട്, ഒന്‍പത് എന്നൊക്കെ പറഞ്ഞ് നാം മാറ്റിനിര്‍ത്തുന്ന ഇവര്‍ക്കും തുല്യഅവകാശങ്ങളുണ്ടെന്ന് മറക്കാതിരിക്കാം. രാജ്യസഭയില്‍ പാസാക്കിയ ബില്ലും, സുപ്രീം കോടതി വിധിയും, ആര്‍.ബി.ഐ. ഉത്തരവുമെല്ലാം ഭിന്നലിംഗക്കാരുടെ വികാരങ്ങളെ രാജ്യം പരിഗണിക്കുന്നുണ്ട് എന്നതിന്റെ സൂചനയാണ്.

ഡോ. സിന്ധു ജോയ്
കുറിപ്പ്: - ലേഖനത്തിൽ പരാമർശിച്ചിരിക്കുന്ന പേരുകൾ സാങ്കൽപികമാണ്

http://www.marunadanmalayali.com/column/idam-valam/transgender-rights-18598

Friday, 1 May 2015

മദ്യപാനം മാറേണ്ട കാഴ്ചപാടുകൾ


ഒരുനടി പൊതുപരിപാടിയില്‍ മദ്യപിച്ചത്തെി എന്ന ആരോപണം അപഹാസ്യമായ ചര്‍ച്ചകള്‍ക്ക് ഇട നല്‍കിയിരിക്കുകയാണ്. ഈ വിഷയത്തില്‍ അവരുടെ വ്യക്തിപരമായ പ്രതികരണം വരാത്തിടത്തോളം എന്താണ് സംഭവിച്ചതെന്ന് ആധികാരികമായി പറയാനാവില്ല . എങ്കിലും മദ്യപാനികളോടുള്ള സമൂഹത്തിന്‍െറ പൊതുകാഴ്ചപ്പാടും അവജ്ഞയും ഒക്കെയാണ് ഈ ചര്‍ച്ചകളിലെല്ലാം പ്രതിഫലിക്കുന്നത്. അവരോടുള്ള കാഴ്ചപ്പാട് സംബന്ധിച്ച ചര്‍ച്ചകള്‍ക്കും തീരുമാനങ്ങള്‍ക്കും ഇത് ഉചിതമായ സമയമാണെന്നാണ് എന്‍െറ ചിന്ത.

ഇന്ത്യയില്‍ ഏറ്റവുമധികം മദ്യഉപഭോഗം നടക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. മദ്യപാനം ആരംഭിക്കുന്നതിന്‍െറ ശരാശരി പ്രായം പതിമൂന്നും കൂടുതല്‍ ഉപഭോഗം നടക്കുന്നത് 21 മുതല്‍ 40 വയസിന് ഇടയിലും ആണ്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ സ്ത്രീകള്‍ക്കിടയിലെ മദ്യപാനത്തിലും ഗണ്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. യുവജനങ്ങള്‍ക്കിടയിലെ മദ്യപാനവും ലഹരിമരുന്ന് ഉപയോഗവും കണക്കുകള്‍ക്കും അപ്പുറമാണ്.


മദ്യപാനം ഒരുവന്‍െറ ആരോഗ്യത്തെ നശിപ്പിക്കുകയും ആ വ്യക്തിക്കു തൊഴില്‍പ്രശ്നങ്ങളോ സാമ്പത്തിക തകര്‍ച്ചയോ സാമൂഹിക പ്രയാസങ്ങളോ ഉണ്ടായിട്ടും മദ്യം ഉപേക്ഷിക്കുന്നില്ളെങ്കില്‍ അയാളൊരു "മദ്യപാന രോഗിയാണ് "എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത് .അമിത മദ്യപാനം ഒരു രോഗാവസ്ഥ ആണ് എന്നാല്‍ ഈ തിരിച്ചറിവ് നമ്മളില്‍ എത്ര പേര്‍ക്ക് ഉണ്ട് ?
തുടക്കത്തില്‍ ഒരു രസത്തിനു വേണ്ടിയാണ് പലരും മദ്യപാനം അരംഭിക്കുനത്. ചിലരാകട്ടെ മാനസിക പിരിമുറുക്കങ്ങളെ അതിജീവിക്കാനും. ഇതു രണ്ടും മദ്യാസക്തിയിലേക്ക് ചെന്നത്തൊം. മനുഷ്യന്‍െറ തലച്ചോറിനെ പൊടുന്നനെ കടന്നാക്രമിക്കാന്‍ കെല്‍പ്പുള്ള വൈഷാദിക മരുന്ന് കൂടിയാണ് മദ്യം. അതിനാല്‍തന്നെ ലഹരിയില്‍ ആയിരിക്കുമ്പോള്‍ ചിലര്‍ക്ക് തങ്ങള്‍ പറഞ്ഞതും ചെയ്തതുമായ കാര്യങ്ങള്‍ ഓര്‍മയുണ്ടാവില്ല. ഈ അവസ്ഥക്ക് "ബ്ളാക്ക് ഒൗട്ട് " എന്ന് പറയുന്നു .തലച്ചോറില്‍ ഉണ്ടാകുന്ന രാസവിന്യാസങ്ങള്‍ ക്രമരഹിതമാകുന്നതിനാലാണ് ഈ അവസ്ഥയിലേക്ക്് ഒരാള്‍ എത്തുന്നത്. ഇതു മനസിലാക്കാന്‍ നമുക്കാവണം. അസുഖം ബാധിച്ച ഒരു രോഗിക്ക് കൊടുക്കുന്ന സഹാനുഭൂതി തന്നെയാണ് മദ്യപനിയും അര്‍ഹിക്കുന്നത്. അതല്ലാതെ അവരെ ഒറ്റപ്പെപ്പെടുത്തുകയും പുച്ഛിക്കുകയും ചെയ്യുന്നത് നീതികരിക്കാനാവില്ല.

ലക്ഷക്കണക്കിന് മദ്യപാനികളുള്ള നമ്മുടെ സംസ്ഥാനത്ത് മദ്യപാന രോഗത്തെ കുറിച്ച് തുറന്നചര്‍ച്ച അനിവാര്യമായിരിക്കുന്നു .അവര്‍ വെറുക്കപ്പെടേണ്ടവരല്ല ; മറിച്ച് അവര്‍ക്ക് വേണ്ടത് സ്നേഹവും സാന്ത്വനവും ഒക്കെയാണ്. നമ്മുടെ കുടുംബങ്ങളില്‍ നിന്നുതന്നെ ഇതിനു തുടക്കമിടാം. ഒരാള്‍ ഈ അവസ്ഥയിലേക്ക് പോകാതിരികാനുള്ള നിതാന്തജാഗ്രത കുടുംബങ്ങളില്‍ ഉണ്ടാകട്ടെ. കടുത്ത മദ്യപാനിയായ ഒരാളെ കണ്ടാല്‍ അയാളെ ചികില്‍സക്ക് പ്രേരിപ്പിക്കണം. ഇതോടൊപ്പം രോഗവസ്ഥയിലേക്ക് കൂടുതല്‍ ആളുകള്‍ എത്താതിരിക്കാനുള്ള ശക്തമായ ബാധവല്‍കരണ പരിപാടികളും ആരംഭിക്കേണ്ടിയിരിക്കുന്നു.





കറുത്ത ചിന്തകൾ


ഗായിക സയനോര ഫിലിപ്പ് ഒരു പത്രത്തിൽ വന്ന അവരുടെ അഭിമുഖം എന്റെ ഫേസ് ബുക്ക് പൈജിലേക്ക് ടാഗ് ചെയ്തിരുന്നു .താൻ കറുത്ത നിറകാരിയയതിനാൽ ജീവിതത്തിൽ അഭിമുഖരിക്കേണ്ടി വന്ന പ്രശ്നങ്ങളെ കുറിച്ച് ആയിരുന്നു അത് .വ്യതസ്തമായ ശൈലിയിലുടെ സംഗീത രംഗത്ത് തിളങ്ങി നില്കുന്ന സയനോരയുടെ വാക്കുകൾ ചില സാമൂഹിക യാഥാർധ്യങ്ങളുടെ പ്രതിഫലനം ആണ് ."കറുത്ത നിറമായതിനാൽ ജീവിതത്തിൽ പല പ്രതിസധികളും നേരിടേണ്ടി വന്നിടുന്ടെന്നും 

ചെറുപ്പകാലത്ത് പഠിച്ചിരുന്ന സ്കൂൾ ലെ ഒരു നൃത്ത പരിപാടിയിൽ നിന്ന് മാറി നില്ക്കാൻ ആവശ്യപെട്ടിട്ടുന്ടെന്നും ,വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത്തരം നിലപാടുകൾ എന്നും സ്കൂൾകളിലും കോളേജുകളിലും
തൊഴിലിടങ്ങളിലുമൊക്കെ വ്യപകമാനെന്നും സയനോര സാക്ഷ്യപെടുത്തുന്നു .

മികവുറ്റ കുട്ടികൾ ആണെങ്കിൽ കൂടിയും നിറം നോക്കി കലാ -കായിക രംഗത്ത് നിന്നൊക്കെ മാറ്റി നിരതപെടുന്നു എന്നാ വാർത്തയുടെ അടിസ്ഥാനത്തിൽ ഈ വിഷയത്തിൽ ഗൌരവമായ അന്വേഷണം നടത്താൻ പൊതു വിദ്യാഭ്യാസ സെക്രട്ടറിയോട് വിദ്യാഭ്യാസ മന്ത്രി ആവശ്യപെട്ടിരിക്കുകയാണ് .അന്വേഷനതിണ്ടേ റിപ്പോർട്ട് പുറത്തു വരുമ്പോൾ മാത്രമേ ഇത്തരം പ്രവണതകൾ എത്ര മാത്രം ഉണ്ട് എന്ന് സ്ഥിരീകരിക്കാൻ കഴിയു. എന്നാൽ കേരളത്തില പോലും ഇത്തരം പ്രവണതകൾ നിലനില്കുന്നു എന്നത് വസ്തുതയാണ് .

സ്വാതത്ര്യം നേടി വർഷങ്ങൾ പിന്നിട്ടിട്ടും എല്ലാവരും തുല്യരനെന്ന ഭരണഘടനാ അവകാശങ്ങൾ നിലനില്ക്കുമ്പോഴും രാജ്യത്തെ പൊതു അവസ്ഥയും വ്യെത്യസ്ടമല്ല .വർണ്ണതിന്ടെയും രൂപതിന്ടെയും ഒക്കെ അടിസ്ഥാനത്തിലുള്ള വേർതിരിവുകൾ പിഴുതെറിയാൻ ഇനിയും നമുക്കായിട്ടില്ല.നമ്മുടെ ഭരണാധികാരികൾ പോലും പലപ്പോഴും ഇത്തരം വാക്കുകൾ ഉപയോഗിക്കുനത് കാണാം .കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കോണ്ഗ്രെസ്സ്കർ അംഗികരിച്ചത് അവര്ക്ക് വെളുത്ത നിരമായത് കൊണ്ടാണെന്നും രാജീവ് ഗാന്ധി ഒരു നൈജീരിയകാരിയെയാണ് വിവാഹം കഴിചിരുന്നതെങ്കിൽ അവരെ അധ്യക്ഷയക്കുമോ എന്നാ കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് ന്ടെ വാക്കുകൾ ഏറെ കോലാഹലങ്ങൾ സൃഷ്ടിച്ചിരുന്നു .ഗിരിരാജ് സിംഗ് നെ പ്രധാനമന്ത്രി താക്കീത് ചെയ്യുകയും അദ്ദേഹം മാപ്പ് പറയുകയും ചെയ്തെങ്കിലും തൊലിയുടെ നിറത്തിന് കല്പിക്കപെടുന്ന വിവേച്ചനമല്ലേ ഈ വാക്കുകളിലുടെ പ്രകടമാകുന്നത്

ഗോവയിൽ സമരം നടത്തുന്ന നേഴ്സ് മാരോട് "സമരം നടത്തി വെയില് കൊണ്ട് കറുത്ത് പോയാൽ വിവാഹം കഴിക്കാൻ ആരും വരിലെന്ന" മുഖ്യമന്ത്രിയുടെ വാക്കുകളും കറുപ്പിന് ഇന്നും നമ്മുടെ മനസുകളിൽ രണ്ടാം സ്ഥാനം ആണെന്ന് അടിവരയിട്ടുറപ്പിക്കുന്നു എന്നാൽ അദ്ദേഹം പറഞ്ഞ വാക്കുകളുടെ മറ്റൊരു വശം ചിന്തിച്ചാൽ ഇന്നും വിവാഹത്തിന് പെണ്കുട്ടിയെ തിരഞ്ഞെടുക്കുമ്പോൾ പുരുഷന്മാർ നിറം നോക്കുന്നു എന്നതും വസ്തുതയാണ്.ബീഹാർ തലസ്ഥാനമായ പട്നയിൽ ഈയടുത്താണ് കറുത്ത നിറമുള്ള പെണ്കുട്ടിയെ വിവാഹം കഴിച്ചതിന്ടെ പേരിൽ അയല്ക്കാരുടെ കളിയാക്കലിന് ഇരയായ രാജേഷ് എന്ന യുവാവ് ആത്മഹത്യ ചെയ്തത് .ഉത്തരേന്തയൻ ഗ്രാമങ്ങളിലും മറ്റും ഇനിയും തുടച്ചു മാറ്റപെടാൻ കഴിയാത്ത ജാതി വ്യെവസ്ഥയിലാണ് ഇതിന്ടെ അടിവേരുകൾ .ഉയർന്ന ജാതികർ വെളുത്തവരും താഴ്ന്ന ജാതിക്കാർ കറുത്തവരുമെന്ന സങ്കൽപം പിഴുതെറിയാൻ ഇനിയും ആയിട്ടില്ല

കേരളത്തിലാകട്ടെ നിരവധി പോരട്ടങ്ങളിലുടെയും സാമൂഹിക പരിഷ്കർത്താക്കളുടെ ഇടപെടൽ ലിന്ടെയും ഒക്കെ ഭാഗമായി നാം ആട്ടിയകട്ടിയ ദുഷിച്ച പ്രവണതകൾ ഇപ്പോഴും നില നില്കുന്നു എന്നതാണ് സയനോരയുടെ വാക്കുകളിലുടെ പ്രതിഫലിക്കുന്നത് . നവമാധ്യമങ്ങൾ പരിശോദിച്ചാൽ തന്നെ ഇത് വ്യെക്തമാകും ."ഉമ്മ തരട്ടെ കുട്ടാ "എന്ന അടികുറുപോടെയുള്ള കറുത്ത വംശജയുടെ ചിത്രം അപഹാസ്യമായ രീതിയിൽ ഉപയോഗിക്കുനത് നമ്മുക്ക് സുപരിചിതമാണ് .നിറമില്ലാത്തവരെല്ലാം മോശകരാനെന്ന തോന്നലിൽ നിന്നാണ് ഇത്തരം പോസ്റ്റുകൾ ഉടലെടുക്കുനത് വർണ്ണവിവേച്ചനതിന്ടെ പേരില് ലോകമാകെ നിരവധി മുന്നേറ്റങ്ങൾ നടന്നുവെങ്കിലും കറുത്ത നിറക്കാരോടുള്ള മനോഭാവം മാറ്റാൻ സാക്ഷരർ എന്ന് അവകാശപെടുന്ന നമുക്ക് പോലും ആയിട്ടില്ല .നൂറ്റാണ്ടുകളായി ചൂഷണം ചെയ്യപെടുന്ന കറുത്ത വർഗക്കാരുടെയും ആദിവാസി കളുടെയും ഒക്കെ ചിത്രങ്ങൾ അപഹാസ്യമായി ചിത്രികരിക്കുമ്പോൾ ക്രൂരമായ ഒരാനന്ദം ചിലര്ക്കെങ്കിലും ലഭികുനുണ്ടോ എന്ന് സംശയിക്കേണ്ടിയിരികുന്നു

എന്റെ കൂട്ടുകാരി സുധ മേനോൻ ഈയിടെ അവളുടെ ഫേസ് ബുക്കിൽ ഇട്ട ഒരു പോസ്റ്റ് ആവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ് അത് ഇങ്ങനെ ആണ് "ജീവിക്കാൻ വേണ്ടി സോമാലിയയിലും, സുഡാനിലും,ഉഗാണ്ടയിലും പോകാൻ മടി കാണിക്കാത്ത ആഗോള മലയാളിക്ക് എന്തിനാണ് ഈ നിറത്തോട് ക്രൂരതയോളം എത്തുന്ന ഈ പുച്ഛം? ഇതേ നമ്മള് തന്നെയാണ് നെല്സണ് മണ്ടേലയുടെ ചിത്രം പ്രൊഫൈൽ പിക്ചർ ആയി ഇടുന്നത്..മണ്ടേലയെ പാടി പുകഴ്ത്തുന്നത്.ഓ എന വി യുടെ കറുത്ത പക്ഷിയുടെ പാട്ട് കാണാതെ പഠിപ്പിച്ചു മക്കൾക്ക് യുവജനോത്സവത്തിന് സമ്മാനം ഉറപ്പിക്കുനത്....അഫ്രികാൻ സാഹിത്യം പഠിക്കുകയും പഠിപ്പിക്കുകയും ചെയുന്നത്...ഫേസ് ബുക്കില് കറങ്ങി നടക്കുന്ന ഈ ചിത്രവും പ്രതിഫലിപ്പിക്കുന്നത് ലോകത്തുള്ള ഒരു റ്റൊയിലെറ്റ് ക്ലീനെരിനും വൃത്തിയാക്കാൻ ആവാത്ത അഴുക്കു കെട്ടികിടക്കുന്ന നമ്മുടെ മനസിനെയാണ് അല്ലാതെ ഈ കറുപ് നിറത്തെയല്ല" സുധയുടെ വാക്കുകൾ പ്രസക്തമല്ലേ ?

പരിഷ്കൃത സമൂഹം എന്ന് അവകാശപെടുന്ന നമുക്ക് പോലും വർണ്ണചിന്തകൾ പൂർണമായും ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ല .

സയനോരയുടെ വാക്കുകൾ നമുക്ക് തുറന്ന ചർച്ചക്ക് വിധേയമാക്കാം ഒപ്പം നമ്മുടെ സമൂഹത്തിൽ അവശേഷിക്കുന്ന ഇത്തരം പ്രവണതകൾ ഇല്ലാതാക്കാൻ ശ്രമികുകയും ചെയ്യാം .
http://www.marunadanmalayali.com/column/idam-valam/colour-discrimination-18190

Thursday, 26 March 2015

സൂര്യനും- നക്ഷത്രവും




സൂര്യനും- നക്ഷത്രവും
----------------------------------
ഓർക്കുക നമ്മളിനി വിരഹപക്ഷികൾ
എവിടെക്കോ ചിതറി പോകാൻ വിധിക്കപെട്ടവർ
നീയിനി സൂര്യനും ഞാനൊരു നക്ഷത്രവും
നീ ഉദിക്കുമ്പോൾ ഞാൻ മാഞ്ഞു പോകണം
നീ മറിയുമ്പോൾ ഞാൻ പ്രകാശിക്കണം
അനന്തമാം പ്രപഞ്ചത്തിൽ പൊടുന്നനെ നാം അന്യരായെങ്കിലും
എനിക്കായി നീ തന്ന സ്നേഹത്തിന്ടെ ആകാശം ബാക്കിയാകുന്നു

Sunday, 11 January 2015

ഹൃദയം എവിടെ ?





ഹൃദയമെവിടെ എൻ ഹൃദയമെവിടെ
തേടി അലയുന്നു ഞാൻ
ഏകാന്തമാമി യാമങ്ങളിൽ ഒരു വേഴാമ്പലിനെ പോൽ 
എൻ മാനസത്തെ അന്വേഷിച്ചു നടപ്പു ഞാൻ ....

Monday, 5 January 2015

തിരിച്ചറിവ്



പണ്ടൊരിക്കൽ ക്ലാസ്സ്‌ മുറിയിൽ വെച്ച് എനിക്കൊരു തൂലിക നഷ്ടമായിരുന്നു...

ആ തൂലിക നിന്ടെ ഹൃദയം ആയിരുന്നുവെന്ന് ഇപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത് !

Saturday, 3 January 2015

ഏകാന്തത



ഇവിടെയി ഏകാന്തതയിൽ എന്റെ നയനങ്ങൾ നിന്നെ തേടുന്നു
ഈ കാറ്റിൽ എന്റെ നിശ്വാസം ഉയരുന്നു
ആ നിശ്വാസതിന്ടെ ഗന്ധം നിന്ടെതാണ് നിന്ടെത് മാത്രം
എന്റെ സ്വപ്നങ്ങൾക്ക് നീ പുതുജീവൻ നല്കി
ആ സ്വപ്നങ്ങൾ ഒരു ചിത്രശലഭത്തെ പോലെ പാറി നടക്കുന്നു
വീണ്ടും വസന്ത കാലത്തിന്ടെ വരവറിയിച്ച് കൊണ്ട് ..

Thursday, 1 January 2015

പ്രണയം




    

പ്രണയം- ഒരു പെരുംപാമ്പിനെ പോലെ
ചുറ്റി പിണഞ്ഞ് എന്നിലേക്ക്‌ അടുക്കുന്നു !
ജീവിതമാം മരുഭൂമിയിൽ പച്ചപ്പായി അണയുന്നു
അതെന്നെ കൊത്തി മുറിവേൽപ്പിക്കുന്നു
ആ മുറിപാടുകൾ തൊട്ട് നോക്കി
ഞാൻ എന്നോട് തന്നെ ചോദിപൂ
പ്രണയത്തിന്ടെ നിറം എന്താണ് ?
അതെ എന്റെ പ്രണയത്തിന്ടെ നിറം
ചുവപ്പാണ് കടും ചുവപ്പ് .....

നിങ്ങളുടെ
സ്വന്തം

ഡോ.സിന്ധു ജോയ്


                                                                                                             

ഓണ്‍ലൈന്‍ സ്ത്രീ സമരം-ഒരു വിയോജന കുറിപ്പ്

ഓണ്‍ലൈന്‍ ലോകത്ത് ഇന്ന് സ്ത്രീകൾ നടത്തുന്ന രാത്രി സമരത്തിൽ പങ്കെടുക്കാൻ താല്പര്യം ഇല്ല .ഒരു സമരത്തിൽ പങ്കെടുക്കുനതിനു തക്കതായ കാരണം വേണം .ഞാൻ മിക്കവാറും പാതിരാത്രിയിലും കൊച്ചു വെളുപ്പാൻ കാലത്തും ഒക്കെ പച്ച ലൈറ്റ് കത്തിച്ചു കൊണ്ട് സൈബർ ലോകത്ത്ചുറ്റി നടക്കാറുണ്ട് .ഒറ്റപെട്ട സംഭവങ്ങൾ ഒഴിച്ച് ദുരനുഭവങ്ങൾ ഉണ്ടായിട്ടില്ല .ഇതു ഒരർത്ഥത്തിൽ പുരുഷന്മാർക്ക് എതിരായോ ഒരു സമരം മുറ കൂടി ആണ് ."രാത്രി കാലങ്ങളിൽ സ്ത്രീകളോട് മോശമായി പ്രതികരിക്കുന്ന ആളുകൾ" എന്ന് പറയുമ്പോൾ അത് പുരുഷന്മാരെ മാത്രം എതിർ പക്ഷത്ത് നിർത്തുന്നു,അത് കൊണ്ട് തന്നെ ഞാൻ ഈ സമരത്തോട് വിയോജിക്കുന്നു .സ്ത്രീകളുടെ രാത്രി സ്വാതന്ത്യ്രത്തിനും തുല്യതയ്ക്കും വേണ്ടി സമരം നടക്കുമ്പോൾ അത് സ്ത്രീകളിൽ മാത്രമായി ഒതുങ്ങരുത് .

എന്റെ സ്വന്തം ജീവിതത്തിൽ ഇത്തരം വിഷയങ്ങളിൽ ശക്തമായ സ്റ്റാന്റ് മുൻപും എടുത്തിട്ടുണ്ട് .പണ്ട് പോലീസ് അക്രമം ഉണ്ടാകും എന്ന് ഉറപുള്ള ചില എസ.എഫ്.ഐ സമരങ്ങളിൽ നിന്നും പെണ്‍കുട്ടികളെ മാറ്റി നിർത്തുന്ന രീതി ഉണ്ടായിരുന്നു .ഇപ്പോൾ ഓർമയിൽ തെളിയുന്നത് കൊല്ലം എസ്.എൻ കോളേജ് സമരം നടക്കുന്ന കാലമാണ് .അന്നത്തെ സംസ്ഥാന സെക്രട്ടറി ആയിരുന്ന എം ബി രാജേഷ്‌ എം .പി ദിവസങ്ങളോളം നിരാഹാരം കിടന്നു അവശനായ സമയം ,തിരുവനതപുരത്ത് നിന്ന് ഒരു ബസ്‌ ആളുകൾ സമരത്തിന്‌ പോകാൻ തീരുമാനിച്ചു .രാത്രി ഏതാണ്ട് എട്ടു മണി ആയി കാണും അന്ന് സമരത്തിന്‌ പോകാൻ യൂണിവെസിറ്റി കോളെജിനു മുന്നിൽ എത്തിയത് ഞങ്ങൾ മൂന്ന് പെണ്‍കുട്ടികൾ -ഓ.എസ് നിഷ ,താര ഞാൻ.കൊല്ലത്ത്പോ ലീസ് എന്തിനും തയ്യാർ ആയി നിൽക്കുകയാണെന്നും നിങ്ങൾ വരണ്ട എന്നും ബഹുഭൂരിപക്ഷം പേരും അഭിപ്രായപെട്ടു .ആണ്‍കുട്ടികളെ പോലീസ് തല്ലുകയാണെങ്കിൽ ഞങ്ങളും തല്ലു കൊള്ളാൻ തയ്യാർ ആണ് എന്നും സമരത്തിൽ നിന്നും പിന്മാറില്ല എന്നും വാശി പിടിച്ച ഞങ്ങളെ അനുകൂലിച്ചത് അന്ന് തലസ്ഥാനത് എസ് എഫ് ഐ നേതാക്കളായിരുന്ന എസ് പി സന്തോഷും (അമ്പിളി )ബിനീഷ് കോടിയേരിയും ആണ് .അങ്ങനെ ഇതേ പോലെ ഒരു രാത്രി ഞങ്ങൾ കൊല്ലത്ത് എത്തി.ആ രാത്രി സമരം ഒത്തുതീർന്നു,സ്ത്രീ സമത്വത്തിനു വേണ്ടി അങ്ങനെ ഉള്ള കൊച്ചു കൊച്ചു സമരങ്ങൾ സംഘടനക്ക് അകത്ത് തന്നെ നടത്തേണ്ടി വന്നിട്ടുണ്ട് .അതെല്ലാം പെണ്‍കുട്ടിക്കൾക്കും- ആണ്‍കുട്ടികൾക്കും സമരങ്ങളിലും സംഘടന രംഗത്തും തുല്യത വേണം എന്ന നിലപാട് ഉയർത്തി പിടിച്ചു കൊണ്ട് ഉള്ളയതായിരുന്നു .

ഇത്രയും പറഞ്ഞത് സമരത്തെ "Gender" വൽകരിച്ചു എന്ന തോന്നൽ ഉണ്ടായതു കൊണ്ടാണ് .സൈബർ ലോകത്ത് തീര്ച്ചയായും ഒരു പാട് സമരങ്ങൾ ഉയർന്നു വരണം അത് ലിംഗ- വ്യെത്യാസം ഇല്ലാത്തത് ആവണം എന്നാണ് എന്റെ പക്ഷം .ഓണ്‍ലൈനിൽ സ്ത്രീകൾ മാത്രം അല്ല പുരുഷന്മാരും "Harass" ചെയ്യപെടുന്നുണ്ട് .അത് കൊണ്ട് തന്നെ സ്ത്രീ-പുരുഷൻ എന്നൊക്കെ പറഞ്ഞ് തരം തിരിച്ചു സമരം നടത്തുന്നതിൽ ഞാൻ ശക്തമായി പ്രതിഷേധിക്കുന്നു

നിങ്ങളുടെ 

സ്വന്തം 
എസ്.ജെ